ലോകം മുഴുവൻ ഒറ്റകുടക്കീഴിൽ വരുന്ന ആകാശ വൈഫൈ! നമുക്ക് പലപ്പോഴും കിറക്ക് എന്ന് തോനുന്ന സ്വപ്നങ്ങൾക്ക് പിറകെയാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നാനായ ഇലോൺ മസ്‌ക്ക്. ചൊവ്വയിലും ചന്ദ്രനിലും കൂടിയേറാനും, ബഹിരാകാശ ടൂറിസവുമൊക്കെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മസ്‌ക്കിന്റെ ഏറ്റവും വലിയ പദ്ധതികൂടിയാണ് സ്‌പെയ്‌സ്എക്‌സിന്റെ ഒരു വിഭാഗമായ സ്റ്റാർലിങ്ക് വഴിയുള്ള വൈഫൈ പദ്ധതി.

കടലിനടിയിലൂടെയുള്ള ഭൂഖണ്ഡാന്തര ഒപ്റ്റിക്കൽ ഫൈബർ ശൃംഖല ആണ് നിലവിലെ ഇന്റർനെറ്റിന്റെ നട്ടെല്ല് എന്ന് പറയാം. ഈ നിമിഷം നമ്മൾ ഉപയോഗിക്കുന്ന ഡേറ്റയുടെ സിംഹഭാഗവും കടന്നു പോകുന്നത് കടലിന്നടിത്തട്ടിൽ ഉള്ള കേബിൾ നെറ്റ് വർക്ക് വഴി ആണ്. എന്നാൽ മസ്‌ക്ക് ഇടപെട്ടതോടെ ഈ ചിത്രം മാറാൻ പോവുകയാണ് മാധ്യമങ്ങൾ എഴുതി. ലോകം മുഴുവൻ ഇന്റർനെറ്റ് സൗകര്യം നല്കാൻ ആകാശത്തുനിന്ന് വൈഫെ കണക്ഷന് കഴിയും. ലോകത്തിലെ ഏറ്റവും പവർഫുൾ റോക്കറ്റ് നിർമ്മിച്ചു വിക്ഷേപിച്ച സ്പേസ് എക്സ്സിന്റെ ഉടമയായ ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് എന്ന പദ്ധതിയുടെ ലക്ഷ്യം ഇതാണ്.

പക്ഷേ ഇപ്പോൾ ആ പദ്ധതിക്ക് ചില തിരിച്ചടികൾ ഏറ്റിരിക്കയാണ്. സ്റ്റാർലിങ്ക് അയച്ച 38 സാറ്റലൈറ്റുകൾ അപ്രതീക്ഷിത സൗര പ്രതിഭാസം മൂലം തകർന്നെന്ന് റിപ്പോർട്ട്. ഈ വർഷം ഫെബ്രുവരിയിലാണ് ഇത് നടന്നതെന്നാണ് അമേരിക്കയിലെയും ചൈനയിലെയും ഗവേഷകർ പുതിയ റിപ്പോർട്ടിൽ പറയുന്നത്. ഇതുമൂലം മസ്‌കിന് ദശലക്ഷക്കണക്കിനു ഡോളർ നഷ്ടം സംഭവിച്ചുവെന്ന് ദി ഡെയ്‌ലിമെയിൽ റിപ്പോർട്ടു ചെയ്യുന്നു.



എന്താണ് സ്റ്റാർ ലിങ്ക്

വൈകുന്നേരം ആകാശത്തിലൂടെ ധാരാളം നക്ഷത്രങ്ങൾ വരിവരിയായി നീങ്ങുന്നത് പലരും കണ്ടിട്ടുണ്ടാവും. യഥാർത്ഥത്തിൽ ഇവ സ്റ്റാർലിങ്കിന്റെ സാറ്റലെറ്റുകൾ ആണ്. ബഹിരാകാശത്ത് ഇന്ന് നിലവിലുള്ള ഏറ്റവും വിപുലമായ ഉപഗ്രഹശൃംഖലയാണ് സ്റ്റാർലിങ്ക്. വരി വരിയായി ഭൂമിക്ക് ചുറ്റും സഞ്ചരിക്കുന്ന ഈ ഉപഗ്രഹങ്ങളുടെ സോളാർപാനലിൽ സൂര്യപ്രകാശം തട്ടി പ്രതിഫലിക്കുന്നതാണ് ആകാശത്തു തിളങ്ങി കാണുന്ന വെളിച്ചപൊട്ടുകളുടെ നീണ്ട നിര.

ഭൂമിയുടെ ലോ-ഭ്രമണ പദത്തിൽ പതിനായിരക്കണക്കിന് ചെറിയ കൃത്രിമ ഉപഗ്രഹങ്ങൾ എത്തിച്ചാണ് സ്റ്റാർലിങ്ക് സംവിധാനം നിർമ്മിച്ചെടുക്കുന്നത്. ഡയറക്ട് ടു ഹോം ഡിഷ് ടിവി സേവനത്തിനു സമാനമായി കെട്ടിടങ്ങളുടെ മുകളിൽ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിന വഴിയായിരിക്കും ഈ സംവിധാനത്തിൽ ഇന്റർനെറ്റ് ലഭ്യമാവുക. കേബിൾ എത്തിപ്പെടാത്ത വിദൂരസ്ഥലങ്ങളിൽ പോലും ഇന്റർനെറ്റ് ലഭ്യമാക്കാമെന്നതാണ് ഇതിന്റെ മെച്ചം. വനാന്തരങ്ങളിലടക്കം ഭൂമിയുടെ ഏത് കോണിലും തടസ്സമില്ലാതെ ഇന്റർനെറ്റ് നല്കാൻ ഈ ഉപഗ്രഹക്കൂട്ടം വഴി കഴിയുമെന്ന് ഇലോൺ മസ്‌ക് പറയുന്നു. ഇതിന്റെ ഭാഗമായി മുവായിരത്തിലധികം ഉപഗ്രഹങ്ങൾ സ്റ്റാർലിങ്കിന്റേതായ് നിലവിൽ ബഹിരാകാശത്തുണ്ട്. സൈനിക, ശാസ്ത്രീയ, പര്യവേഷണ ആവശ്യങ്ങൾക്കായി ചില ഉപഗ്രഹങ്ങൾ വിൽക്കാനും ഇലോൺമസ്‌കിന്റെ സ്പേസ് എക്സ് കമ്പനി പദ്ധതിയുണ്ട്.

സെക്കൻഡിൽ 50 എംബി മുതൽ 150 എംബി വരെ സ്പീഡ് പരീക്ഷണ വേർഷനായ ബീറ്റയിൽ ലഭിക്കുമെന്നാണ് സ്റ്റാർലിങ്കിന്റെ അവകാശവാദം. കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതനുസരിച്ച് വേഗവും കൂടും. ഇപ്പോഴുള്ള പദ്ധതി പ്രകാരം ഏകദേശം 12,000 ഉപഗ്രഹങ്ങൾ വിന്യസിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 42,000 സാറ്റലൈറ്റുകൾ വിക്ഷേപിക്കുമെന്നാണ് മസ്‌ക് പറയുന്നത്. 2021ൽ മാത്രം 18 സ്റ്റാർലിങ്ക് വിക്ഷേപണങ്ങളാണ് സ്‌പേസ് എക്‌സ് നടത്തിയത്. ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ചു കൊണ്ടിരിക്കുന്നത്. ഓരോ വിക്ഷേപണത്തിലും 50 മുതൽ 60 സാറ്റലെറ്റുൾ വരെ ഉണ്ടാവും.

ഒരു വിക്ഷേപണത്തിലെ എല്ലാ സാറ്റലെറ്റുകളും വരിവരിയായാണ് പോയിക്കൊണ്ടിരിക്കുന്നത്.അടുത്ത ബാച്ചിലുള്ള സാറ്റലെറ്റുകൾ വരിയായി മറ്റൊരു ദിശയിൽ ആയിരിക്കും വിക്ഷേപിക്കുക.ഇത് മുഴുവൻ വിക്ഷേപിച്ചു കഴിയുമ്പോൾ ഏതു സമയത്തും, നമ്മൾ കാണുന്ന ആകാശത്തിൽ ഒരു 100 സാറ്റലെറ്റുകളെങ്കിലും ഉണ്ടാവും എന്നാണ് കണക്കുകൂട്ടൽ ! ഇത് ഭൂമിയിലുള്ള വാനനിരീക്ഷകർക്കു പ്രശ്നമാവും എന്നതിനാൽ ഇവയിൽ നിന്നുള്ള പ്രകാശം പ്രതിഫലിക്കുന്നത് കുറയ്ക്കണം എന്ന് ഇലോൺ മസ്‌ക് സ്റ്റാർലിങ്ക് ടീമിനോട് ആവശ്യപ്പെട്ടിട്ടുമുണ്ടത്രേ..

തുടക്കമെന്ന നിലയിൽ ഇപ്പോൾ തന്നെ 23 രാജ്യങ്ങളിൽ സ്റ്റാർലിങ്ക് പ്രവർത്തനം ആരംഭിച്ചിട്ടുമുണ്ട്. ഏറെ നാളുകളായി ഇന്ത്യയിലും സ്റ്റാർലിങ്ക് സേവനങ്ങൾ ആരംഭിക്കാനുള്ള ശ്രമങ്ങളിലാണ്. കമ്പനി രജിസ്റ്റർ ചെയ്തെങ്കിലും സേവനം ആരംഭിക്കാനുള്ള ലൈസൻസ് ഇന്ത്യൻ അധികൃതർ ഇതുവരെ നൽകിയിട്ടില്ല.
2015-ലാണ് മസ്‌ക് സ്റ്റാർലിങ്ക് എന്ന ആശയം അവതരിപ്പിച്ചത്. തുടർന്ന് 2017 സെപ്റ്റംബറിൽ സ്റ്റാർലിങ്ക് എന്ന പേര് ട്രേഡ്മാർക്കായി സ്വീകരിച്ച് ഈ പദ്ധതിയുടെ പ്രാരംഭ നടപടികൾ തുടങ്ങി. 2018 ഫെബ്രുവരി 22-നാണ് ആദ്യ സ്റ്റാർലിങ്ക് സാറ്റലൈറ്റ് വിക്ഷേപിച്ചത്. വാഷിങ്ടണിലെ റെഡ്മണ്ടിലുള്ള സ്‌പേസ് എക്‌സ് ഉപഗ്രഹ നിർമ്മാണശാലയിലാണ് ഈ പ്രോജക്ടിന്റെ ഗവേഷണവും സാറ്റലൈറ്റുകളുടെ ഭൂമിയിൽനിന്നുള്ള നിയന്ത്രണവും സാധ്യമാക്കുന്നത്. ഇത്രയധികം സാറ്റലൈറ്റ്കൾ അവയുടെ കാലാവധി തീരുന്ന മുറക്ക് ഉപയോഗ ശ്യൂന്യമായി ബഹിരാകാശത്തെ മലിനപ്പെടുത്താതിരിക്കാനുള്ള സംവിധാനവും എല്ലാ ഉപഗ്രഹങ്ങളിലും ഘടിപ്പിച്ചിട്ടുണ്ട്. അതിനാൽ പ്രവർത്തന കാലാവധിക് ശേഷം അവക്ക് ഭൗമാന്തരീക്ഷത്തിൽ തിരിച്ചെത്തി എരിഞ്ഞടങ്ങാൻ സാധിക്കും.



സൗരക്കാറ്റ് വില്ലാനാവുമ്പോൾ

ഫ്‌ളോറിഡയിലെ കെന്റക്കി സ്‌പെയ്‌സ് സെന്ററിൽ നിന്നാണ് ലോ-ലേറ്റൻസി ഇന്റർനെറ്റ് സാറ്റലൈറ്റുകൾ 2022 ഫെബ്രുവരി 3ന് വിക്ഷേപിച്ചത്. തുടക്കത്തിൽ അവ പ്രശ്‌നമൊന്നുമില്ലാതെ ഉയർന്നു. എന്നാൽ അവ പൊങ്ങി പോയിരുന്ന സമയത്ത് സൗരകണങ്ങളുടെയും റേഡിയേഷന്റെയും തരംഗം ഭൂമിക്കു മുകളിൽ എത്തുകയായിരുന്നു. സൂര്യന്റെ മേൽത്തട്ടിൽ ഉണ്ടായ ഒരു വിനാശകാരിയായ സ്ഥിതിഗതി മൂലമാണ് സൗരാശംങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ഇതിനെ സോളാർ ഫ്‌ളെയേഴ്‌സ് അല്ലെങ്കിൽ കൊറോണൽ മാസ് ഇജക്ക്ഷൻസ് എന്നാണ് വിളിക്കുന്നത്. ഇത് ബഹിരാകാശ കാലാവസ്ഥയുടെ ഭാഗമാണ്.

ഭൂമിക്കു മുകളിലെത്തിയ സൗരകണങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തെ ചൂടുപിടിപ്പിച്ചു. കൂടാതെ വായുവിന്റെ സാന്ദ്രത ചെറിയരീതിയിൽ വർദ്ധിപ്പിക്കുകയും ചെയ്തു. ഏകദേശം 130 മൈൽ ഉയരത്തിലാണ് സ്റ്റാർലിങ്ക് സാറ്റലൈറ്റുകൾ പ്രശ്‌നം നേരിട്ടതെന്നു പറയുന്നു. ഈ ചെറിയ ഉപഗ്രങ്ങൾ നിരവധി മൈൽ ഉയരെ എത്തേണ്ടതായിരുന്നു. എന്നാൽ, അറ്റ്മോസ്ഫറിക് ഡ്രാഗ് അതിന് അനുവദിച്ചില്ല. സൗര പ്രതിഭാസം ഈ ഡ്രാഗ് 60 ശതമാനം വരെ വർദ്ധിപ്പിച്ചു എന്നാണ് അമേരിക്കയിലെയും ചൈനയിലെയും ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

ഏകദേശം 49 ലോ-ലേറ്റൻസി സാറ്റലൈറ്റുകളാണ് സ്‌പെയ്‌സ്എക്‌സ് ഫെബ്രുവരി 3ന് വിക്ഷേപിച്ചത്. തുടക്കത്തിൽ ഒരു പ്രശ്‌നവും ഇല്ലാതെ അവ ഉയരുകയും ചെയ്തു. എന്നാൽ, ഇവയിൽ 38 എണ്ണം താഴ്ന്ന് വന്നു നശിച്ചു. ഇതുമൂലം ദശലക്ഷക്കണക്കിനു ഡോളറിന്റെ നഷ്ടം കമ്പനിക്ക് ഉണ്ടായി എന്നും പഠനങ്ങൾ പറയുന്നു. നശിച്ച സാറ്റലൈറ്റുകൾ ഓരോന്നിനും 570 പൗണ്ട് വീതമാണ് ഭാരം.

സ്‌പെയ്‌സ്എക്‌സ് ഉപയോഗിച്ചിരിക്കുന്ന നൂതന സാങ്കേതികവിദ്യ മൂലം ഇവ ഭൂമിയിലുള്ളവർക്ക് എന്തെങ്കിലും തരം ഭീഷണി ഉയർത്തുന്നില്ല. അവശിഷ്ടങ്ങൾ ബഹിരാകാശത്ത് അവശേഷിപ്പിക്കുന്നുവെന്നും ഇല്ലെന്നും പറയുന്നു. സ്‌പെയ്‌സ്എക്‌സിന് ഉണ്ടായ തരത്തിലുള്ള നഷ്ടം മറ്റു കമ്പനികൾക്കായിരുന്നു ഉണ്ടായിരുന്നതെങ്കിൽ അവയ്ക്ക് ധനപരമായ തിരിച്ചടി ആകുമായിരുന്നുവെന്നു ന്യൂസ് വീക്കിന്റെ റിപ്പോർട്ടിൽ പറയുന്നു.

മസ്‌കിന്റെ ഉദ്യമം വ്യത്യസ്തമാണ്. ഇപ്പോൾ ഇന്റർനെറ്റ് ലഭ്യമല്ലാത്ത 300 കോടി ആളുകൾക്ക് ഇന്റർനെറ്റ് നൽകാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും അതിൽ നിന്നു ലഭിക്കുന്ന ലാഭം ഉപയോഗിച്ച് ചൊവ്വാ ഗ്രഹത്തിൽ നഗരം ഉണ്ടാക്കാൻ ശ്രമിക്കുമെന്നും മസ്‌ക് പറയുന്നു. പക്ഷേ അതിന് വലിയ തിരിച്ചടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പക്ഷേ മസ്‌ക് അങ്ങനെയാണ്. എന്ത് തിരിച്ചടിയുണ്ടായാലും റിസൾട്ടിനുവേണ്ടി പൊരുതും. അതുകൊണ്ടുതന്നെ തടസ്സങ്ങൾ പരിഹരിച്ച്, അദ്ദേഹത്തിന് ലക്ഷ്യത്തിൽ എത്താൻ കഴിയുമെന്ന് തന്നെയാണ് പൊതുവെ കരുതുന്നത്.