മണ്ണില്‍ പുതഞ്ഞുപോയവര്‍ ഒരുമിച്ച് മണ്ണിലേക്ക്; സര്‍വ്വമത പ്രാര്‍ത്ഥനയ്ക്ക് ശേഷം എട്ട് പേര്‍ക്ക് ജന്മനാടിന്റെ യാത്രാമൊഴി; കണ്ണീരണിഞ്ഞ് പുത്തുമല
- Share
- Tweet
- Telegram
- LinkedIniiiii
മേപ്പാടി: മണ്ണില്‍ പുതഞ്ഞുപോയ നാട്ടില്‍, ജാതിമത ഭേദമില്ലാതെ വേദനയോടെ അവരില്‍ എട്ട് പേര്‍ക്ക് ജന്മനാടിന്റെ യാത്രമൊഴി. ഒരേ നാട്ടില്‍ ജീവിച്ച്, ഒരുമിച്ച് ദുരന്തം കവര്‍ന്നെടുത്തവരില്‍ 8 പേര്‍ക്ക് ഇനി ഒന്നിച്ച് അന്ത്യവിശ്രമം. മുണ്ടക്കൈല്‍ ഉരുള്‍പ്പൊട്ടല്‍ ജീവനെടുത്തവരില്‍ തിരിച്ചറിയാത്ത 8 പേരുടെ മൃതദേഹങ്ങളാണ് ഒരുമിച്ച് പുത്തുമലയിലെ ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിയില്‍ സംസ്കരിച്ചത്. ഇനിയും ഉള്‍ക്കൊളളാന്‍ കഴിയാത്ത ദുരന്തം കവര്‍ന്നവരെ കണ്ണീരോടെ നാട് യാത്രയാക്കി.
മേപ്പാടിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന കമ്യൂണിറ്റി ഹാളുകളില്‍ നിന്നും പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ആംബുലന്‍സില്‍ മൃതദേഹങ്ങള്‍ പുത്തുമലയിലേക്ക് എത്തിച്ചത്. നൂറ് കണക്കിന് ആളുകളാണ് പുത്തുമലയില്‍ ഇവരെ കാത്തിരുന്നത്. സര്‍വ്വമത പ്രാര്‍ത്ഥനയ്ക്ക് ശേഷം എട്ട് പേര്‍ക്കും ആദരവോടെ അന്ത്യാഞ്ജലിയേകി.
വിവിധ മതങ്ങളുടെ പ്രാര്‍ഥനകള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു. മന്ത്രിമാരും ജനപ്രതിനിധികളും സംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. ദുരന്തനിവാരണ നിയമമനുസരിച്ച് ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ കണ്ടെത്തിയ 64 സെന്റ് സ്ഥലത്തായിരുന്നു സംസ്കാരം.
ചൂരല്‍മല സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് വികാരി ഫാ. ജിബിന്‍ വട്ടക്കളത്തില്‍, മേപ്പാടി മാരിയമ്മന്‍ കോവില്‍ കര്‍മി കുട്ടന്, മേപ്പാടി ജുമാമസ്ജിദ് ഖതീബ് മുസ്തഫല്‍ ഫൈസി തുടങ്ങിയവര്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്കി. മന്ത്രിമാരായ ഒ.ആര്.കേളു, കെ.രാജന്, എ.കെ.ശശീന്ദ്രന്, എം.ബി.രാജേഷ്, ടി.സിദ്ധിഖ് എംഎല്‍എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കലക്ടര്‍ ഡി.ആര്.മേഘശ്രീ, സ്പെഷല്‍ ഓഫിസര്‍ സാംബശിവ റാവു, ജില്ലാ പൊലീസ് മേധാവി ടി.നാരായണന്, സബ് കലക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, മതനേതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് മുന്‍പായി ഇന്‍ക്വസ്റ്റ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്കി. മൃതദേഹത്തിന്റെയും ശരീരത്തിലെ ആഭരണമുള്‍പ്പെടെയുള്ള വസ്തുക്കളുടെയും ഫോട്ടോ എടുത്ത് സൂക്ഷിച്ചു. ഡിഎന്‍എ സാംപിള്‍, പല്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയും എടുത്തു. പൊലീസ് ഇത്തരം മൃതദേഹങ്ങള്‍ സംബന്ധിച്ച് മേപ്പാടി പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കും. അടക്കം ചെയ്യുന്ന രീതിയില്‍ മാത്രമേ മൃതദേഹങ്ങള്‍ സംസ്കരിക്കൂ. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ 72 മണിക്കൂറിനകം സംസ്കരിക്കും.
തിരിച്ചറിഞ്ഞ അവകാശികളില്ലാത്ത മൃതദേഹങ്ങള്‍, അവകാശത്തര്‍ക്കങ്ങളുള്ള മൃതദേഹങ്ങള്‍, ശരീരഭാഗങ്ങള്‍ എന്നിവ സംസ്കരിക്കുന്നതിനും ഈ നിര്‍ദേശങ്ങള്‍ ബാധകമാണ്. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലെ പൊതുശ്മശാനങ്ങളിലും സംസ്കാരത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച വൈകിട്ടു വരെ നടത്തിയ തിരച്ചിലില്‍ പരപ്പന്‍പാറയില്‍നിന്നും നിലമ്പൂരില്‍നിന്നുമായി രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തു. നിലമ്പൂരില്‍നിന്ന് ഏഴും സൂചിപ്പാറ ഭാഗത്തുനിന്ന് ഒന്നും ശരീരഭാഗം ലഭിച്ചു. ഇതുവരെ 369 പേര് മരിച്ചെന്നാണു കണക്ക്. ജില്ലയില്‍ 77 ദുരിതാശ്വാസ ക്യാംപുകളിലായി 8246 പേരുണ്ട്.
മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ടവരില്‍ 67 മൃതദേഹങ്ങളാണ് ഇനിയും തിരിച്ചറിയപ്പെടാത്തത്. അവരില്‍ എട്ട് പേരെയാണ് ഒരേ മണ്ണില്‍ അടക്കം ചെയ്തത്. ഇന്നല്ലെങ്കില്‍ നാളെ ആരെങ്കിലും അത് ഞങ്ങളുടെ പ്രിയപ്പെട്ടയാളാണെന്ന് തിരിച്ചറിയുമെന്ന പ്രതീക്ഷയില്‍ കൃത്യമായ നമ്പറുകള്‍ രേഖപ്പെടുത്തിയാണ് ഓരോ മൃതദേഹവും സംസ്കരിച്ചത്.
തിരിച്ചറിഞ്ഞില്ലെങ്കിലും എട്ട് പേരും അവനവന്റെ പ്രിയപ്പെട്ടവരാണോ എന്ന ആധിയിലാണ് ഓരോരുത്തതും തോരാ കണ്ണീരോടെ സംസ്കാരച്ചടങ്ങിലും സര്‍വമതപ്രാര്‍ത്ഥനയിലും പങ്കെടുത്തത്. ക്യാമ്പുകളില്‍ കഴിയുന്നവരും രാത്രി വൈകി നടന്ന സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയിരുന്നു. മന്ത്രി എ.കെ ശശീന്ദ്രന്, കെ രാജന്, എംബി രാജേഷ് അടക്കം മന്ത്രിമാരും സ്ഥലത്ത് സന്നിഹിതരായി.
ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാനാകാത്ത 67 മൃതദേഹങ്ങളാണ് ലഭിച്ചത്. നേരത്തെ 67 മൃതദേഹങ്ങളും ഒരുമിച്ച് സംസ്കരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റി. അഴുകിത്തുടങ്ങിയ 8 മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ ഒടുവില്‍ തീരുമാനമായി. പുത്തുമലയില്‍ കഴിഞ്ഞ തവണ ഉരുള്‍പൊട്ടല്‍ ഉണ്ടായ ജനവാസമില്ലാത്ത മേഖലയിലാണ് മൃതദേഹങ്ങള്‍ സംസ്കരിച്ചത്. 64 സെന്റ് സ്ഥലമാണ് ഇതിനായി ഏറ്റെടുത്തത്.