യുക്രെയിൻ യുദ്ധത്തിന്റെ പ്രത്യാഘാതം യൂറോപ്പ് മുഴുവൻ അനുഭവിക്കുകയാണ്. ഊർജ്ജ പ്രതിസന്ധിയാണ് പ്രധാനമായും ഇപ്പോൾ പശ്ചിമ യൂറോപ്പിനെ കുഴയ്ക്കുന്നത്. ഇതിന്റെ ഏറ്റവും ഭീതിദമായ ദൃശ്യമാണ് സ്വിറ്റ്സർലൻഡിൽ കാണാൻ കഴിയുന്നത്. പ്രകൃതി വാതക വിതരണം മുടങ്ങിയാൽ ഊർജ്ജോപയോഗം നിയന്ത്രിക്കുന്നത് കർശനമായി തടയുന്നതിനുള്ള നടപടികളാണ് സ്വിറ്റ്സർലൻഡ് കൈക്കൊള്ളുന്നത്.. വീടുകൾക്കുള്ളിലെ താപനില ഹീറ്ററുകൾ ഉപയോഗിച്ച് 19 ഡിഗ്രിയിൽ അധികമായി വർദ്ധിപ്പിച്ചാൽ മൂന്ന് വർഷം വരെ തടവ് നൽകുന്ന നിയമം കൊണ്ടു വരുന്ന കാര്യം ഇപ്പോൾ സർക്കാരിന്റെ സജീവ പരിഗണനയിലാണ്.

അതിനുപുറമെ കനത്ത പിഴയും ചുമത്തപ്പെടും. പ്രതിദിനം 30 സ്വിസ് ഫ്രാങ്ക് മുതൽ ആയിരിക്കും പിഴ ആരംഭിക്കുക എന്ന് ഫെഡറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻസ് വക്താവ് അറിയിച്ചു. പരമാവധി പിഴ 3000 സ്വിസ് ഫ്രാങ്ക്സ് ആയിരിക്കും. അതുപോലെ അനുവദിച്ചതിലധികം ഗ്യാസ് വിതരണം ചെയ്യുന്ന കമ്പനികൾക്കും ശിക്ഷയുണ്ടാകും. അതിനു പുറമെയാണ് ഗ്യാസ് ഉപയോഗിച്ച് ചൂടാക്കുന്ന കെട്ടിടങ്ങളിലെ താപനില 19 ഡിഗ്രിക്ക് മുകളിൽ പോകരുതെന്നും വെള്ളം 60 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂടാക്കരുതെന്നുമുള്ള കർശന നിർദ്ദേശം.

റേഡിയന്റ് ഹീറ്ററുകൾ അനുവദിക്കില്ലെന്നും അതുപോലെ സൗനകളിലും സ്വിമ്മിങ്പൂളുകളിലും തണുത്ത വെള്ളം ഉപയോഗിക്കേണ്ടി വരുമെന്നും സർക്കാർ വക്താവ് അറിയിച്ചു. പുതിയ നിയമം നിരവധി സങ്കീർണ്ണതകൾ ഉണ്ടാക്കും എന്നത് ഉറപ്പാണ്. സർക്കാർ, ഇതുവരെ കടന്നുചെന്നിട്ടില്ലാത്ത പുതിയ മേഖലകളിൽ കൈ വയ്ക്കുമ്പോൾ കോടതികൾ കേസുകൾ കൊണ്ട് നിറയും. ഈ പുതിയ നിയമത്തെ കുറിച്ചുള്ള ആശങ്കകൾ പങ്കുവയ്ക്കാൻ സെപ്റ്റംബർ 22 വരെ സർക്കാർ സമയം നൽകിയിട്ടുണ്ട്.

അതേസമയം, ജനങ്ങൾക്കിടയിൽ പൊലീസ് രാജ് വർദ്ധിപ്പിക്കുന്നതാണ് പുതിയ നിയമം എന്നൊരു ആരോപണം ഉയരുന്നുണ്ട്. എന്നാൽ, പൊലീസ് വീടുകൾ കയറിയിറങ്ങി പരിശോധിക്കുന്ന നടപടി ഉണ്ടാവില്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. കോവിഡ് കാലത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനോട് സമാനമായിട്ടായിരിക്കും ഇതും ഏർപ്പെടുത്തുക എന്നും സർക്കാർ വക്താവ് അറിയിച്ചു.