- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓര്ക്കിനി കടല്‍ തീരത്ത് അടിഞ്ഞത് 77 ഓളം തിമിംഗലങ്ങളുടെ ശവശരീരങ്ങള്‍;പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇത്രയധികം തിമിംഗലങ്ങള്‍ ചത്തടിയുന്നത് ഇതാദ്യമായി
ലണ്ടന്‍: പൈലറ്റ് വെയ്ല് ഇനത്തില്‍ പെട്ട 77 തിമിംഗലങ്ങള്‍ ഓര്‍ക്കിനിയിലെ ബീച്ചില്‍ ചത്തടിഞ്ഞത് തികച്ചും അദ്ഭുതകരമായ ഒന്നായി. കഴിഞ്ഞ നിരവധി പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇതാദ്യമായാണ് ഇത്രയും തിമിംഗലങ്ങള്‍ കൂട്ടത്തോടെ ചത്തടിയുന്നത്. അതേസമയം സാന്‍ഡേ ദ്വീപിലെ ട്രെസെന്സ് ബീച്ചില്‍ അടിഞ്ഞ 12 തിമിംഗലങ്ങള്‍ക്ക് കരയ്ക്കടിയുമ്പോള്‍ ജീവനുണ്ടായിരുന്നതായി ബ്രിട്ടീഷ് ഡൈവേഴ്സ് മറൈന്‍ ലൈഫ് റെസ്ക്യൂ (ബി ഡി എം എല്‍ ആര്) അറിയിച്ചു. ഇവയെ തിരികെ സമുദ്രത്തിലേക്ക് വിടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ ദയാവധം ചെയ്യുകയായിരുന്നു.
ഏഴ് മീറ്റര്‍ (22 അടി) വരെ നീളമുള്ള ആണ് തിമിംഗലങ്ങളും, പെണ് തിമിംഗലങ്ങളും, തിമിംഗല കുഞ്ഞുങ്ങളും ചത്ത് തീരമടിഞ്ഞ കൂട്ടത്തിലുണ്ട്. ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടാകാന്‍ ഉള്ള കാരണമെന്തെന്ന് അറിയുവാന്‍ ഇനിയും പഠനങ്ങള്‍ നടത്തേണ്ടതുണ്ട് എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. അതേസമയം, കൂട്ടത്തില്‍ ഒരു തിമിംഗലം ഏതെങ്കിലും അപകടത്തില്‍ പെട്ടതാകാനും, അതിനെ രക്ഷിക്കാന്‍ മറ്റ് സംഘാങ്ങള്‍ ശ്രമിക്കുന്നതിനിടയില്‍ കരയ്ക്ക് അണഞ്ഞതാകാനും സാധ്യതയുണ്ട് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
പോസ്റ്റ്മാര്‍ട്ടം പ്രക്രിയകള്‍ പുരോഗമിക്കുന്നതിനാല്‍ പൊതുജനങ്ങളോട് പരിസരത്തു നിന്നും വിട്ടു നില്ക്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. 1995 ല്‍ സ്കോട്ടിഷ് മറൈന്‍ അനിമല്‍ സ്ട്രാന്‍ഡിംഗ് സ്കീം ആരംഭിച്ചതിനു ശേഷം സ്കോട്ടിഷ് തീരത്തുണ്ടായ ഏറ്റവും വലിയ അടിഞ്ഞുകൂടലാണിത്. എന്നാല്‍, ലോകത്തിന്റെ മറ്റു പലഭാഗങ്ങളിലും അടുത്ത കാലത്ത് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം 55 പൈലറ്റ് തിമിംഗലങ്ങള്‍ ലൂയിസില്‍ കരക്കടിഞ്ഞിരുന്നു. അതില്‍ 15 എണ്ണത്തിന് ജീവനുണ്ടായിരുന്നെങ്കിലും ഒന്നിനെ മാത്രമെ സമുദ്രത്തിലേക്ക് തിരികെ വിടാനായുള്ളു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ ബാക്കിയുള്ളവയെ ദയാവധം ചെയ്യുകയായിരുന്നു.; അതുപോലെ, 2011 ല്‍ സുതെര്ലാന്ഡിലെ ആഴം കുറഞ്ഞ ഭാഗത്തേക്ക് 60 നും 70 നും ഇടയില്‍ തിമിംഗലങ്ങള്‍ എത്തിയിരുന്നു. നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ രേഖകള്‍ പ്രകാരം ഇതിനു മുന്‍പ് ബ്രിട്ടനില്‍ ഇത്രയും വലിയ ഒരു അടിഞ്ഞുകൂടല്‍ ഉണ്ടായത് 1927 ല്‍ ആണ്. അന്ന് ഹൈലാന്‍ഡ്സിലെ ഡോര്ണോക്കില് അടിഞ്ഞു കൂടിയ 130 ല്‍ ഏറെ കൊലയാളി തിമിംഗലങ്ങളില്‍ 126 എണ്ണം മരണമടയുകയായിരുന്നു.
ബി ഡി എം എല്‍ ആര്, സ്കോട്ടിഷ് എസ് പി സി എ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ സാന്‍ഡി ദ്വീപില്‍ എത്തിയിരുന്നു. കരക്കടിഞ്ഞ തിമിംഗലങ്ങളെ ഏതെങ്കിലും വിധത്തില്‍ രക്ഷിക്കാനാകുമോ എന്ന് ശ്രമിക്കുന്നതിനായിരുന്നു ഇത്. എന്നാല്‍, സ്ഥലത്ത് കൂറ്റന്‍ തിരമാലകള്‍ ഉണ്ടായതും, തിമിംഗലങ്ങള്‍ അടിഞ്ഞു കൂടിയ ഇടത്തെ മണല്‍ തീരെ മൃദുവായതും അവയെ രക്ഷിക്കുന്നതിന് വിഘാതം സൃഷ്ടിക്കുകയായിരുന്നു.