തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളോടെ തിരുവനന്തപുരത്ത് ബിജെപിക്ക് പുതിയ ജില്ലാകമ്മിറ്റി ഓഫീസ്.ആധുനിക കാലഘട്ടത്തിൽ ബിജെപിയുടെ ജില്ലയിലെ പ്രവർത്തനം ശക്തിപ്പെടുത്താൻ ഉതകുന്ന തരത്തിലാണ് ഓഫീസ് മന്ദിരം നിർമ്മിച്ചിരിക്കുന്നത്.

മൂന്നു നിലകളിലായി 11,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഓഫീസ് ഒരുങ്ങിയത്.ഏറ്റവും താഴത്തെ നില തറനിരപ്പിൽ നിന്ന് താഴേക്കാണ്. പ്രൊജക്ടർ സംവിധാനത്തോടെയുള്ള അത്യാധുനിക കോൺഫറൻസ് ഹാൾ,ഐ.ടി സെല്ലിനും മീഡിയസെല്ലിനും പ്രത്യേകം വിഭാഗങ്ങൾ,കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട പദ്ധതികളുമായി ജനങ്ങൾക്ക് ബന്ധപ്പെടുന്നതിന് ഹെൽപ്പ് ഡെസ്‌ക്,വിശാലമായ ലൈബ്രറി,ഗസ്റ്റ് റൂം, ഓൺലൈൻ യോഗങ്ങൾക്കും ചാനൽ ചർച്ചകൾക്കും പ്രത്യേകം പവലിയൻ, കിച്ചൺ എന്നിവ ഉൾപ്പെടുന്നതാണ് ജില്ലാകമ്മിറ്റിയുടെ പുതിയ ഓഫീസ്.

ഭാവിയിൽ 2000 പേർക്ക് ഇരിക്കാവുന്ന ഹാൾ ഉൾപ്പെടെ നിർമ്മിക്കാനുള്ള തരത്തിലാണ് ഓഫീസിന്റെ രൂപകല്പന.കെട്ടിടത്തിൽ വിവിധ മോർച്ചകൾക്കും ജില്ലാനേതാക്കൾക്കും പ്രത്യേകം മുറികളുണ്ട്. ജില്ലാകമ്മിറ്റി ഓഫീസ് 26ന് വൈകിട്ട് 5ന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ ഉദ്ഘാടനം ചെയ്യും.

കേന്ദ്രമന്ത്രി വി.മുരളീധരൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ അടക്കമുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കും. അന്ന് വൈകിട്ട് 3ന് കവടിയാർ ഉദയ് പാലസിൽ ബിജെപി ബൂത്ത് പ്രസിഡന്റുമാരുടെയും ബൂത്ത് ഇൻചാർജുമാരുടെയും യോഗത്തിലും നദ്ദ പങ്കെടുക്കുമെന്ന് ജില്ലാപ്രസിഡന്റ് വി.വി.രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.