57 മില്യൺ ഡോളറിന്റെ ആസ്തി, ലോകത്താകമാനം ആരാധകർ, ഉയരങ്ങളിലേക്ക് തന്നെ പോയിക്കൊണ്ടിരിക്കുന്ന സംഗീതലോകത്തെ പ്രഭാവം ഇതൊക്കെയുണ്ടായിട്ടും കഴിഞ്ഞവർഷം വളരെയധികം വേദനയോടെ, ഹൃദയത്തിൽ തട്ടിയായിരുന്നു പ്രശസ്ത പോപ്പ്ഗായിക ബ്രിട്ട്നി പിയേഴ്സ് അമ്മയും മക്കളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞത്. അത്തരമൊരു ബന്ധത്തിനു മുൻപിൽ തന്റെ നേട്ടങ്ങളൊന്നും തന്നെ വിലപിടിച്ചവയല്ല എന്നായിരുന്നു താരം പറഞ്ഞത്. പിതാവുമായുള്ള കൺസർവേറ്റർഷിപ് വിവാദം തീർന്നതിനു ശേഷമുള്ള അവരുടെ അദ്യ ആൽബം കഴിഞ്ഞ ആഴ്‌ച്ചയായിരുന്നു പുറത്തു വന്നത്.

എൽട്ടൺ ജോണിനൊപ്പം പാടിയ എന്നെ ചേർത്ത് പിടിക്കൂ എന്ന ഗാനം ഹിറ്റ് ആയതൊടെ ഇതൊരു പുതിയ തുടക്കമായിരിക്കും എന്നാണ് ബ്രിട്ട്നിയുടെ ആരാധകർ പറയുന്നത്. പിതാവുമായുള്ള നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ സ്വാതന്ത്ര്യം ലഭിച്ച ബ്രിട്നിക്ക് പക്ഷെ അതിനിടയിൽ പലതും നഷ്ടപ്പെട്ടു എന്ന വാർത്തകൾ പുറത്തു വന്നിരുന്നു. 40 കാരിയായ ഗായികയോട് സ്വന്തം മക്കളായ 16 കാരൻ പ്രെസ്റ്റണും, 15 കാരനായ ജെയ്ഡനും സംസാരിക്കാറില്ലത്രെ.

അവരുടെ പിതാവും മുൻ നർത്തകനുമായ കെവിൻ ഫെഡെറെലിൻ പറയുന്നത് അമ്മയുടെ സ്വകാര്യ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള അഭ്യാസങ്ങൾ കാണാൻ മക്കൾക്ക് താത്പര്യമില്ല എന്നാണ്. 2006-ൽ ആയിരുന്നു ഇവരുടെ വിവാഹബന്ധം വേർപെട്ടത്. അതിനു മറുപടിയായി തന്റെ മക്കൾ തന്നെ വെറുക്കുന്നു എന്നും ഉപേക്ഷിച്ചു എന്നു ഒരു പോസ്റ്റ് ഇൻസ്റ്റാഗ്രാമിൽ ബ്രിട്ട്നി പോസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് അത് ഡിലിറ്റ് ചെയ്യുകയായിരുന്നു. ഇതിനു മറുപടിയായി, മക്കൾക്ക് നേരെ അലറി വിളിക്കുന്ന ബ്രിട്ട്നിയുടെ വീഡിയൊ കെവിൻ പോസ്റ്റ് ചെയ്തതോടെയായിരുന്നു അവർ പോസ്റ്റ് മുക്കിയത്.

കെവിനും ബ്രിട്നിയും പരസ്യമായി വിഴുപ്പലക്കി കൊണ്ടിരിക്കുമ്പോൾ ആരും കേൾക്കാതെ പോയത് രണ്ട് കുട്ടികളുടെ ശബ്ദമായിരുന്നു. ഇപ്പോൾ ഡാഫ്നെ ബാരക്കിന്റെ ഡോക്യൂമെന്ററിയിലൂടെ പ്രെസ്റ്റണിന്റെയും ജെയ്ഡന്റെയും മനസ്സ് ലോകത്തിനു മുൻപിൽ തുറക്കപ്പെടുകയാണ്. നാളെ ഐ ടിവിയിൽ സംപ്രേഷണം ചെയ്യാൻ ഇരിക്കുന്ന ഡോക്യൂമെന്ററിയിൽ ജെയ്ഡൻ പറയുന്നത് അമ്മയോട് വെറുപ്പില്ല എന്നു തന്നെയാണ്. എന്നാൽ, ബന്ധംപൂർവ്വസ്ഥിതിയിലാക്കാൻ ഏറെ പണിപ്പെടേണ്ടി വരുമെന്നും ജെയ്ഡൻ പറയുന്നു.

മാനസികമായി അമ്മ ഇനിയും സുഖം പ്രാപിക്കാനുണ്ടെന്നും അതിനു ശേഷം താൻ അമ്മയെ കാണുമെന്ന് പ്രതീക്ഷിക്കുന്നതായും ജെയ്ഡൻ പറഞ്ഞു. കെവിനു മായുള്ള വിവാഹമോചനത്തിനു ശേഷം മാനസികമായി തകർന്ന് പോയ ബ്രിട്നിക്ക് കുട്ടികളുടെ കസ്റ്റഡി അവകാശപ്പെടാനായില്ല. പിന്നീട് 2008-ൽ കൺസർവേറ്റർഷിപ്പ് നിലവിൽ വന്നതോടെ ഭാഗികമായ കസ്റ്റഡി അവർക്ക് ലഭിച്ചു. പിന്നീട് 2019-ൽ 70 ശതമാനം കസ്റ്റഡി അവകാശം കെവിന് ലഭിച്ചു. ഇതോടെ കുട്ടികൾ അമ്മയെ സന്ദർശിക്കുന്നത് കുറഞ്ഞുവരികയായിരുന്നു.