ലണ്ടന്‍: വ്യോമയാത്രയുടെ സുവര്‍ണ്ണകാലം തിരിച്ചുകൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് യു കെയില്‍ നിന്നും ഗ്ലോബല്‍ എയര്‍ലൈന്‍സ് പ്രവര്‍ത്തനമാരംഭിക്കുന്നു.. എക്കോണമി ക്ലാസ്സില്‍ പോലും എല്ലാ യാത്രക്കാര്‍ക്കും ഷാംപെയ്ന്‍ നല്‍കുന്ന വിമാനത്തിലെ ആഡംബരങ്ങള്‍ക്കും കുറവില്ല. മാത്രമല്ല, മറ്റ് പല വിമാനക്കമ്പനികളില്‍ നിന്നും വിഭിന്നമായി ടിക്കറ്റ് നിരക്കില്‍ ചെക്ക്ഡ് ബഗേജും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗ്ലോബലിന്റെ ഉദ്ഘാടന പറക്കല്‍ ഗ്ലാസ്‌ഗോയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് മെയ് 15 ന് ആണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. റിക്കറ്റ് വില്പന ആരംഭിച്ചു കഴിഞ്ഞു. പോര്‍ച്ചുഗീസ് ചാര്‍ട്ടര്‍ കാരിയര്‍ ആയ ഹൈ ഫ്‌ലൈയുമായി ചേര്‍ന്നായിരിക്കും ആദ്യമാദ്യം സര്‍വ്വീസുകള്‍ ഒരുക്കുക. ഉദ്ഘാടന യാത്രയ്ക്കായി ഒരു എയര്‍ബസ്സ് 380 ആണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്. മെയ് 15 ന് രാവിലെ 11 മണിക്ക് ഗ്ലാസ്‌ഗോയില്‍ നിന്നും ആരംഭിക്കുന്ന യാത്ര ഏഴുമണിക്കൂറിന് ശേഷം ന്യൂയോര്‍ക്കിലെ ജെ എഫ് കെ വിമാനത്താവളത്തില്‍ അവസാനിക്കും.

രണ്ടാമതൊരു വിമാനം മെയ് 21 ന് മാഞ്ചസ്റ്ററില്‍ നിന്നും യാത്ര ആരംഭിക്കും. ഉദ്ഘാടന യാത്രയ്ക്ക് എക്കോണമി ക്ലാസ്സിന് 778 പൗണ്ടാണ് ഇവര്‍ ചാര്‍ജ്ജ് ചെയ്യുന്നത്. മറ്റ് വിമാനക്കമ്പനികളേക്കാള്‍ കൂടുതലാണ് ഇതെന്നതില്‍ സംശയമില്ല. ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റുകള്‍ക്ക് 7,127 പൗണ്ടും ബിസിനസ്സ് ക്ലാസ്സിന് 3,700 പൗണ്ടുമാണ് ഈടാക്കുന്നത്. എന്നാല്‍, ഈ വില, മുടക്കുന്ന പണത്തിന്റെ മൂല്യം നല്‍കുമെന്ന് ഗ്ലോബല്‍ എയര്‍ലൈന്‍സ് സ്ഥാപകനും സി ഇ ഒ യുമായ ജെയിംസ് ആസ്‌ക്വിത് ഉറപ്പിച്ചു പറയുന്നു.

നിലവിലെ വിമാന സര്‍വ്വീസുകളില്‍ ലഭിക്കുന്ന സേവനത്തില്‍ ഉപഭോക്താക്കള്‍ മനംമടുത്തിരിക്കുകയാണെന്നാണ് ആസ്‌ക്വിത്ത് പി എ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. കൂടുതല്‍ മെച്ചപ്പെട്ട സേവനം ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും മെച്ചപ്പെട്ട ഭക്ഷണ പാനീയങ്ങളായിരിക്കും ഗ്ലോബല്‍ എയര്‍ലൈന്‍സിന്റെ വിമാനങ്ങളില്‍ വിളമ്പുക എന്നും അദ്ദേഹം അറിയിച്ചു. ഗാറ്റ്വിക് ആസ്ഥാനമായായിരിക്കും വിമനക്കമ്പനി പ്രവര്‍ത്തിക്കുക.

എക്കോണമി ക്ലാസില്‍ പോലും ലോറന്റ് - പെറിയര്‍ ഷാംപെയ്ന്‍ വിളമ്പുമ്പോള്‍ ഫസ്റ്റ്ക്ലാസ് യാത്രക്കാരെ വിമാനത്താവളത്തിലേക്ക് കാറില്‍ കൊണ്ടുവരും. ഉപയോഗത്തിലുള്ള എയര്‍ബസ് എ 380 വിമാനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങുന്നതിനാല്‍ ലീസ് എഗ്രിമെന്റിന്റെയോ ബോണ്ടുകളുടെയോ ബാദ്ധ്യത കമ്പനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത രണ്ട് വര്‍ഷക്കാലത്തിനുള്ളില്‍ 15 മുതല്‍ 20 വിമാനങ്ങള്‍ വരെ സ്വന്തമാക്കാനാണ് ഗ്ലോബല്‍ എയര്‍ലൈന്‍സ് ഉദ്ദേശിക്കുന്നത്. അതിനുശേഷം അതിവേഗം കമ്പനി വിപുലീകരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.