ന്യൂഡൽഹി: ഡൽഹി അംബേദ്കർ ഭവനിലെ പ്രൗഡസദസിന് മുന്നിൽ പ്രതിഭയുടെ മാറ്റുരച്ച് മജീഷ്യൻ ഗോപിനാഥ് മുതുകാടിനൊപ്പം മാജിക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരായ കുട്ടികൾ. മുഖ്യാതിഥിയായി എത്തിയ നൊബേൽ സമ്മാന ജേതാവ് കൈലാഷ് സത്യാർഥിയേയും മറ്റ് വിശിഷ്ട അതിഥികളെയും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് അരങ്ങേറിയത്.

നാവികസേനാ മേധാവി അഡ്‌മിറൽ ആർ.ഹരികുമാറും ഭാര്യ കലാ നായരും ചടങ്ങു വീക്ഷിക്കാനെത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള എംപിമാരും കേന്ദ്ര മന്ത്രി വി.മുരളീധരൻ, ജസ്റ്റിസ് കുര്യൻ ജോസഫ്, അൽഫോൻസ് കണ്ണന്താനം തുടങ്ങിയവരും ഉൾപ്പെട്ട പ്രൗഡസദസിന് മുന്നിലാണ് പാട്ടുപാടിയും സ്‌കിറ്റ് അവതരിപ്പിച്ചും ആ കുഞ്ഞുങ്ങൾ വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തിയത്.

വൈകല്യങ്ങളോടെ ജനിച്ചതിന്റെ പേരിൽ ലോകം മുഴുവൻ ഒറ്റപ്പെടുത്തിയവരുടെ കഥ നമ്മുടെ ചുറ്റിലുമുണ്ടെങ്കിലും അത്തരക്കാരിൽ നിന്നു ലോകത്തിന്റെ നെറുകയിലെത്തി നമ്മുടെ ജീവിതത്തെയാകെ പ്രകാശം കൊണ്ടു നിറയ്ക്കുന്നവരും പ്രചോദിപ്പിക്കുന്നവരുമായി മാറുകയായിരുന്നു മാജിക് പ്ലാനറ്റിലെ ആ കുരുന്നുകൾ.

മുതുകാടിനൊപ്പം എത്തിയ സംഘത്തിലെ പലരും ആദ്യമായി വിമാനത്തിൽ കയറുന്നവരായിരുന്നു. ഒരുപക്ഷേ, ഡൽഹി അവർക്കു അവസരം കൊടുത്തിരുന്നില്ലെങ്കിൽ അവരിൽ പലർക്കും ഒരു ആകാശയാത്ര ഒരിക്കലും ഉണ്ടാകില്ലായിരിക്കാം. മുതുകാട് അവരോട് ഇടപഴകുന്നതിലൂടെ അവരുടെ ആത്മവിശ്വാസം ഇരട്ടിച്ചു. ''മക്കളെ'' എന്നു വിളിക്കുമ്പോൾ അവർ അദ്ദേഹത്തോടു മനസ്സുകൊണ്ട് കൂടുതൽ അടുക്കുന്നു; ശരീരത്തിന്റെ പരിമിതികൾ മറികടക്കുന്നു. അദ്ദേഹം അവരെ ചേർത്തുപിടിക്കുന്നതു കാണുമ്പോൾ ലോകത്തൊരാൾക്കും എത്താത്ത ദൂരങ്ങളിലേക്ക് അദ്ദേഹത്തിന്റെ കൈ നീളുന്നതു പോലെ തോന്നും.

ഡൽഹി അംബേദ്കർ ഭവനിലായിരുന്നു പരിപാടി. മമ്മൂട്ടി നായകനായ പഴശ്ശിരാജ സിനിമയിലെ 'ആദിയുഷസ്സന്ധ്യ പൂത്തതിവിടെ....' എന്ന ഗാനത്തോടെ എല്ലാവരും കാത്തിരുന്ന കലാവിരുന്ന് ആരംഭിച്ചു. പാട്ടു തുടങ്ങിയപ്പോൾ തന്നെ സദസ്സിൽ കയ്യടി ഉയർന്നു. ''40 വർഷം സ്‌റ്റേജ് മാജിക് ജീവിതം അവതരിപ്പിച്ച തന്റെ മാജിക് ഇനി വേണോ?'' എന്ന ചോദ്യത്തോടെയാണ് മജീഷ്യൻ മുതുകാട് കാണികളോടു സംസാരിച്ചു തുടങ്ങിയത്. വേണമെന്ന മറുപടിക്ക് താമസമോ സംശയമോ ഉണ്ടായില്ല.

ചടുലവേഗത്തിലും സംസാരത്തിലെ രസവും കൊണ്ട് അദ്ദേഹം വേദിയെ ആദ്യം തന്നെ തന്റെ മാന്ത്രിക വലയത്തിൽ തളച്ചിട്ടു. സദസ്സിൽ നിന്നു വേദിയിലേക്കു റിസ്റ്റ് വാച്ച് ധരിച്ച ദിയ എന്ന പെൺകുട്ടി എത്തി. തന്റെ വാച്ച് ഒരു ചെറിയ പെട്ടിയിലിട്ടു പൂട്ടി ദിയയുടെ കയ്യിൽ തന്നെ കൊടുത്തു. കാണികൾക്കിടയിലിരുന്ന പെട്ടിയിൽ ആ വാച്ച് ഉണ്ടാകുമെന്നു പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല. കാണികൾക്കിടയിൽ നിന്ന് വാച്ച് വച്ചിട്ടുണ്ടെന്നു പറഞ്ഞ പെട്ടി വേദിയിലെത്തി. അതു തുറന്നു പരിശോധിക്കാൻ എത്തിയതു നാവിക സേന മേധാവിയും. അത്ഭുതം പോലെ ദിയയുടെ കയ്യിലെ വാച്ച് കാണികൾക്കിടയിലുള്ള പെട്ടിയിൽ നിന്നു ലഭിച്ചതോടെ സദസ്സ് അമ്പരന്നു. മാന്ത്രികൻ മുതുകാട് പതിവുപോലെ എല്ലാവരെയും ഞെട്ടിച്ചു. എന്നാൽ പിന്നീടങ്ങോട്ട് അരങ്ങുതകർത്തത് കുട്ടികളാണ്. മാജിക് മാത്രമല്ല, പാട്ടും ഡാൻസും സ്‌കിറ്റുമൊക്കെയായി.

സംസാരിക്കാൻ പ്രയാസമുള്ള വിഷ്ണുവാണ് മാജിക്കുമായി ആദ്യം സദസ്സിനു മുന്നിലെത്തിയത്. ചീട്ടു കൊണ്ട് എല്ലാവരെയും അവൻ ഞെട്ടിച്ചു. ആറു ചീട്ടുകൾ സദസിനെ എണ്ണിക്കാണിച്ചു. സംസാരിക്കാൻ പ്രയാസുള്ള വിഷ്ണുവിനൊപ്പം വൺ, ടു, ത്രീ, ഫോർ, ഫൈവ്, സിക്‌സ് എന്നിങ്ങനെ കാണികളും എണ്ണുന്നു. ചീട്ടെണ്ണം 6 ആണെന്ന കാര്യം സദസ്സ് സമ്മതിച്ചു. ആദ്യം മൂന്നു ചീട്ടുകൾ മാറ്റി. ശേഷം എണ്ണം നോക്കിയപ്പോഴും ആറു ചീട്ടുകൾ തന്നെ. വീണ്ടും മൂന്നു ചീട്ടുകൾ മാറ്റി. അപ്പോഴും വ്യത്യാസമില്ല. പലതവണ മൂന്നു ചീട്ടുകൾ വീതം മാറ്റി നോക്കി; എണ്ണം മാത്രം മാറുന്നില്ല. രണ്ട് മൂന്ന് നമ്പരുകൾ കൂടി കാണിച്ച് ഉയർന്ന കയ്യടികൾക്കിടയിൽ വിഷ്ണു വേദി വിട്ടു. സദസ്സിന്റെ ഒരുവശത്ത് കയ്യടിയും ആത്മവിശ്വാസവുമായി മുതുകാടുണ്ടായിരുന്നു. കാണികളുടെ കണ്ണുകൾ മറച്ച് അവർക്കൊപ്പം മാജിക് കാണിക്കുകയാണോ മുതുകാട് എന്ന പോലും തോന്നി.

പിന്നെയെത്തിയത് കേൾക്കാനോ സംസാരിക്കാനോ കഴിയാത്ത അപർണയും ആർദ്രയും. അവരും സദസ്സിന്റെ ഹൃദയത്തിൽ ഇടം നേടി. കൈയടികൾ കേൾക്കാൻ കഴിയാത്ത അവർക്ക് സദസ്സ് കൈയടി നൽകിയത് ഇരുകൈകളുമുയർത്തി. ഇതൊക്കെ കണ്ടിരുന്നവരിൽ ഏറെ പേരുടെയും കണ്ണ് നിറഞ്ഞിരുന്നു. സന്തോഷവും സങ്കടവും ഒക്കെ നിറഞ്ഞ നിമിഷങ്ങൾ. ഇത്തരം കുഞ്ഞുങ്ങൾക്കു കരുത്ത് പകരുന്നത് അവരുടെ മാതാപിതാക്കളാണ്, അമ്മമാരാണ്. അവർ കൂടി വേദയിലെത്തുന്നതു കാണുമ്പോൾ അമ്മമാരുടെ കൂടി വേദിയായി ഇതു മാറുന്നു. 'തുളസിക്കതിർ നുള്ളിയെടുത്ത്...' എന്ന ഗാനത്തിനു എത്ര മനോഹരമായാണ് സംഘത്തിലെ കരിഷ്മയും അമ്മ ഫാത്തിമയും ചുവടു വച്ചത്.

പിന്നീടു വിദ്യാർത്ഥിയായ എൽദോയുടെ അമ്മ സിനി കുര്യാക്കോസ് തന്റെ കുടുംബത്തിന്റെ കഥ പറഞ്ഞെത്തി. മകനിലും ഒപ്പം സ്വന്തം കുടുംബത്തിലുമുണ്ടായ മാറ്റങ്ങൾ പറഞ്ഞപ്പോൾ വാക്കുകളിടറി. സദസ്സും വിങ്ങി. പിന്നീട് മകൻ എൽദോ വേദിയിൽ മമ്മൂട്ടിയായും മോഹൻലാലായും കമൽഹാസനായും തകർത്തു സ്‌കിറ്റ് അവതരിപ്പിക്കുമ്പോൾ വേദിയുടെ ഒരു വശത്ത് അവർ തൊഴുകൈകളോടെ നിന്നു.

ചടങ്ങിൽ ഉടനീളം പിന്തുണയുമായി അദ്ധ്യാപകരായ മീരയും അഖിലയും ഓടിനടന്നു. ചെണ്ടമേളവും വയലിൻ സംഗീതവുമൊക്കെ അങ്ങനെ പറഞ്ഞാൽ തീരാത്ത കലാവിരുന്നായിരുന്നു പിന്നീട്. ആ രസം പറഞ്ഞു തീർക്കുന്നില്ല; അത് കണ്ടു തന്നെ അറിയണം. കാരണം, ധന്യമായ ആ മുഹൂർത്തം നമ്മുടെ ജീവിതത്തെ തന്നെ ചേർത്തുപിടിക്കും.