- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കോടിക്കണക്കിന് രൂപ കണ്ടു വളര്‍ന്നവനാണ് ഞാന്‍; പ്രീഡിഗ്രിക്ക് പഠിക്കുമ്പം എസി കാര്‍ ഓടിച്ചവനാണ്; സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ബെന്‍സ് കാര്‍ ഇല്ലാത്ത സമയത്ത് ബെന്‍സ് കാറില്‍ യാത്ര ചെയ്തിരുന്നയാളാണ്; ഞാന്‍ കൈക്കൂലി വാങ്ങിക്കില്ലെന്ന് എന്റെ മുഖ്യമന്ത്രിക്കും മുന്നണിക്കും പ്രതിപക്ഷ നേതാവിനും അറിയാം; സുകുമാരന്‍ നായര്‍ പിതൃതുല്യനെന്നും മന്ത്രി ഗണേഷ് കുമാര്‍

പത്തനംതിട്ട: 'കോടിക്കണക്കിന് രൂപ കണ്ടു വളര്‍ന്നവനാണ് ഞാന്‍. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ എസി കാര്‍ ഓടിച്ചവനാണ്. സിനിമാ നടനായിരുന്ന കാലത്ത് ഇവിടത്തെ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ബെന്‍സ് കാര്‍ ഇല്ലാത്ത സമയത്ത് ബെന്‍സ് കാറില്‍ യാത്ര ചെയ്തിരുന്നയാളാണ് ഞാന്‍. ഞാന്‍ കൈക്കൂലി വാങ്ങിക്കില്ലെന്ന് എന്റെ മുഖ്യമന്ത്രിക്കും മുന്നണിക്കും പ്രതിപക്ഷ നേതാവിനും അറിയാം,' പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ട നടപടിയോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു.
താന്‍ ഓടിളക്കി വന്നവനല്ലെന്നും ജനാധിപത്യപരമായ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടയാളാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജിക്കത്ത് നല്‍കിയിട്ടും തന്നെ പുറത്താക്കിയത് എന്തിനാണെന്ന് അറിയില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ തനിക്ക് ഇന്നും പിതൃതുല്യനാണെന്നും മന്ത്രി പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പിതാവ് ആര്‍. ബാലകൃഷ്ണപിള്ള 64 വര്‍ഷം കൊണ്ട് കെട്ടിപ്പടുത്തതാണ് പത്തനാപുരം താലൂക്ക് യൂണിയന്‍ എന്നും ഇന്ന് അതിനുള്ള 300 കോടിയുടെ ആസ്തി കൈക്കലാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ പുറത്താക്കലെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു.
സുകുമാരന്‍ നായര്‍ ജീവിച്ചിരിക്കുന്ന കാലത്തോളം അദ്ദേഹത്തെ എതിര്‍ക്കില്ലെന്ന് പിതാവ് മരിക്കുന്നതിന് മുന്‍പ് നല്‍കിയ ഉപദേശം മരണം വരെ പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 'സാറേ എന്ന് വിളിച്ചയാളെ അമ്മാവാ എന്ന് വിളിക്കില്ല. സുകുമാരന്‍ നായരുടെ ആളായതുകൊണ്ടാണ് വെള്ളാപ്പള്ളി നടേശന്‍ പോലും എന്നെ വിമര്‍ശിക്കുന്നത്,' ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. പുനലൂരിലെ യൂണിയന്‍ ആസ്ഥാനത്തെ 'പത്മാ കഫെ' നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെ മന്ത്രി പാടെ തള്ളി. 'പത്മാ കഫെയില്‍ ഒരു അഴിമതിയുമില്ല.
കെഎസ്ആര്‍ടിസി, വനംവകുപ്പ് തുടങ്ങിയ വകുപ്പുകളില്‍ കോടിക്കണക്കിന് രൂപ കൈകാര്യം ചെയ്യുന്ന ഞാന്‍ പണം എടുത്തു എന്ന് പറയുന്നവന് തലയ്ക്ക് അസുഖമാണ്. നക്കാപ്പിച്ച വാങ്ങിച്ച് ജീവിക്കേണ്ട ഗതി വന്നാല്‍ അന്ന് രാഷ്ട്രീയം മതിയാക്കും,' അദ്ദേഹം പറഞ്ഞു. ഭരണസമിതി അംഗങ്ങളുടെ രാജിയെത്തുടര്‍ന്ന് ഭൂരിപക്ഷം നഷ്ടപ്പെട്ട പശ്ചാത്തലത്തിലാണ് രജിസ്ട്രാര്‍ കഴിഞ്ഞ ദിവസം സമിതി പിരിച്ചുവിട്ടത്. ഏകാധിപത്യ പ്രവണതകളാണ് യൂണിയന്‍ പ്രസിഡന്റിന്റേതെന്ന് ആരോപിച്ചായിരുന്നു പത്തനാപുരത്തെ ഭിന്നത.


