പനജി: ഗോവയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗട്ടിനെ റസ്റ്ററന്റിലെ പാർട്ടിക്കിടെ നിർബന്ധിച്ച് ലഹരി പാനീയം കുടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. സൊനാലിക്ക് നൽകിയ ലഹരിമരുന്ന് മെതാംഫെറ്റമീൻ ആണെന്നും ഗോവ പൊലീസ് കണ്ടെത്തി. സൊനാലിയുടെ മരണത്തിൽ അറസ്റ്റിലായ അവരുടെ സഹായികളിൽ ഒരാളായ സുധീർ സാഗ്വനാണ് സൊനാലിയെ നിർബന്ധിച്ച് 'ഒരു പാനീയം' കുടിപ്പിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.

പാർട്ടിക്കിയെ സൊനാലി ഫൊഗട്ട് കുടിച്ച പാനീയത്തിൽ സഹായികൾ സംശയകരമായ രീതിയിൽ എന്തോ പൊടി കലർത്തിയിരുന്നെന്നു പൊലീസ് കണ്ടെത്തിയിരുന്നു. നടിയുടെ അറസ്റ്റിലായ സഹായികൾ സുധീർ സാഗ്വൻ, സുഖ്വിന്ദർ വസി എന്നിവർ ഇതു സമ്മതിക്കുകയും ചെയ്തിരുന്നു. അപകടകാരിയായ രാസവസ്തുക്കൾ കലർത്തിയ പാനീയം രണ്ടുവട്ടം സൊനാലി കുടിച്ചു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ശനിയാഴ്ച വൈകുന്നേരം ഇറക്കിയ പ്രസ്താവനയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആദ്യ ഉപയോഗത്തിൽ തന്നെ അടിമയാക്കാൻ ശേഷിയുള്ള ഉണർത്തു മരുന്ന് എന്നാണ് ഇതിനെ വിദഗ്ദ്ധർ പറയുന്നത്. 12 മണിക്കൂർ വരെ നീണ്ട ഉണർവു നൽകുന്ന ഈ ലഹരിമരുന്ന് ലൈംഗികാസക്തി ഉയർത്താൻ സ്ത്രീകൾ ഉപയോഗിക്കാറുണ്ട്. പുരുഷന്മാരും ഉദ്ധാരണ ശേഷി വർധിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും ഈ മരുന്ന് ഉപയോഗിക്കാറുണ്ട്. ശരീര താപനില ഉയർത്തുകയും, രക്തസമ്മർദം ഉയർത്തുകയും ചെയ്യുന്ന മെതാംഫെറ്റമീൻ ഉപയോഗം ഹൃദയാഘാതം മുതൽ സ്‌ട്രോക്കിനു വരെ കാരണമായേക്കും.

ഈ മാസം 22ന് ഗോവയിൽ സിനിമാ ചിത്രീകരണത്തിനെത്തിയ സൊനാലിയും സഹായികളും അന്നു രാത്രിയാണ് അഞ്ജുന ബീച്ചിലെ പാർട്ടി സ്‌പോട്ടുകളിൽ ഒന്നായ 'കുർലീസ്' റസ്റ്ററന്റിൽ എത്തിയത്. 23ന് പുലർച്ചെ നാലരയോടെ സൊനാലിയെ റസ്റ്ററന്റിലെ ശുചിമുറിയിലേക്കു കൊണ്ടുപോയതു സിസിടിവി ദൃശ്യങ്ങളിലുണ്ട്. ശുചിമുറിക്കുള്ളിൽ രണ്ടു മണിക്കൂറോളം മൂവരും ചെലവഴിച്ചു. സൊനാലിയെ ഇതിനു ശേഷം താമസിച്ചിരുന്ന ഹോട്ടലിലേക്കും അവിടെനിന്ന് ആശുപത്രിയിലേക്കു കൊണ്ടുപോയി. ആശുപത്രിയിലെത്തും മുൻപു മരിച്ചു.

ഹൃദയസ്തംഭനം മൂലമാണ് സൊനാലി മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ സൊനാലിയുടെ സഹോദരൻ റിങ്കു ധാക്ക ഇതിനോടു വിയോജിക്കുകയും വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുകയും ചെയ്തു. സൊനാലിയുടെ മൃതദേഹത്തിൽ മൂർച്ചയില്ലാത്ത ആയുധം പ്രയോഗിച്ചതു മൂലമുള്ള പരുക്കുകൾ കണ്ടെത്തിയതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഗോവ മെഡിക്കൽ കോളജിൽ വ്യാഴാഴ്ച നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് പരുക്കുകൾ കണ്ടെത്തിയത്.

സൊനാലിയുടെ സഹായികളെ കൂടാതെ 'കുർലീസ്' റസ്റ്ററന്റ് ഉടമ എഡ്വിൻ ന്യൂൺസ്, ലഹരി ഇടപാടുകാരനായ ദത്തപ്രസാദ് ഗാവോങ്കർ എന്നിവരെയും പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. സുധീറിനും സുഖ്വിന്ദറിനുമൊപ്പം പാർട്ടിയിലുണ്ടായിരുന്ന മറ്റു 2 സ്ത്രീകളെയും റസ്റ്ററന്റിൽനിന്ന് ആശുപത്രിയിലെത്തിച്ച ടാക്‌സി ഡ്രൈവറെയും ചോദ്യം ചെയ്യുന്നുണ്ട്.

കൂടുതൽ വിവസങ്ങൾക്ക് ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കാത്തിരിക്കുയാണെന്ന് പൊലീസ് പറഞ്ഞു. ലഹരി മരുന്ന് കലർത്തിയ പാനീയം സൊനാലിയെ കൊണ്ട് കഴിപ്പിച്ചെന്ന് കസ്റ്റഡിയിലുള്ള പി എ സുധീർ സാംഗ്വാൻ പൊലീസിനോട് സമ്മതിച്ചിരുന്നു.

ലഹരി മരുന്ന് ഉപയോഗിച്ചതിന് പിന്നാലെ നടക്കാനാവാതെ ബുദ്ധിമുട്ടുന്ന സൊനാലിയുടെ ദൃശ്യങ്ങൾ റെസ്റ്റോറന്റിലെ സിസിടിവിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. വടക്കൻ ഗോവയിലുള്ള കേർലീസ് റസ്റ്റോറന്റ് ലഹരി മരുന്ന് ഉപയോഗം സ്ഥിരമായി നടക്കുന്ന കേന്ദ്രമാണെന്നാണ് പൊലീസ് പറയുന്നത്. മണിക്കൂറുകൾ ചോദ്യം ചെയ്ത ശേഷമായിരുന്നു റസ്റ്റോറന്റ് ഉടമ എഡ്വിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവിടേക്ക് ലഹരി മരുന്ന് എത്തിച്ച് നൽകിയ ആളാണ് ഇന്ന് അറസ്റ്റിലായ ദത്താ പ്രസാദ് ഗോവൻകർ.