- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവശ്യപ്പെട്ട രേഖകൾ നോഡൽ ഏജൻസിയായ കെ റെയിൽ നൽകുന്നില്ല; സിൽവർ ലൈൻ പദ്ധതിയുടെ അലൈന്മെന്റിന് വേണ്ട വിശദാംശങ്ങൾ കൈമാറിയില്ല; ഹൈക്കോടതിയിൽ പുതിയ വിശദീകരണ പത്രിക സമർപ്പിച്ച് റെയിൽവേ മന്ത്രാലയം; ഹർജി നാളെ പരിഗണിക്കും
കൊച്ചി: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ പരിശോധനയ്ക്കായി ആവശ്യപ്പെട്ട രേഖകൾ നോഡൽ ഏജൻസിയായ കെ റെയിൽ നൽകിയില്ലെന്ന് കേരള ഹൈക്കോടതിയിൽ വ്യക്തമാക്കി കേന്ദ്ര റെയിൽവേ മന്ത്രാലയം.
സിൽവർ ലൈൻ പദ്ധതിയുടെ അലൈന്മെന്റിന് ആവശ്യമായി വരുന്ന സ്വകാര്യഭൂമി, റെയിൽവേ ഭൂമി തുടങ്ങിയവയുടെ വിശദാംശങ്ങൾ ഇതുവരെ കേരള റെയിൽ ഡെവലപ്‌മെന്റ കോർപ്പറേഷൻ നൽകിയില്ലെന്നാണ് റെയിൽവേ മന്ത്രാലയം കോടതിൽ വ്യക്തമാക്കിയത്.
ഈ വിവരങ്ങൾ തേടി രണ്ട് കെആർഡിസിഎൽ (കേരള റെയിൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്) കത്തയച്ചെങ്കിലും മറുപടി ഉണ്ടായില്ലെന്നും റെയിൽവേ പറയുന്നു. ഹൈക്കോടതിയിലാണ് റെയിൽവേ ഇക്കാര്യങ്ങൾ അറിയിച്ചത്.
ഡി.പി.ആർ സംബന്ധിച്ച നിലപാടിൽ മാറ്റമുണ്ടോയെന്ന് അറിയിക്കാൻ റെയിൽവേയോട് കോടതി ആവശ്യപ്പെട്ടിരുന്നു.തുടർന്നാണ് ഇക്കാര്യത്തിൽ പുതിയ വിശദീകരണ പത്രിക റെയിൽവേ നൽകിയത്.
ഡി.പി.ആർ. അപൂർണ്ണമാണെന്നാണ് റെയിൽവേയുടെ നിലപാട്. സിൽവർ ലൈൻ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. പദ്ധതിയുടെ സാങ്കേതിക വശങ്ങൾ ഡിപിആറിൽ ഉൾക്കൊള്ളിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാറും നേരത്തെ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.
സമഗ്രമായ ഡിപിആർ തയ്യാറാക്കുന്നതിനുള്ള അനുമതി നൽകിയിട്ടും ഇതുവരെയായിട്ടും പൂർണ്ണമാക്കിയിട്ടില്ലെന്ന് റെയിൽവേ ചൂണ്ടിക്കാട്ടി. സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ ഒരുവിധ അനുമതിയും നൽകിയിട്ടില്ലെന്നും നേരത്തെ കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചിരുന്നു.
സിൽവർ ലൈൻ പദ്ധതി സങ്കീർണമെന്നായിരുന്നു രാജ്യസഭയിൽ കേന്ദ്ര റയിൽ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കിയത്. പദ്ധതിക്ക് അനുമതി നൽകിയിട്ടില്ലെന്നും പദ്ധതിയുമായി ബന്ധപ്പട്ട് നിരവധി ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.
മുഖ്യമന്ത്രി പറഞ്ഞതിനേക്കാൾ പദ്ധതിക്ക് ചെലവ് വരും. പദ്ധതി ചെലവ് ഒരു ലക്ഷം കോടിക്ക് മുകളിലാകുമെന്നും റെയിൽവെ മന്ത്രി അറിയിച്ചിരുന്നു. റെയിൽവെ മന്ത്രാലയത്തിന്മേലുള്ള ബജറ്റ് ചർച്ചയിൽ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് ബിജെപി, സിപിഎം അംഗങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്കായിരുന്നു മന്ത്രി അന്ന് പ്രതികരിച്ചത്.
63000 കോടി രൂപയാണ് പദ്ധതി ചെലവ് വരികയെന്ന സംസ്ഥാന സർക്കാർ വാദമാണ് മന്ത്രി രാജ്യസഭയിലെ പ്രസ്താവനയിൽ തള്ളിയത്. ഒരുലക്ഷം കോടിയിലധികം ചെലവ് പദ്ധതിക്ക് വരുമെന്നാണ് കേന്ദ്ര റെയിൽവെ മന്ത്രാലയം കണക്കുകൂട്ടുന്നത്.
'കേരളം ഈ പദ്ധതിയിൽ ഒട്ടും തിടുക്കം കാണിക്കരുത്. വളരെ ആലോചിച്ച് മാത്രം തീരുമാനമെടുക്കണം.'- എന്നായിരുന്നു അന്ന് കേന്ദ്ര റെയിൽവെ മന്ത്രി പ്രതികരിച്ചത്. ഇത് ഒറ്റ ലൈനിൽ ട്രെയിൻ ഓടുന്ന തരത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. സാങ്കേതികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ പദ്ധതിയിലുണ്ട്. കേരളത്തിന്റെ നന്മയെ മുന്നിൽ കണ്ട് കേരളത്തിലെ ജനങ്ങൾക്ക് അനുകൂലമായ നടപടി കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും മന്ത്രി രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ