- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.ടി.യു വി സി ഡോ.എം.എസ്. രാജശ്രീക്ക് പകരം ചുമതലക്കാരിയെ നിയമിച്ച് ഗവർണർ; സർക്കാർ ശുപാർശ തള്ളി ഡോ. സിസ തോമസിന് ചുമതല നൽകി; സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ സീനിയർ ജോയന്റ് ഡയറക്ടറായ സിസക്ക് ചുമതല നൽകിയത് 2018ലെ യുജിസി റെഗുലേഷൻ 7.3 വ്യവസ്ഥ പ്രകാരം; ഗവർണർക്ക് മറുപടി നൽകി മൂന്ന് വിസിമാരും
തിരുവനന്തപുരം: സർക്കാറുമായി ഇടഞ്ഞു നിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്റെ പരിഷ്‌ക്കാരങ്ങളുമായി മുന്നോട്ട്. സുപ്രീംകോടതി വിധിയിലൂടെ വി സി നിയമനം റദ്ദായ എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ സർക്കാർ ശിപാർശ തള്ളി ഡോ. സിസ തോമസിന് വി സിയുടെ ചുമതല നൽകി ചാൻസലറായ ഗവർണറുടെ ഉത്തരവ്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ സീനിയർ ജോയന്റ് ഡയറക്ടറാണ് സിസ തോമസ്. സർക്കാറിൻ ഭാഗങ്ങൾ തള്ളിക്കൊണ്ടാണ് തീരുമാനം.
വി സിയായിരുന്ന ഡോ.എം.എസ്. രാജശ്രീയുടെ നിയമനം യുജിസി വ്യവസ്ഥകൾ പാലിച്ചല്ലെന്ന് കണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പകരം ചുമതല ഡിജിറ്റൽ സർവകലാശാല വി സി ഡോ. സജി ഗോപിനാഥിന് നൽകാൻ സർക്കാർ ഗവർണർക്ക് ശിപാർശ നൽകിയിരുന്നു. എന്നാൽ, ഡിജിറ്റൽ സർവകലാശാല വി സിക്ക് കൂടി ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകുകയും സർക്കാർ ശിപാർശ തള്ളുകയും ചെയ്തിരുന്നു.
തുടർന്ന് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിക്ക് വി സിയുടെ ചുമതല നൽകാൻ കഴിഞ്ഞ ശനിയാഴ്ച സർക്കാർ ശിപാർശ സമർപ്പിച്ചു. ഇതിനിടെ സർക്കാർ എൻജിനീയറിങ് കോളജുകളിലെ സീനിയർ പ്രഫസർമാരുടെ പട്ടിക രാജ്ഭവൻ ശേഖരിച്ചു. സർക്കാർ ശിപാർശ തള്ളിയ ഗവർണർ സീനിയർ പ്രഫസർമാരുടെ പട്ടികയിൽ ഉൾപ്പെട്ട സിസ തോമസിന് വി സിയുടെ താൽക്കാലിക ചുമതല നൽകുകയായിരുന്നു. സീനിയർ ജോയന്റ് ഡയറക്ടറുടെ ചുമതലക്ക് പുറമെയാണ് വി സിയുടെ ചുമതല. 2018ലെ യുജിസി റെഗുലേഷൻ 7.3 വ്യവസ്ഥ പ്രകാരമാണ് വി സിയുടെ ചുമതല നൽകി ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, വി സിയുടെ ചുമതല നൽകിയ ഗവർണറുടെ നടപടി കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്.
അതേമയം ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാനുള്ള സമയം തിങ്കളാഴ്ചവരെ ഹൈക്കോടതി നീട്ടിയെങ്കിലും വ്യാഴാഴ്ച വൈകുന്നേരംവരെ മൂന്ന് വി സിമാരുടെ മറുപടി രാജ്ഭവനിലെത്തി. കാലാവധി പൂർത്തിയാക്കിയ കേരള വി സി ഡോ. വി.പി. മഹാദേവൻപിള്ളക്ക് പുറമെ എം.ജി സർവകലാശാല വി സി ഡോ. സാബു തോമസ്, ഫിഷറീസ് സർവകലാശാല വി സി ഡോ. കെ. റിജി ജോൺ എന്നിവരാണ് മറുപടി നൽകിയത്. ഇതിൽ സാബു തോമസ്, തന്നെ ചാൻസലർ നേരിട്ട് കേൾക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
വി സിയാകാനുള്ള യോഗ്യത മൂവരും മറുപടിയിലും ആവർത്തിച്ചു. നേരത്തേ എട്ട് വി സിമാർക്ക് കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാനുള്ള സമയം വ്യാഴാഴ്ചയും ഡിജിറ്റൽ, ഓപൺ സർവകലാശാല വി സിമാർക്ക് വെള്ളിയാഴ്ചയുമായിരുന്നു. വി സിമാർ നൽകിയ ഹരജി പരിഗണിച്ച കോടതി മറുപടി നൽകാനുള്ള സമയം തിങ്കളാഴ്ചവരെ നീട്ടിയിരുന്നു.
ചാൻസലറുടെ നോട്ടീസ് കോടതി സ്‌റ്റേ ചെയ്യാതിരുന്നത് വി സിമാർക്ക് തിരിച്ചടിയായി. കോടതി നിർദേശത്തിലൂടെ ഫലത്തിൽ വി സിമാർ നോട്ടീസിന് മറുപടി നൽകാൻ നിർബന്ധിതരായി. ചാൻസലർക്ക് വി സിമാരെ നീക്കാൻ അധികാരമില്ലെന്നാണ് സർക്കാർ നിലപാട്. വി സിമാരെ പദവിയിൽനിന്ന് നീക്കം ചെയ്യുന്നത് സംബന്ധിച്ച് വ്യവസ്ഥയുള്ളത് സർവകലാശാല നിയമങ്ങളിലാണ്.
വി സിമാർ അധികാര ദുർവിനിയോഗം നടത്തുകയോ സാമ്പത്തിക ക്രമക്കേട് നടത്തുകയോ ചെയ്യുമ്പോഴാണ് നിയമപ്രകാരം വി സിമാരെ നീക്കാൻ വ്യവസ്ഥയുള്ളത്. നടപടിയെടുക്കും മുമ്പ് സുപ്രീംകോടതി/ ഹൈക്കോടതി ജഡ്ജിയെയോ അന്വേഷണത്തിനായി ചാൻസലർ നിയമിക്കണം. ഇത്തരമൊരു സാഹചര്യം കേരളത്തിൽ ഇല്ലെന്നാണ് സർക്കാർ വാദം. എന്നാൽ, യുജിസി റെഗുലേഷൻ പാലിക്കാതെ നടത്തിയ സാങ്കേതിക സർവകലാശാല വി സി നിയമനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിൽ കോടതി വിധി സമാന രീതിയിൽ നടത്തിയ വി സി നിയമനങ്ങൾക്കെല്ലാം ബാധകമാണെന്ന നിലപാടിൽ ഉറച്ചാണ് 11 വി സിമാർക്ക് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ