ലോസ് ഏഞ്ചല്‍സ്: ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ലോകത്തെ പല വന്‍ നഗരങ്ങളിലേയും പുതുവല്‍സരാഘോഷങ്ങള്‍ റദ്ദാക്കി. പാരീസ്, സിഡ്നി, ടോക്യോ എന്നിവ അടക്കമുള്ള നഗരങ്ങളിലെ ആഘോഷങ്ങളാണ് റദ്ദാക്കിയത്. അമേരിക്കയിലെ ലോസ് ആഞ്ചലസ് നഗരത്തില്‍ ന്യൂഇയറിന് തലേ ദിവസം ഉഗ്രസ്ഫോടനം നടത്താനായി ഒരുക്കിയ പദ്ധതി തകര്‍ത്ത പശ്ചാത്തലത്തില്‍ കൂടിയാണ് ഈ നീക്കമെന്നാണ് കരുതപ്പെടുന്നത്.

ഈ മാസം ആദ്യം ലോസ് ഏഞ്ചല്‍സിന് കിഴക്കുള്ള മൊജാവേ മരുഭൂമിയില്‍ വെച്ച് ഗൂഢാലോചന റിഹേഴ്‌സല്‍ ചെയ്യുന്നതിനിടെ നാല് പ്രതികളെയും പിടികൂടിയതായി ഫസ്റ്റ് അസിസ്റ്റന്റ് യുഎസ് അറ്റോര്‍ണി ബില്‍ എസ്സേലി

വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. സ്ഫോടക വസ്തുക്കള്‍ എന്ന കരുതപ്പെടുന്ന സാധനങ്ങള്‍ ഇവര്‍ തയ്യാറാക്കുന്നതിന്റെ ആകാശ ദൃശ്യങ്ങള്‍ ലഭിച്ച സാഹചര്യത്തിലാണ് ഇവരെ പിടികൂടാന്‍ കഴിഞ്ഞത്. പിടിയിലായവര്‍ എല്ലാം തന്നെ ലോസ് ആഞ്ചലസ് സ്വദേശികളാണ്.

അതേ സമയം ലോസ് ആഞ്ചലസിലെ പുതുവല്‍സരാഘോഷങ്ങള്‍ ഒന്നും തന്നെ റദ്ദാക്കിയതായി റിപ്പോര്‍ട്ടില്ല. എന്നാല്‍ പാരീസില്‍, പുതുവത്സരാഘോഷത്തില്‍ നടത്താനിരുന്ന സംഗീത പരിപാടി സുരക്ഷാ കാരണങ്ങളാല്‍ റദ്ദാക്കിയതായി പാരീസ് പോലീസിനെ ഉദ്ധരിച്ചു കൊണ്ട് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം പരിപാടികളില്‍ വന്‍ ജനക്കൂട്ടം എത്തുന്ന സാഹചര്യത്തിലാണ് പോലീസ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംഗീത പരിപാടി റദ്ദാക്കണമെന്ന് പോലീസ് അധികൃതര്‍ മേയറോട് ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ ആഘോഷങ്ങളുടെ ഭാഗമായുള്ള വെടിക്കെട്ട് ഇത്തവണയും ഉണ്ടായിരിക്കും. എന്നാല്‍ ഓസ്ട്രേലിയയിലെ സിഡ്നിയില്‍ ഈ മാസം ആദ്യം നടന്ന ബോണ്ടി ബീച്ച് വെടിവയ്പ്പിനെത്തുടര്‍ന്ന് പുതുവത്സരാഘോഷങ്ങള്‍ റദ്ദാക്കി. സാധാരണയായി ആയിരക്കണക്കിന് ആളുകളാണ് ഇവിടെ പുതുവല്‍സരം ആഘോഷിക്കാനായി എത്താറുള്ളത്.

സിഡ്നിയിലെ ജൂത സമൂഹത്തോടുള്ള അനുകമ്പയും കരുതലും പ്രകടിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ തീരുമാനമെന്നാണ് പരിപാടിയുടെ സംഘാടകര്‍ അറിയിച്ചത്. പാരീസിലെ പോലെ ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിലും ന്യൂഇയര്‍ പരിപാടികള്‍ റദ്ദാക്കിയിരിക്കുകയാണ്. വന്‍തോതിലുള്ള ഒത്തുചേരലുകള്‍ ആക്രമണങ്ങള്‍ക്ക് ഇടയാക്കുമെന്നും തിക്കിലും തിരക്കിലും പെട്ട് അപകടങ്ങള്‍ ഉണ്ടാകുമെന്നും ആശങ്ക കാരണമാണ് ഈ തീരുമാനം എടുത്തത്. പൊതു മദ്യപാനത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് പ്രധാന ആഘോഷങ്ങള്‍ നടക്കാനിരുന്ന ഷിബുയയിലെ മേയറും ആശങ്ക പ്രകടിപ്പിച്ചതായി ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.