- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളത്തിന് ആവശ്യത്തിനു ശക്തിയില്ലെന്നൊരു തോന്നൽ, എന്നാൽ പിന്നെ ഇരിക്കട്ടെ 5.92 ലക്ഷത്തിന്റെ വാട്ടർ ടാങ്കെന്ന് ഉദ്യോഗസ്ഥർ! ക്ലിഫ് ഹൗസിൽ 42 ലക്ഷത്തിന്റെ കാലിത്തൊഴുത്ത് നിർമ്മാണത്തിന് പിന്നാലെ വീണ്ടും അറ്റകുറ്റപണി; പുതിയ വാട്ടർടാങ്കിന് ടെണ്ടർ ക്ഷണിച്ചു; ക്ലിഫ്ഹൗസിൽ വിവിധ പണികൾക്കായി ചെലവിട്ടത് കോടികൾ
തിരുവനന്തപുരം: കഴിഞ്ഞ ഏഴര കൊല്ലമായി മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ്ഹൗസിൽ താമസിച്ചു വരികാണ്. ഏതെങ്കിലുമൊരു മുഖ്യമന്ത്രി ഇതിന് മുമ്പ് ഇത്രയും കാലം ക്ലിഫ്ഹൗസിൽ താമസിച്ചിട്ടില്ല. ഈ കാലയളവിനിടെ ക്ലിഫ്ഹൗസിന്റെ അറ്റകുറ്റപ്പണികൾക്കായി ചെലവിട്ടത് കോടികളാണ്. ചുറ്റുമതിൽ നിർമ്മാണവും തൊഴുത്തുപണിയും അടക്കം ഇതിൽ ഉൾപ്പെടും.
നേരത്തെ മുഖ്യമന്ത്രിയുടെ വസതിയിലെ തൊഴുത്തു നിർമ്മാണം അടക്കം ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനിടെ വീണ്ടും ക്ലിഫ്ഹൗസിൽ അറ്റകുറ്റപ്പണി നടക്കുകയാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ 5.92 ലക്ഷം രൂപ മുടക്കി പുതിയ വാട്ടർ ടാങ്ക് നിർമ്മിക്കാനാണ് ശ്രമം. ഇതിനായി സർക്കാർ ടെൻഡർ ക്ഷണിച്ചു കഴിഞ്ഞു.
പരിശോധനക്കിടെ വെള്ളത്തിന് ആവശ്യത്തിനു ശക്തിയില്ലെന്നു പൊതുമരാമത്ത് ഉദ്യോഗസ്ഥർ വിലയിരുത്തിയതിനെത്തുടർന്ന് പ്രതിവിധിയായി പുതിയ ടാങ്ക് സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിയും സമ്മതം മൂളിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും വീണ്ടും ക്ലിഫ്ഹൗസിൽ അറ്റകുറ്റപ്പണിക്ക് തീരുമാനമായി.
മന്ത്രിമന്ദിരങ്ങളിൽ ഏറ്റവും കൂടുതൽ അറ്റകുറ്റപ്പണി ഇപ്പോൾ ക്ലിഫ് ഹൗസിലാണ്. കോടികളുടെ നിർമ്മാണ പ്രവർത്തനമാണ് ഇവിടെ നടക്കുന്നത്. അടുത്തകാലത്തായി ക്ലിഫ്ഹൗസിൽ നടത്ത അറ്റകുറ്റപണികളും അതിന്റെ തുകയും ഇങ്ങനെയാണ്: ലിഫ്റ്റിന് 25 ലക്ഷം, കാലിത്തൊഴുത്തിന് 42.50 ലക്ഷം, ചാണകക്കുഴിക്ക് 3.72 ലക്ഷം, ടോയ്ലെറ്റിന് 3.79 ലക്ഷം, സുരക്ഷ കൂട്ടാൻ 39.54 ലക്ഷം, ടാറിങ്ങിന് 1.55 ലക്ഷം, സിസിടിവിക്ക് 15.89 ലക്ഷം, മഴക്കാല വൃത്തിയാക്കലിന് 1.69 ലക്ഷം, ജനറേറ്ററിന് 6 ലക്ഷം, ബാരക്കിന്റെ പണിക്ക് 72.46 ലക്ഷം, മരച്ചില്ല മുറിച്ചതിന് 1.77 ലക്ഷം, ഗാർഡുമാരുടെ അലമാരയ്ക്ക് 1.39 ലക്ഷം, ഇന്റീരിയർ വർക്കിന് 3.50 ലക്ഷം, നടപ്പാതയ്ക്ക് 13.62 ലക്ഷം, കർട്ടന് 7 ലക്ഷം, പെയിന്റിങ്ങിന് 10.70 ലക്ഷം.
അതേസമയം കാലപ്പഴക്കം ചെന്ന കെട്ടിടമായതു കൊണ്ടാണ് അറ്റകുറ്റപ്പണികൾ വേണ്ടി വരുന്നതെന്നാണ് വിമർശനങ്ങൾ ഉയരുമ്പേഴുള്ള മറുവാദം. ക്ലിഫ് ഹൗസിലെ താമസം സുരക്ഷിതമാണോ എന്ന ചോദ്യവും അടുത്തിടെ ഉയർന്നിരുന്നു. എന്ത് രാജകീയ പ്രൗഢിയുണ്ടെങ്കിലും 81 വർഷം പഴക്കമുള്ള കെട്ടിടത്തിൽ മുഖ്യമന്ത്രി താമസിക്കുന്നത് സുരക്ഷിതമല്ലെന്ന് വിവിധ സർക്കാർ വകുപ്പുകൾ അടുത്തിടെ വിധിച്ചു കഴിഞ്ഞിരുന്നു. പക്ഷേ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ അവലോകന യോഗത്തിന് പോലും ക്ലിഫ് ഹൗസിന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കാൻ കഴിഞ്ഞിട്ടില്ല.
തീർത്തും ദുർബലമായ അവസ്ഥയിലാണ് തിരുവനന്തപുരത്ത് നന്തൻകോട്ട് ക്ലിഫ് ഹൗസ് എന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ട്. വൈദ്യുതിക്കും വെള്ളത്തിനുമുള്ള കണക്ഷനുകൾ മാത്രമല്ല കെട്ടിടം ആകെയും പഴക്കം ബാധിച്ച അവസ്ഥയിലാണെന്നാണ് സൂചന. തടി കൊണ്ട് പണിതിട്ടുള്ള തറയും തട്ടുമെല്ലാം പലയിടത്തും പൊളിഞ്ഞിളകി. ഇതുകൊണ്ടുള്ള അപകടസാധ്യത കൂട്ടുന്നത് വൈദ്യുതി കണക്ഷനുകളാണ്. സുരക്ഷക്ക് ഏറ്റവും പ്രാഥമികമായി വേണ്ട ഇഎൽസിബി സംവിധാനം ക്ലിഫ് ഹൗസിൽ ഇല്ല. അതുകൊണ്ട് തന്നെ ഷോർട് സർക്യൂട്ട് ഉണ്ടായാൽ വൈദ്യുതി സ്വയം ഓഫാകില്ലത്രേ. അതുകൊണ്ട് തന്നെ ഈ വീട് മുഖ്യമന്ത്രിക്ക് സുരക്ഷിതമല്ലെന്നാണ് വിലയിരുത്തൽ.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തുതന്നെ ക്ലിഫ് ഹൗസ് പൊളിച്ചുപണിയാൻ ശുപാർശ ഉണ്ടായിരുന്നു. രാജകീയ പ്രൗഢിയുണ്ടെങ്കിലും ഇത്ര പഴക്കമുള്ള കെട്ടിടത്തിൽ മുഖ്യമന്ത്രിമാർ താമസിക്കുന്നത് സുരക്ഷിതമല്ല. കൂടുതൽ മോശമായ കെട്ടിടങ്ങളുടെ കാര്യത്തിൽ നടത്താറുള്ള പീരിയോഡിക് ഇൻസ്പെക്ഷനിലാണ് ഇത്തവണ വിശദമായി പരിശോധിച്ച് പൊളിച്ച് പണിയുകയാണ് പോംവഴി എന്ന നിഗമനം ഉറപ്പിച്ചതെന്നാണ് റിപ്പോർട്ട്. സംസ്ഥാന നഗരാസൂത്രണ വകുപ്പിന്റെ വെബ്സൈറ്റിൽ തിരുവനന്തപുരത്തെ പൈതൃക പദവിയുള്ള കെട്ടിടങ്ങളുടെ പട്ടികയിൽ ക്ലിഫ് ഹൗസ് ഉണ്ട്. തിരുവനന്തപുരത്തെ പല കൊട്ടാരങ്ങളടക്കം ഈ പട്ടികയിലുണ്ട്. അതുകൊണ്ട് തന്നെ ഇതൊന്നും പൊളിക്കാനും കഴിയില്ല.
ഇഎംഎസ് നമ്പൂതിരിപ്പാട് ആയിരുന്നു ക്ലിഫ് ഹൗസിലെ ആദ്യ മുഖ്യമന്ത്രി. കെ.കരുണാകരൻ ആണ് ക്ലിഫ് ഹൗസ് വളപ്പിൽ നീന്തൽകുളം നിർമ്മിച്ചത്. മുഖ്യമന്ത്രിയായിരിക്കെ കുറച്ചു കാലം ഉമ്മൻ ചാണ്ടിയും എകെ.ആന്റണിയും സ്വന്തം വീടുകളിൽ താമസിച്ചിരുന്നെങ്കിലും പിന്നീട് ക്ലിഫ് ഹൗസ് തന്നെ ഔദ്യോഗിക വസതിയായി തെരഞ്ഞെടുക്കുകയായിരുന്നു. വി എസ് അച്യുതാനന്ദനും ഇകെ നായനാരും ഇവിടെയാണ് താമസിച്ചത്. ക്ലിഫ് ഹൗസ് വളപ്പിന് 4.2 ഏക്കറാണ് വലിപ്പം. ക്ലിഫ് ഹൗസിനു പുറമേ മറ്റ് 4 മന്ത്രിമന്ദിരങ്ങളും ഈ വളപ്പിലുണ്ട്. ഉഷസ്, അശോക, നെസ്റ്റ്, പൗർണ്ണമി എന്നീ മന്ത്രിമന്ദിരങ്ങളും ക്ലിഫ് ഹൗസും വളപ്പിലുണ്ട്.
രണ്ടു നിലകളുള്ള ക്ലിഫ് ഹൗസ് പരമ്പരാഗത കേരള വാസ്തുശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇംഗ്ലീഷ് വാസ്തുശില്പരീതിയുടെ ചെറിയ സ്വാധീനവും ഈ കെട്ടിടത്തിൽ കാണാം. 15,000 ചതുരശ്രഅടിയാണ് വീടിന്റെ വിസ്തീർണ്ണം. തിരുവിതാംകൂറിന്റെ രാജഭരണകാലത്ത് ദേവസ്വത്തിന്റെ ചുമതലയുള്ള ദിവാൻ പേഷ്‌കാരുടെ (സംസ്ഥാനസെക്രട്ടറി) ഔദ്യോഗികവസതിയായാന് ക്ലിഫ് ഹൗസ് പണിയിക്കപ്പെട്ടത്. തിരുവിതാംകൂർ ദേവസ്വം ഓഫീസ് നന്ദൻകോട് സ്ഥാപിക്കാൻ തീരുമാനമെടുത്തതിനാൽ പേഷ്‌കാരുടെ ഔദ്യോഗിക വസതി അതിനടുത്താകണമെന്ന് തീരുമാനിക്കപ്പെടുകയായിരുന്നു.
സ്വാതന്ത്ര്യത്തിനുശേഷം സംസ്ഥാന പൊതുമരാമത്തുവകുപ്പ് ഈ കെട്ടിടവും വളപ്പും ഏറ്റെടുക്കുകയും ഇത് ഒരു സംസ്ഥാന അതിഥിമന്തിരമായി മാറ്റിയെടുക്കുകയും ചെയ്തു. 1956-ൽ ഇത് മന്ത്രിമന്ദിരമായി. 1957-ൽ കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോൾ, ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസ്. നമ്പൂതിരിപ്പാട് ഈ വീടിന്റെ സ്ഥാനത്തിനുള്ള മെച്ചം ചൂണ്ടിക്കാട്ടി തിരു-കൊച്ചി മുഖ്യമന്ത്രിമാർ ഔദ്യോഗികവസതിയായി ഉപയോഗിച്ചിരുന്ന റോസ് ഹൗസിനുപകരം തന്റെ ഔദ്യോഗികവസതിയായി തിരഞ്ഞെടുക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ