തിരുവനന്തപുരം: ഇടത്തരം വരുമാനമുള്ളവര്‍ക്ക് സഹകരണ ഭവനപദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഈ പദ്ധതി പ്രകാരം നഗരങ്ങളില്‍ ഒരു ലക്ഷം വീടുകളാണ് സജ്ജമാക്കുമെന്നാണ് ധനമന്ത്രി വ്യക്തമാക്കുന്നത്. പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് തദ്ദേശവകുപ്പും ഹൗസിംഗ് ബോര്‍ഡും ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കുന്നത്.

മുതിര്‍ന്ന പൌരന്‍മാര്‍ക്ക് ഓപ്പണ്‍ എയര്‍ വ്യായാമ കേന്ദ്രങ്ങള്‍ തയ്യാറാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. അതുപോലെ തന്നെ മുതിര്‍ന്ന പൌരന്‍മാര്‍ക്കായി ന്യൂ ഇന്നിംഗ്‌സ് എന്ന പേരില്‍ ബിസിനസ് പ്ലാനും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസവാര്‍ത്തയുമായി സംസ്ഥാന ബഡ്ജറ്റ്. ശമ്പള പരിഷ്‌കരണത്തിന്റെ രണ്ടുഗഡു ഈ സാമ്പത്തിക വര്‍ഷം നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബഡ്ജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 2025- 2026 സംസ്ഥാന ബജറ്റില്‍ 3061 കോടി വകയിരുത്തിയിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണ വേളയിലാണ് പ്രഖ്യാപനം. ലൈഫ് മിഷന്‍ പദ്ധതിയ്ക്കായി 1160 കോടി കോടി രൂപയാണ് ബജറ്റില്‍ വിലയിരുത്തിയിരിക്കുന്നത്. ഹെല്‍ത്ത് ടൂറിസം പദ്ധതിക്ക് 50 കോടി രൂപ പ്രഖ്യാപിച്ചു. കൊല്ലം നഗരത്തില്‍ ഐടി പാര്‍ക്ക് കൊണ്ടു വരും. നിക്ഷേപകര്‍ക്ക് ഭൂമി ഉറപ്പാക്കും. വിഴിഞ്ഞത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റവതരണമാണ് നടന്നത്.

അതിവേഗ റെയില്‍ പാത കേരളത്തില്‍ കൊണ്ടു വരാനുള്ള ശ്രമം ഇനിയും തുടരുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇത് കൂടാതെ തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാല നിര്‍മിക്കാന്‍ കേന്ദ്ര സഹായം തേടുമെന്നും അറിയിച്ചു. തിരുവനന്തപുരം മെട്രോ റെയില്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വികസനം കൊണ്ടു വരുമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചു എന്ന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും അതിവേഗ വളര്‍ച്ചയുടെ ഘട്ടത്തിലാണ് ഇപ്പോള്‍ കേരളമെന്നും പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. പ്രതിസന്ധിയെ അതിജീവിച്ച് കേരളം ടേക്ക് ഓഫിന് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

രാവിലെ മാധ്യമങ്ങളോട് സംസാരിക്കവെയും സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടെന്ന വിവരം ധനകാര്യ മന്ത്രി വെളിപ്പെടുത്തിയിരുന്നു. മെച്ചപ്പെട്ട ധനസ്ഥിതിയിലേക്ക് സംസ്ഥാനം മുന്നേറും. ധന ഞെരുക്കം സര്‍ക്കാര്‍ ജനങ്ങളോട് തുറന്നുപറഞ്ഞതായി വിവരിച്ച ബജറ്റ് പ്രസംഗം, സംസ്ഥാനത്തിന്റെ വികസനം പരിശോധിക്കുന്ന ആര്‍ക്കും സാമ്പത്തിക മുന്നേറ്റത്തിന് ടേക് ഓഫിന് ഒരുങ്ങി നില്‍ക്കുന്നുവെന്ന് കാണാനാവും ധനമന്ത്രി പറഞ്ഞു. വളര്‍ച്ചാ നിരക്ക് ഇനിയും മെച്ചപ്പെടും.

പശ്ചാത്തല സൗകര്യ വികസനവും വികസന പദ്ധതികളും ഒരു പോലെ കൊണ്ട് പോകുമെന്ന് പറഞ്ഞ കെ.എന്‍ ബാലഗോപാല്‍ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ വിമര്‍ശനവും ബജറ്റ് പ്രസംഗത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഉയര്‍ത്തി. കേന്ദ്രം സംസ്ഥാനത്തിന്റെ നികുതി വിഹിതം വെട്ടികുറച്ചുവെന്നും അദ്ദേഹം ആരോപിച്ചു.