തിരുവനന്തപുരം: ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച നടപടിയിൽ വൈദ്യുതി ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ രംഗത്ത്. വൈദ്യുതി കുടിശ്ശിക തീർക്കാത്തതിന്റെ പേരിൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചത് ദേശീയ തലത്തിൽ നാണക്കേടുണ്ടാക്കിയെന്ന് കെസിഎ സെക്രട്ടറി ശ്രീജിത്ത് വി നായർ പറഞ്ഞു.

വൈദ്യുതി ബിൽ കുടിശ്ശികയായെങ്കിൽ കെ എസ് ഇ ബി നേരത്തെ നടപടി എടുക്കണമായിരുന്നു. ചില സ്മാർട്ട് ഉദ്യോഗസ്ഥർ പ്രതിസന്ധി സൃഷ്ടിക്കാനാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ വൈദ്യുതി വിച്ഛേദിച്ചതെന്നും ശ്രീജിത്ത് വി നായർ പറഞ്ഞു.

ഈ മാസം 30 ന് കുടിശ്ശിക മുഴുവൻ അടയ്ക്കാമെന്ന കെസിഎയുടെ ഉറപ്പിനെ തുടർന്നാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി കണക്ഷൻ കെഎസ്ഇബി ഇന്ന് പുനഃസ്ഥാപിച്ചത്. ഈ മാസം 13 നാണ് കെഎസ്ഇബി കഴക്കൂട്ടം സെക്ഷൻ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ ഫ്യൂസ് ഊരിയത്. 2.36 കോടി രൂപയുടേതാണ് വൈദ്യുതി കുടിശ്ശിക. കുടിശ്ശിക മുഴുവൻ അടയ്ക്കാമെന്ന കെസിഎ ഉറപ്പ് നൽകിയതോടെയാണ് വൈദുതി പുനഃസ്ഥാപിച്ചത്.

ഈ മാസം 28 ന് ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി 20 നടക്കാനിരിക്കെ കാര്യവട്ടം സ്റ്റേഡിയത്തിന്റെ വൈദ്യുതി വിച്ഛേദിച്ചത്. പലവട്ടം നോട്ടീസ് നൽകിയിട്ടും പണം അടയ്ക്കാത്തതിന് പിന്നാലെ ചൊവ്വാഴ്ചയാണ് സെഷൻ ഓഫീസ് കാര്യംവട്ടം സ്റ്റേഡിയത്തിന്റെ ഫ്യൂസ് കഴക്കൂട്ടം കെ എസ് ഇ ബി ഊരിയത്. കുടിശ്ശിക നൽകിയില്ലെങ്കിൽ കണക്ഷൻ റദ്ദാക്കുമെന്ന് വാട്ടർ അഥോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വൈദ്യുതി ബന്ധം വിഛേദിച്ചതോടെ സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണി നടത്തിയത് വാടകക്കെടുത്ത ജനറേറ്ററിലാണ്. മത്സരത്തിന് മുന്നോടിയായി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ സുരക്ഷാ അവലോകന യോഗം ചേർന്നതും ജനറേറ്റർ ഉപയോഗിച്ചുള്ള വൈദ്യുതിയിലാണ്. സ്റ്റേഡിയത്തിന്റെ മേൽനോട്ട, നടത്തിപ്പ് ചുമതലയുള്ള കാര്യവട്ടം സ്പോർട്സ് ഫെസിലിറ്റി ലിമിറ്റഡാണ് മൂന്ന് വർഷത്തെ വൈദ്യുതി, കുടിവെള്ള കുടിശ്ശിക വരുത്തിയത്.

സർക്കാർ വർഷാവർഷം നൽകുന്ന ആന്വിറ്റി ഫണ്ട് നൽകാതെ കുടിശ്ശിക നൽകാനാകില്ലെന്നായിരുന്നു കെ എസ് എഫ് എലിന്റെ നിലപാട്. പേരിന് പോലും പ്രവർത്തിക്കാത്ത കെ എസ് എഫ് എല്ലിനുമേൽ പഴി ചാരി തടിയൂരുകയായിരുന്നു കേരള ക്രിക്കറ്റ് അസോസിയേഷൻ. നികുതിയിനത്തിൽ കെ എസ് എഫ് എൽ തിരുവനന്തപുരം കോർപ്പറേഷന് രണ്ട് കോടി 85 ലക്ഷം രൂപ നൽകാനുണ്ട്.