ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് പിറന്നാൾ. പൂജയും യാഗവും ആഘോഷത്തിന് ഉണ്ടാകില്ല. എങ്കിലും മോദിയുടെ 72ാം ജന്മദിനാഘോഷങ്ങൾ ബിജെപി വിപുലമായി നടത്തും. പ്രധാനമന്ത്രിയുടെ ജീവിതത്തെക്കുറിച്ചുള്ള ചിത്രപ്രദർശനം പാർട്ടി ദേശീയ ആസ്ഥാനത്ത് ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ ഉദ്ഘാടനം ചെയ്യും. മോദിയുടെ ജന്മദിനമായ ഇന്നു മുതൽ ഒക്ടോബർ 2 വരെ വിവിധ ക്ഷേമസേവന പ്രവർത്തനങ്ങൾ നടത്തുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് പറഞ്ഞു.

മോദിയുടെ പിറന്നാൾ അതിഗംഭീരമായി ആഘോഷിക്കാനാണ് പാർട്ടിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായ ആഘോഷപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. സെമിനാറുകളും, ജില്ലാ കേന്ദ്രങ്ങളിൽ പ്രധാനമന്ത്രിയുടെ ജീവിതത്തെ പറ്റിയുള്ള പ്രദർശനങ്ങളും, കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ പ്രധാനമന്ത്രിക്ക് ആശംസകൾ അയക്കുന്ന പരിപാടികളും, കേന്ദ്രസർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രചാരണവും നടത്തും.

എല്ലാ ജില്ലകളിലും ബിജെപി പ്രവർത്തകർ രക്തദാന ക്യാംപുകൾ നടത്തും. സൗജന്യ ആരോഗ്യ പരിശോധനാ ക്യാംപുകളുമുണ്ടാകും. ദിവ്യാംഗർക്ക് ഉപകരണങ്ങൾ നൽകും. കോവിഡ് ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് അതിനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തും. ടിബി മുക്ത ഭാരത ക്യാംപെയ്‌നിന്റെ ഭാഗമായി അസുഖബാധിതരെ ഒരു വർഷത്തേക്കു ദത്തെടുത്ത് ആവശ്യമുള്ള ചികിത്സാ സഹായങ്ങൾ നൽകുമെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് പറഞ്ഞു. രണ്ടു ദിവസം രാജ്യമാകെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.

ജലസംരക്ഷണ ബോധവൽക്കരണം, സാംസ്‌കാരിക, ബുദ്ധിജീവി സമ്മേളനങ്ങൾ, പ്രധാനമന്ത്രിക്ക് ദീർഘായുസ്സ് നേർന്ന് കത്തെഴുതൽ എന്നിവയുമുണ്ടാകും. 25ന് ദീൻ ദയാൽ ഉപാധ്യായ ജയന്തിയും വിപുലമായി ആഘോഷിക്കുമെന്ന് അരുൺ സിങ് പറഞ്ഞു. സമൂഹത്തിലെ ദുർബലരും ദരിദ്രരുമായവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദ് പറഞ്ഞു. മോദിയുടെ 72ാം ജന്മദിനത്തോടനുബന്ധിച്ച് ആശംസകൾ നേരുകയായിരുന്നു മുൻ രാഷ്ട്രപതി. ാർശ്വവൽക്കരിക്കപ്പെട്ടവരുടെ അഭിലാഷങ്ങൾക്കും വികസന മോഹങ്ങൾക്കും ചിറകേകിയ അംബേദ്കറുടെ സ്വപ്നങ്ങൾ സഫലീകരിക്കുന്ന പ്രധാനമന്ത്രിയാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു.

നവംബർ 26 ഭരണഘടനാ ദിനമാക്കാൻ മുൻകയ്യെടുത്ത പ്രധാനമന്ത്രി തന്നെയാണ് അംബേദ്കറുടെ 125ാം ജന്മവാർഷികമാഘോഷിക്കാൻ ഐക്യരാഷ്ട്ര സംഘടനയ്ക്കും പ്രേരണയായത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കലും സ്വയംപര്യാപ്ത ഇന്ത്യയും മോദി സർക്കാരിന്റെ പ്രധാന തീരുമാനങ്ങളാണ്. അംബേദ്കറുടെ സ്വപ്നങ്ങളാണ് ഇതിലൂടെ സാക്ഷാത്കരിച്ചത്. അഴിമതിയോടും കുടുംബവാഴ്ച രാഷ്ട്രീയത്തോടുമുള്ള ആശങ്ക അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. രാജ്യമാണ് ആദ്യമെന്ന മുദ്രാവാക്യത്തിലൂന്നി സദ്ഭരണവും സാമൂഹിക ഐക്യവും അച്ചടക്കവും മുഖമുദ്രയാക്കിയാണ് മോദി മുന്നേറുന്നതെന്നും മുൻ രാഷ്ട്രപതി പറഞ്ഞു.

ജനങ്ങളുടെ ശക്തിയിലുള്ള ദൃഢവിശ്വാസവും ആശയവിനിമയത്തിലെ സുതാര്യതയുമാണ് മോദിയെ വ്യത്യസ്തനാക്കുന്നതെന്ന് ബിജെപി പ്രസിഡന്റ് ജെ.പി.നഡ്ഡ പറഞ്ഞു. ജനക്ഷേമം ഉറപ്പാക്കുന്നതിനോടൊപ്പം ജനങ്ങളെ അവരുടെ കടമ നിർവഹിക്കാൻ പ്രേരിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്. സ്വച്ഛഭാരത് അഭിയാൻ, ജലജീവൻ മിഷൻ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി സമസ്തമേഖലകളിലും ജനപങ്കാളിത്തത്തോടെ വിജയം കാണാൻ മോദിക്കു കഴിഞ്ഞുവെന്നും നഡ്ഡ പറഞ്ഞു.

രാജ്യത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിൽ വിപ്ലവകരമായ മാറ്റമാണ് മോദിയുടെ കാലത്തു വന്നതെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. പിഎം ഗതിശക്തി പദ്ധതി ഇതിനുദാഹരണമാണ്. അടിസ്ഥാന സൗകര്യ വികസനത്തിൽ സമഗ്ര ആസൂത്രണത്തിന് ഇത് ഉപകരിക്കുമെന്നും ഗഡ്കരി പറഞ്ഞു.