പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72-ാം പിറന്നാളായിരുന്നു ഇന്നലെ. രാജ്യം മുഴുവനും പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷിച്ചു. പിറനനാളിന്റെ ഭാഗമായി നിരവധി പരിപാടികളാണ് രാജ്യം മുഴുവനും ബിജെപി സംഘടിപ്പിച്ചത്. രക്തദാന ക്യാംപുകൾ മുതൽ 56 ഇഞ്ച് താലി ഭക്ഷണം വരെ ഇതിൽ ഉൾപ്പെടുന്നു. സാധാരണ സ്വന്തം അമ്മയെ കണ്ട് അനുഗ്രഹം തേടുകയാണ് പതിവെന്നും അതുണ്ടായില്ലെങ്കിലും മധ്യപ്രദേശിലെ ലക്ഷക്കണക്കിന് അമ്മമാരുടെ അനുഗ്രഹം ലഭിച്ചതിൽ താനും അമ്മയും സന്തുഷ്ടരാണെന്നും ഷിയോപുരിൽ നടന്ന ചടങ്ങിൽ മോദി പ്രതികരിച്ചു. വനിതകൾക്കു വേണ്ടിയുള്ള സ്വയംസഹായ സംഘങ്ങളുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാരിനു കീഴിലെ വിവിധ മന്ത്രാലയങ്ങളും ബിജെപിയും വ്യത്യസ്ത പരിപാടികളുമായി ജന്മദിനാഘോഷച്ചടങ്ങ് നടത്തി. മോദിയുടെ കഠിനാധ്വാനത്തിനും ആത്മസമർപ്പണത്തിനും കീഴിൽ രാഷ്ട്രനിർമ്മാണം കൂടുതൽ ഉയരങ്ങളിലെത്തട്ടെയെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു ആശംസിച്ചു. മോദിയുടെ ദർശനവും നേതൃത്വവും രാജ്യത്തെ കൂടുതൽ ഉയരങ്ങളിലെത്തിച്ചുവെന്നായിരുന്നു ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ പ്രതികരണം. രാഹുൽ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ മുഖ്യമന്ത്രിമാർ തുടങ്ങിയ പ്രമുഖരും മോദിക്ക് ആശംസ അറിയിച്ചു. വിദേശ നേതാക്കളിൽ നിന്നും ആശംസകളുടെ പ്രവാഹമായിരുന്നു.

തന്റെ 72-ാം പിറന്നാൾ ദിനത്തിൽ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ നമീബിയയിൽ നിന്നെത്തിച്ച ചീറ്റപ്പുലികളെ തുറന്നുവിട്ട ശേഷമായിരുന്നു പൊതുപരിപാടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തിച്ചേർന്നത്. കഴിഞ്ഞ നൂറ്റാണ്ടിനും ഈ നൂറ്റാണ്ടിനുമിടയിൽ രാജ്യത്ത് വനിതകളുടെ പ്രാതിനിധ്യം വർധിച്ചതായി മോദി പറഞ്ഞു. ഗ്രാമീണ ഭരണകൂടങ്ങൾ മുതൽ രാഷ്ട്രപതിപദവിയിൽ വരെ സ്ത്രീകൾ എത്തിച്ചേർന്നിരിക്കുകയാണെന്ന് മോദി കൂട്ടിച്ചേർത്തു.

56 ഇഞ്ച് താലി ഭക്ഷണവുമായി ഹോട്ടൽ ഉടമ
അതേസമയം പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഡൽഹി ആസ്ഥാനമായുള്ള ഒരു ഭക്ഷണ ശാല ഉച്ചഭക്ഷണമായി 56 ഇഞ്ച് വലുപ്പം വരുന്ന താലി ഭക്ഷണം ഒരുക്കി എന്നാണ് റിപ്പോർട്ടുകൾ. ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ ARDOR 2.1 റെസ്റ്റോറന്റിലാണ് 56 വിഭവങ്ങളോട് കൂടിയ താലി. വെജിറ്റേറിയൻ നോൺ വെജിറ്റേറിയൻ താലികൾ ഇവിടെ നിന്നും തെരഞ്ഞെടുക്കാവുന്നതാണ്.

''ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ ആരാധിക്കുന്നു. അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണ്. അദ്ദേഹത്തിന്റെ ജന്മദിനത്തിൽ എന്തെങ്കിലും പ്രത്യേകമായി ജനങ്ങൾക്ക് നൽകണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് '56 ഇഞ്ച് മോദി ജി താലി' അവതരിപ്പിച്ചത്. മോജി ജിയെ ഈ ഭക്ഷണം കഴിക്കാൻ ക്ഷണിക്കണം എന്നുണ്ട്. എന്നാൽ സുരക്ഷാ കാരണങ്ങളാൽ അത് സാധിക്കില്ല. അതിനാൽ അദ്ദേഹത്തിന്റെ എല്ലാ ആരാധകർക്കും ഇത് കഴിക്കാൻ ഞങ്ങൾ അവസരം ഒരുക്കിയിരിക്കുകയാണ്. എല്ലാവരും ഇതിന്റെ രുചി ആസ്വദിക്കൂ', റെസ്റ്റോറന്റ് ഉടമ സുമിത് കളറ പറഞ്ഞു.

സമ്മാനങ്ങൾ ലേലം ചെയ്തും കേന്ദ്ര മന്ത്രാലയം പിറന്നാൾ ആഘോഷം കെങ്കേമമാക്കി. ശിൽപി അരുൺ യോഗി രാജ് നിർമ്മിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കൾ പ്രധാനമന്ത്രിക്ക് നൽകിയ സമ്മാനങ്ങളും അടക്കം 1,200ഓളം ഇനങ്ങളാണ് കഴിഞ്ഞ ദിവസം മുതൽ ലേലം ചെയ്യുന്നത്. ഗണപതിയുടെ പ്രതിമ, വരാനിരിക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃക, വാരണാസിയിലെ കാശി-വിശ്വനാഥ ക്ഷേത്രത്തിന്റെ മാതൃക എന്നിവയും ഇ-ലേലത്തിന്റെ ഭാഗമാകുമെന്ന് സാംസ്കാരിക മന്ത്രി ജി. കിഷൻ റെഡ്ഡി വെള്ളിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. ലേലത്തുക നമാമി ഗംഗാ മിഷൻ പദ്ധതിക്കായി നൽകും.

ഇന്ത്യാ ഗേറ്റിൽ മോദി അടുത്തിടെ അനാച്ഛാദനം ചെയ്ത നേതാജിയുടെ 28 അടി ഉയരമുള്ള ഏകശിലാ പ്രതിമ പണിത ശിൽപി യോഗി രാജ് ഏപ്രിലിൽ പ്രധാനമന്ത്രിക്ക് സുഭാഷ് ചന്ദ്രബോസിന്റെ മാതൃകാ പ്രതിമ സമ്മാനിച്ചിരുന്നു. ഇതും ലേലത്തിന് വെച്ചിട്ടുണ്ട്. നിരവധി കായികതാരങ്ങൾ പ്രധാനമന്ത്രിക്ക് സമ്മാനിച്ച സ്പോർട്സ് മെമോറബിലിയകൾ ലേലത്തിന്റെ ഭാഗമാകും. 24 കായിക സ്മരണികകൾ ലേലത്തിന്റെ ഭാഗമാകുമെന്ന് മന്ത്രാലയ ഉദ്യോഗസ്ഥർ വിശദീകരിച്ചു.

സേവാ പഖ്വാഡയുമായി ബിജെപി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 സേവാ പഖ്വാഡ ആയിട്ടാണ് ബിജെപി ആഘോഷിക്കുന്നത്. ഒക്ടോബർ രണ്ട് വരെ നീണ്ടു നിൽക്കുന്ന 15 ദിവസത്തെ സേവന പരിപാടിയാണ് സേവ പഖ്വാഡ.

ബിജെപി പ്രസിഡന്റ് ജെപി നദ്ദ എല്ലാ പാർട്ടി നിയമസഭാംഗങ്ങളുമായും വീഡിയോ കോൺഫറൻസ് നടത്തി കാര്യങ്ങൾ വിശദീകരിച്ചിരുന്നു. പൂജകളോ കേക്ക് മുറിക്കൽ ആഘോഷങ്ങളോ ഉണ്ടായിരിക്കില്ല. പകരം രക്തദാനം പോലുള്ള സേവന പരിപാടികൾ നടത്തിക്കൊണ്ടാണ് പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിക്കുക.

മോദിയുടെ ജന്മദിനം സേവാ പഖ്വാഡയായി ആഘോഷിക്കുമെന്നും സെപ്റ്റംബർ 17ന് ആരംഭിക്കുന്ന പരിപാടികളുടെ ഭാഗമായി ചേരികളിൽ നിന്നുള്ളവർ പങ്കെടുത്ത പ്രത്യേക ഓട്ടമത്സരം സംഘടിപ്പിക്കുമെന്നും ബിജെപിയുടെ ഡൽഹി ഘടകം വ്യാഴാഴ്ച അറിയിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരിക്കും ഓട്ടം ഫ്ളാഗ് ഓഫ് ചെയ്യുക. 10-15 വയസ്സിന് താഴെയുള്ള വിഭാഗങ്ങളിൽ പെട്ടവർ 2.5 കിലോമീറ്ററും 16-20 വയസ്സ് പ്രായമുള്ളവർ 5 കിലോമീറ്ററുമാണ് ഓടുക. നഗരത്തിലെ ചേരികളിൽ നിന്നുള്ള 10,000 കുട്ടികളും യുവാക്കളും പരിപാടിയിൽ പങ്കെടുക്കുമെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ ആദേശ് ഗുപ്ത അറിയിച്ചു. സെപ്റ്റംബർ 17 (പിഎം മോദിയുടെ ജന്മദിനം) മുതൽ ഒക്ടോബർ 2 വരെ 'സേവാ പഖ്വാദ' (സേവന ദ്വിവാരം) ആചരിക്കുമെന്നും ഈ സമയത്ത് വിവിധ പരിപാടികൾ നടക്കുമെന്നും ഗുപ്ത കൂട്ടിച്ചേർത്തു.

ആയിരക്കണക്കിന് രക്തദാന ക്യാംപുകളും പരിശോധന ക്യാംപുകളുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഓട്ടത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകുമെന്ന് ഡൽഹി ബിജെപി വൈസ് പ്രസിഡന്റ് രാജൻ തിവാരി വ്യക്തമാക്കി. വിവിധ വിഭാഗങ്ങളിലായി വിജയിക്കുന്നവർക്ക് 3 ലക്ഷം രൂപ വരെ സമ്മാനത്തുകയും നൽകും.

സ്വർണ മോതിരവുമായി തമിഴ്‌നാട്
സെപ്റ്റംബർ 17ന് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണ മോതിരം സമ്മാനിക്കാൻ ബിജെപി തമിഴ്‌നാട് ഘടകം മുന്നോട്ടുവന്നിരുന്നു. കൂടാതെ 720 കിലോഗ്രാം മത്സ്യ വിതരണവും പരിപാടിയുടെ ഭാഗമായുണ്ടായിരുന്നു. 'മോദിയുടെ ജന്മദിനത്തിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും സ്വർണ്ണമോതിരം വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഞങ്ങൾ ചെന്നെയിലെ സർക്കാർ ആർഎസ്ആർഎം ആശുപത്രിയാണ് തെരഞ്ഞെടുത്തിരിക്കുന്നത്', ഫിഷറീസ്, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് സഹമന്ത്രി എൽ മുരുകൻ പറഞ്ഞു. 2 ഗ്രാം സ്വർണ്ണത്തിന്റെ മോതിരമാണ് സമ്മാനമായി നൽകുക. ഏകദേശം 5000 രൂപ ഇതിന് വില വരും. 10-15 പ്രസവങ്ങൾ ഇന്നേ ദിവസം ഇവിടെ നടക്കുമെന്നാണ് വിലയിരുത്തലെന്ന് എൽ മുരുകൻ വിശദീകരിച്ചു. ഇതൊരു സമ്മാനമല്ല, മറിച്ച് കുഞ്ഞുങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് മോദിജിയുടെ ജന്മദിനം ആഘോഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.