- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പെയിനിൽ നിന്നും ജർമ്മനിയിലേക്ക് പോയ ജെറ്റ് ദുരൂഹ സാഹചര്യത്തിൽ ആകാശത്തിലൂടെ ചുറ്റി ഇന്ധനം തീർന്ന് കടലിൽ വീണു; ലാത്വിയൻ തീരത്ത് വീണ വിമാനത്തിലെ നാല് യാത്രക്കാരും കൊല്ലപ്പെട്ടെന്ന് സംശയം
നാലുപേരടങ്ങിയ ഒരു കുടുംബവുമായി പറന്ന സ്വകാര്യ ജെറ്റ് ദുരൂഹമായ സാഹചര്യത്തിൽ ബാൾട്ടിക് കടലിൽ പതിച്ചതിനെ തുടർന്ന് യാത്രക്കാരായ നാലുപേരും മരണമടഞ്ഞു എന്നാണ് സംശയിക്കപ്പെടുന്നത്. ലാത്വിയൻ തീരത്തായിരുന്നു സംഭവം നടന്നത്. സ്പെയിനിൽ നിന്നും പറന്നുയർന്ന ഈ വിമാനത്തെ തടയാൻ നാറ്റോ വിമാനങ്ങൾ ശ്രമിച്ചിരുന്നു എന്ന ഒരു റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. സെസ്ന വിമാനമാണ് തകർന്നു വീണത്.
കൊളോൺ നഗരത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം അതുകഴിഞ്ഞും വടക്ക് കിഴക്ക് ദിശയിലേക്ക് പറക്കുകയായിരുന്നു. വെന്റ്സ്പിൽസിൽ നിന്നും അധികം ദൂരെയല്ലാതെയുള്ള കടലിൽ പതിച്ച വിമാനത്തിൽ നാല് പേർ ഉണ്ടായിരുന്നതായി ജർമ്മൻ മാധ്യമമായ ബിൽഡ് റിപ്പോർട്ട് ചെയ്യുന്നു. പൈലറ്റിനെ കൂടാതെ ഒരു പുരുഷനും, ഒരു സ്ത്രീയും പിന്നെ അവരുടെ മകളുമാണ് ഉണ്ടായിരുന്നതെന്നും പറയുന്നു. രക്ഷാ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും, വിമാനത്തിൽ ഉണ്ടായിരുന്നവരെ രക്ഷിക്കാൻ കഴിയുന്ന കാര്യം സംശയമാണെന്നാണ് അധികൃതർ പറയുന്നത്.
സ്പെയിനിൽ നിന്നും കൊളോണിലേക്ക് പോവുകയായിരുന്ന വിമാനം അതിന്റെ ദിശ മാറ്റിയതിനു ശേഷം അതുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ലെന്ന് ലാത്വിയൻ ഏവിയേഷൻ ഏജൻസി വക്താവ് അറിയിച്ചു. ഉച്ചതിരിഞ്ഞ് 3 മണിക്ക് തെക്കൻ സ്പെയിനിലെ ജെറെസിൽ നിന്നും പറന്നുയർന്ന വിമാനം കൊളോണീൽ ഇറങ്ങാതെ ബാൾട്ടിക് ദിശയിലേക്ക് യാത്ര തുടരുകയായിരുന്നു. സ്വീഡൻ, ഡെന്മാർക്ക്, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള ഫൈറ്റർ ജറ്റുകൾ വിമാനത്തെ തടയാൻ ശ്രമിച്ചു.
ആസ്ട്രിയയിൽ റെജിസ്റ്റർ ചെയ്ത സെസ്ന 551 വിമാനം പക്ഷെ വടക്കൻ യ്ഹൂറോപ്പിലൂടെ യാത്ര തുടരുകയായിരുന്നു. പറന്നുയർന്ന ഉടൻ തന്നെ കാബിനിലെ വയു സമ്മർദ്ദവുമായി ബന്ധപ്പെട്ട് പൈലറ്റ് ചില പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതായി ഒരു ജർമ്മൻ ന്യുസ് സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. അതിനുശേഷം വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതോടെയായിരുന്നു വിമാനത്തെ പിന്തുടരാൻ ഫൈറ്റർ ജെറ്റുകളെ നിയോഗിച്ചത്. എന്നാൽ, വിമാനത്തിനടുത്ത് എത്തിയപ്പോൾ, കാബിന് അകത്ത് ആരെയും കാണാൻ കഴിഞ്ഞില്ല എന്ന് സ്വീഡിഷ് ഫൈറ്റർ ജറ്റിൽ ഉണ്ടയിരുന്നവർ പറയുന്നു.
വൈകിട്ട് ഏഴര മണിയായപ്പോഴേക്കും വിമാനത്തിന്റെ വേഗത കുറഞ്ഞുവരുന്നതായും താഴ്ന്ന് വരുന്നതായും കാണപ്പെട്ടു. തുടർന്ന് അത് കടലിൽ പതിച്ചതായി സ്ഥിരീകരിക്കപ്പെട്ടു. ഇന്ധനം തീർന്നതോടെയാണ് വിമാനം കടലിൽ വീണതെന്ന് അധികൃതർ പറയുന്നു. തികച്ചും ദുരൂഹമായ ഒരു കാര്യമാണിത്. വിമാനം ലക്ഷ്യത്തിലിറങ്ങാതെ യാത്ര തുടർന്നത് എന്തിന് എന്ന ചോദ്യം ഇപ്പോഴും ഉത്തരം കിട്ടാതെ തുടരുകയാണ്. മാത്രമല്ല, വിമാനം തകർന്നു വീണതിനടുത്ത് അതിന്റെ അവശിഷ്ടങ്ങൾ ലഭിച്ചു എങ്കിലും, മനുഷ്യ ശരീരങ്ങളോ അവശിഷ്ടങ്ങളോ ലഭിച്ചിട്ടില്ല എന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ