- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും ഡീ. ലിറ്റ്: കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിൽ പ്രമേയം അവതരിപ്പിച്ചത് വൈസ് ചാൻസലറുടെ അനുമതിയോടെ; എതിർപ്പുമായി ഒരു വിഭാഗം ഇടത് അംഗങ്ങൾ; തർക്കം രൂക്ഷം; സിൻഡിക്കേറ്റ് സബ് കമ്മിറ്റി തീരുമാനമെടുക്കും
കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, വെള്ളാപ്പള്ളി നടേശൻ എന്നിവർക്ക് ഡോക്ടറേറ്റ് ബഹുമതി (ഡി-ലിറ്റ്) നൽകണമെന്ന് കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിൽ പ്രമേയം. സിൻഡിക്കേറ്റംഗം ഇ. അബ്ദുറഹിമാണ് പ്രമേയം അവതരിപ്പിച്ചത്. എന്നാൽ, പ്രമേയം അംഗീകരിക്കുന്നതിൽ ഇടതുപക്ഷ അംഗങ്ങൾക്കിടയിൽ തന്നെ തർക്കമുണ്ടായി.
തർക്കത്തെ തുടർന്ന് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഡീ. ലിറ്റ് നൽകേണ്ടവരെ കണ്ടെത്തുന്നതിന് രൂപീകരിച്ച സിൻഡിക്കേറ്റ് സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഡോ. വിജയരാഘവൻ, ഡോ. വിനോദ് കുമാർ, ഡോ. റഷീദ് അഹമ്മദ് എന്നിവരാണ് സബ് കമ്മിറ്റി അംഗങ്ങൾ.
ഇടതുപക്ഷ അനുകൂലിയായ സിൻഡിക്കേറ്റ് അംഗം അബ്ദുറഹീം വൈസ് ചാൻസലറുടെ അനുമതിയോടെയാണ് പ്രമേയം അവതരിപ്പിച്ചത്. എന്നാൽ ഇതിനെ ഇടത് അംഗങ്ങൾ തന്നെ എതിർക്കുകയായിരുന്നു. പ്രമേയം പിൻവലിക്കണമെന്ന് ആവശ്യമുയർന്നെങ്കിലും വി സിയുടെ അനുവാദത്തോടെ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു.
സമൂഹത്തിനാകെ പ്രയോജനപ്പെടുന്ന വിധത്തിൽ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തനങ്ങൾ നടത്തുന്ന മഹദ് വ്യക്തികളാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരും, വെള്ളാപ്പള്ളി നടേശനുമെന്ന് പ്രമേയത്തിൽ പറയുന്നു. സ്വന്തം കുടുംബത്തിലേക്ക് പണം സ്വരൂപിക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളല്ല ഇവർ ചെയ്തുകൊണ്ടിരിക്കുന്നത്.
മറ്റ് രാജ്യങ്ങളുമായി ആശയവിനിമയം നടത്തി ന്യൂജൻ കോഴ്‌സുകൾ കേരളത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ലഭ്യമാക്കുന്ന വിപ്ലവകരമായ പ്രവർത്തനമാണ് കാന്തപുരം ചെയ്തുകൊണ്ടിരിക്കുന്നത്. നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമൂഹത്തിനായി പടുത്തുയർത്തുകയും ഇന്നും ഈ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്നയാളുമാണ് വെള്ളാപ്പള്ളി നടേശൻ. ഇരുവരുടെയും പ്രൊഫൈലുകൾ ഡി-ലിറ്റ് നൽകുന്നതിനായി നിയമിക്കപ്പെട്ട ഉപസമിതി പഠിക്കണം -പ്രമേയത്തിൽ പറയുന്നു.
അതേസമയം, ഡി-ലിറ്റ് നൽകാൻ ആവശ്യപ്പെട്ടുള്ള പ്രമേയം അനുവദിക്കില്ലെന്നും പ്രമേയം പിൻവലിക്കണമെന്നും ഒരു വിഭാഗം സിൻഡിക്കേറ്റംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ, വി സിയുടെ അനുവാദത്തോടെ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കണമെന്ന് അവതാരകൻ പറഞ്ഞു. തർക്കത്തിനൊടുവിൽ ഡി-ലിറ്റ് നൽകാൻ പ്രമുഖരായ വ്യക്തികളെ കണ്ടെത്തുന്നതിന് രൂപീകരിച്ച സിൻഡിക്കേറ്റ് സബ് കമ്മിറ്റിയുടെ പരിഗണയിലേക്ക് ഈ പ്രമേയം നൽകാൻ സിൻഡിക്കേറ്റ് തീരുമാനിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ