- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാവേശത്തിന് പരാതി നൽകും; പിന്നാലെ ബന്ധുക്കളും നാട്ടുപ്രമാണിമാരും ഇടപെട്ട് ഒത്തുതീർപ്പ്; പൊലീസ് സ്റ്റേഷനിൽ എത്തുന്ന പരാതികളിൽ എഴുപതു ശതമാനവും പിൻവലിക്കപ്പെടുന്നു; ഒതുക്കി തീർക്കുന്നതിൽ ഏറെയും മത സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടവ
കോഴിക്കോട്: സാധാരണക്കാർ ആദ്യം നീതി തേടുന്ന പൊലീസ് സ്റ്റേഷനിൽ എത്തുന്ന പരാതികളിൽ എഴുപതു ശതമാനവും പിൻവലിക്കപ്പെടുന്നുവെന്ന് സമീപകാലത്തെ കണക്കുകൾ സൂചിപ്പിക്കുന്നു. പലരും ഒരു ആവേശത്തിന് പരാതി നൽകും പിന്നീടുള്ള പുനർവിചിന്തനത്തിൽ അത് പിൻവലിക്കും. സംസ്ഥാനത്ത് നാം കണ്ടു വരുന്ന പൊലിസ് സ്റ്റേഷനുകളിലെ പരാതികളുടെ സ്ഥിതിയാണിത്.
ഭാര്യ ഭർത്താവിനെതിരേയും അച്ഛനമ്മമാർ മക്കൾക്കെതിരേയും വ്യക്തികൾ അയൽവാസികൾക്കെതിരേയുമെല്ലാം നൽകുന്ന പരാതികളുടെ കഥയാണിത്. അൽപംകൂടി ഗൗരവമുള്ള കേസുകൾ എടുത്താൽ ലൈംഗിക പീഡനം, വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെ കുട്ടികൾക്കു മേലുള്ള മർദ്ദനം, വാഹനങ്ങളുടെ കൂട്ടിയിടി, ലൈംഗിക ചൂഷണം തുടങ്ങി, മോഷണം ആരോപിച്ചുമെല്ലാം കേരളത്തിലെ എല്ലാ സ്റ്റേഷനുകളിലും പരാതികൾ എത്താറുണ്ട്. എന്നാൽ 24 മണിക്കൂറിന് ശേഷമുള്ള കണക്കെടുത്താൽ ഇവയിൽ അറുപത് മുതൽ എഴുപത് ശതമാനംവരെയും പിൻവലിക്കപ്പെടുന്നതായാണ് കാണുന്നത്.
എന്താണ് പരാതികൾ വ്യാപകമായി പിൻവലിക്കാൻ പരാതിക്കാരെ പ്രേരിപ്പിക്കുന്നത്. മിക്കപ്പോഴും ബാഹ്യസമ്മർദ്ദങ്ങളും ഉറ്റവരുടെ നിർബന്ധ ബുദ്ധിയുമെല്ലാമാണെന്നു കാണാം. പൊലിസ് സ്റ്റേഷനുകളിലേക്കു എത്തുന്നവയിൽ പാതിയിലെങ്കിലും പതിരുണ്ടാവും. പക്ഷേ അവയിൽപ്പോലും പാതിയിലധികം പിന്നീട് പിൻവലിക്കപ്പെടുന്നതാണ് കാണാറ്. പരാതിയിൽ കഴമ്പില്ലാത്തതിനാലല്ല പരാതികൾ പിൻവലിക്കപ്പെടുന്നതെന്നു സാരം.
ചെറിയ ഒരു ഉദാഹരണം പറയാം. കോഴിക്കോട്ടുള്ള ഒരു മുതിർന്ന മാധ്യമപ്രവർത്തകന്റെ മകന് ഏതാനും അദ്ധ്യാപകനിൽനിന്നു അടികിട്ടി. കോഴിക്കോട്ടു നഗരത്തിലെ ഒരു എയ്ഡഡ് യു.പി സ്കൂളിലാണ് മൂന്നാം ക്ലാസ് വിദ്യാർത്ഥിയായി അദ്ദേഹത്തിന്റെ മകൻ പഠിക്കുന്നത്. പുറത്തു കുട്ടികൾ പാറപ്പൊടി വാരിക്കളിക്കുന്നതിനിടെ ഇവരെ തുരത്താൻ എത്തിയ ചെറുപ്പക്കാരനായ അദ്ധ്യാപകനായിരുന്നു ഇതിലെ പ്രതി. അന്ന് വിദ്യാലയത്തിൽ തെരഞ്ഞെടുപ്പായിരുന്നു. അത് അവസാനിച്ചു. ക്ലാസ് ടീച്ചർക്ക് എന്തോ അത്യാവശ്യമുണ്ടായിരുന്നതിനാൽ അവർ ഉച്ചക്കു ശേഷം അവധിയായിരുന്നു.
ചുറ്റുപാടുമെല്ലാം കണ്ട ചുവരിലും തൂണിലുമെല്ലാം അടിച്ചടിച്ചു കുതിച്ചുവന്ന അദ്ധ്യാപകന്റെ കൈയിലെ സ്കെയിൽ വീണത് മൂന്നാം ക്ലാസുകാരന്റെ തുടയുടെ പിൻഭാഗത്ത്. ആ കുട്ടിയാണെങ്കിൽ ജീവൻപോയാലും കരയാത്ത പ്രകൃതം. പൊതുവേ ഒരു വികൃതിയുമില്ലാത്തവൻ. മണ്ണുവാരി പരസ്പരം എറിഞ്ഞ കുട്ടികൾ അപകടം മണത്തു ക്ലാസിലേക്കു ഓടിക്കയറിയപ്പോൾ ഇവൻ ബാക്കിയായി. തുടയിൽ പൊള്ളിയപോലുള്ള പാട്. പ്രധാനാധ്യാപികയെ വിളിച്ചു അച്ഛൻ ചോദിച്ചപ്പോൾ മാഷ് വടി വീശിയപ്പോൾ കൊണ്ടതായിരിക്കുമെന്ന അലസമായ മറുപടി. സ്ഥലത്തില്ലാതിരുന്ന മാധ്യമപ്രവർത്തകൻ രാത്രി വളരെ വൈകി വീട്ടിലെത്തി കുട്ടിയെ ആദ്യം ആശുപത്രിയിലും പിന്നീട് പൊലിസ് സ്റ്റേഷനിലും കൊണ്ടുപോയി. പരാതി എഴുതി നൽകി.
രണ്ടു സ്റ്റേഷനുകളുടെ ഇടക്കുള്ള പ്രദേശമായതിനാൽ ആദ്യം ചെന്ന സ്റ്റേഷനിലെ ചാർജിലുള്ള എഎസ്ഐ തങ്ങളുടെ പരിധിയിലാണോ സംഭവം നടന്നതെന്നു ഉറപ്പാക്കാൻ പലരെയും വിളിക്കുന്നു. മെഡിക്കൽ കോളജിലെ ഒ പി ശീട്ടിൽ സംഭവത്തെക്കുറിച്ച് ഒന്നും എഴുതാത്തതും അയാളെ തീരുമാനം എടുക്കുന്നതിൽനിന്നു പിറകോട്ടടുപ്പിക്കുന്നു. നേരം പോകുന്നു. മുക്കാൽ മണിക്കൂറോളം അടികൊണ്ട ക്ഷീണവും ഉറക്കവുമെല്ലാം അസ്വസ്ഥമാക്കുന്ന മകനുമായി അർധരാത്രി സ്റ്റേഷനിലിരുന്നു. കാര്യത്തിൽ തീരുമാനമായി അവരുടെ സ്റ്റേഷൻ പരിധിയില്ല. പിന്നീട് മൂന്നു കിലോമീറ്ററിൽ അധികം മാറിയുള്ള രണ്ടാമത്തെ സ്റ്റേഷനിലേക്കു ചെന്നു അവിടെയും ഇതേ പ്രശ്നം. അവരും കുറേനേരം പരിധിയുടെ വിഷയത്തിൽ കൃത്യത ഉറപ്പാക്കാൻ ശ്രമിച്ചു. ഒടുവിൽ പരാതി വാങ്ങി.
ഇപ്പോൾ പല കേസുകളിലും നമ്മുടെ സ്റ്റേഷനുകളിൽ എഫ് ഐ ആർ ഇടലൊന്നും കൃത്യമായി നടക്കാറില്ല. കാരണം മറ്റൊന്നും കൊണ്ടല്ലെന്നാണ് പൊലിസുകരുടെ മറുപടി. മിക്കവരും ഒരാവേശത്തിന് പരാതി നൽകും. പിന്നെ ബന്ധുക്കളും നാട്ടുപ്രമാണിമാരുമെല്ലാം ഇടപെട്ട് അത് അനുരഞ്ജനത്തിലേക്കു കൊണ്ടെത്തിക്കും. പരാതിയും കേസും കൂട്ടവുമെല്ലാം സമയം ഏറെ ആവശ്യപ്പെടുന്ന ഒന്നാണെന്നുള്ളത് നേരുതന്നെ. പക്ഷേ ഇത്തരത്തിൽ പരാതികൾ ഒത്തുതീർപ്പിലേക്കു എത്തുന്നതോടെ പ്രതി പട്ടികയിൽ വരേണ്ടവർക്ക് എന്തുചെയ്താലും ഇത്തരം സമ്മർദ്ദങ്ങളിലൂടെയെല്ലാം നിയമത്തിൽനിന്നു രക്ഷനേടാമെന്ന ഒരു തോന്നലുണ്ടാവും. അത് നീതിന്യായ വ്യവസ്ഥക്ക് ഭൂഷണമല്ലെന്നത് മറക്കരുത്. കേരളത്തിൽ കഴിഞ്ഞ പത്തു വർഷത്തോളമായി ലൈംഗിക ഗാർഹിക പീഡനകേസുകളിൽ ഓരോ വർഷവും വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
സ്റ്റേഷനുകളിലെല്ലാം അന്വേഷിച്ചാൽ എത്ര ശതമാനമെന്നൊന്നും കൃത്യമായി ലഭ്യമാവില്ലെങ്കിലും പരാതികൾ കൂടുകതന്നെയാണ്. മൊത്തത്തിലുള്ള കേസുകളുടെ വർധനവല്ല ഇതിന് കാരണം. പരാതിപ്പെടാനുള്ള ത്വര ആളുകളിൽ വർധിക്കുന്നതിനാലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നത്.
ഒതുക്കി തീർക്കുന്ന കേസുകളിൽ മുൻപന്തിയിൽ നിൽക്കുന്നത് മത സ്ഥാപനങ്ങളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടുള്ളവയാണ്. ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്റെ സ്ഥാപനത്തിൽ അതേ സമുദായത്തിൽപ്പെട്ടവരുടെ കുട്ടികൾ പീഡനത്തിന് ഇരയായാൽ അവയിൽ 90 ശതമാനവും പുറംലോകത്തേക്ക് എത്താറില്ല. സ്ഥാപനത്തിന് ചീത്തപ്പേരുണ്ടാക്കരുതെന്ന താക്കീതുമായി സമുദായ നേതൃത്വം ഇടപെടുന്നതോടെ പരാതികൾ ആവിയാവും.
ഇത്തരത്തിൽ ധാരാളം കേസുകൾ മദ്രസകളുമായും മഠങ്ങളുമായും ആശ്രമങ്ങളുമായെല്ലാം ബന്ധപ്പെട്ട് ഉയരാറുണ്ടെങ്കിലും അവയെല്ലാം പരാതിയായി എഫ് ഐ ആർ രജിസറ്റർ ചെയ്താൽപോലും പിന്നീടുള്ള കേസിന്റെ നാൾവഴികളിൽ ഒതുക്കിത്തീർക്കുന്നതാണ് മിക്കപ്പോഴും കാണാറ്. അതായത് ഇത്തരം തെറ്റായ കീഴ് വഴക്കങ്ങൾ തുടരുന്നടുത്തോളം കാലം ഇരകൾക്കു സ്വാഭാവികമായും ലഭിക്കേണ്ട നീതിയെന്നത് അപ്രസക്തമാവുമെന്ന് തീർച്ച. പരാതിപ്പെടാനും സമ്മർദ്ദങ്ങളെ അതിജീവിച്ച് പരാതിയിൽ ഉറച്ചുനിൽക്കാനുമെല്ലാം സർക്കാരുകൾക്ക് കീഴിൽ ശക്തമായ ബോധവത്കരണമാണ് ഇത്തരം സംഭവങ്ങളിൽ കാലം ആവശ്യപ്പെടുന്നത്. ആ രീതിയിലുള്ള നടപടികളും അധികാരികളിൽ നിന്ന് ഉണ്ടാവേണ്ടതുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്