- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന അർപ്പിക്കണം; കാനൻ നിയമപ്രകാരമുള്ള ഒഴിവ് വേണ്ട ഇടവകകൾ അപേക്ഷ സമർപ്പിക്കണം; ഇടവക സന്ദർശിക്കുന്ന മെത്രാന്മാരോ വൈദികരോ ഏകീകൃത കുർബാന അർപ്പിച്ചാൽ അത് തടയരുത്; അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്ററുടെ സർക്കുലർ ഇറങ്ങി
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ സിനഡ് തീരുമാനപ്രകാരമുള്ള ഏകീകൃത കുർബാന അർപ്പിക്കണമെന്ന് അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്ററുടെ സർക്കുലർ. അതിരൂപതയിലെ പള്ളികളിൽ ഒക്ടോബർ ഒൻപത് ഞായറാഴ്ച വായിക്കാനായി പുറപ്പെടുവിച്ച സർക്കുലറിലാണ് അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്റർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പുതിയ നിർദ്ദേശം നൽകിയത്.
മാർപാപ്പയുടെയും പരിശുദ്ധ സിംഹാസനത്തിന്റെയും മാർഗനിർദ്ദേശങ്ങളുടെയും സിനഡ് തീരുമാനത്തിന്റെയും വെളിച്ചത്തിൽ താഴെ പറയുന്ന കാര്യങ്ങൾ അതിരൂപതയിൽ ഉടൻ പ്രാബല്യത്തിൽ വരുമെന്നു സർക്കുലർ പറയുന്നു. പ്രധാന നിർദ്ദേശങ്ങൾ ഇങ്ങനെ:
1. സിനഡ് തീരുമാനം അനുസരിച്ചുള്ള ഏകീകൃതരീതി വിശുദ്ധ കുർബാന അർപ്പണത്തിൽ പാലിക്കണം.
2. ഏകീകൃത കുർബാന അർപ്പണരീതി ഉടൻ നടപ്പിലാക്കാൻ ബുദ്ധിമുട്ടുള്ള ഇടവകകളിലും സമർപ്പിത സമൂഹങ്ങളിലും പാരീഷ് കൗൺസിലിന്റെ നിർദ്ദേശങ്ങൾ കണക്കിലെടുത്ത്, ഏകീകൃത കുർബാന അർപ്പണ രീതിയെക്കുറിച്ചു ബോധനം നൽകുക എന്ന ലക്ഷ്യത്തോടെ കാനൻനിയമപ്രകാരമുള്ള ഒഴിവ് (Dispensation) ലഭിക്കാൻ ബന്ധപ്പെട്ട വികാരി/അധികാരി അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്റർക്കോ അതിരൂപത കാര്യാലയത്തിലേക്കോ അപേക്ഷ സമർപ്പിക്കണം. പരിശുദ്ധ സിംഹാസനം നൽകിയ നിബന്ധനകൾക്ക് അനുസരിച്ചായിരിക്കും ഇങ്ങനെ ഒഴിവ് ലഭിക്കുക.
3. ഇങ്ങനെ ഒഴിവ് ലഭിച്ചിട്ടുള്ള ഇടവകയോ സമൂഹമോ ആണെങ്കിലും മെത്രാന്മാർ ഇടവകയിൽ വരുമ്പോൾ, സിനഡ് തീരുമാനപ്രകാരമുള്ള ഏകീകൃതരീതി പാലിക്കേണ്ടതിനാൽ അതിനുള്ള സൗകര്യം ചെയ്തുകൊടുക്കണം. കൂടാതെ, ഇടവക വികാരിയെയും സമൂഹത്തെയും അറിയിച്ചുകൊണ്ട്, മൃതസംസ്‌കാരശുശ്രൂഷകളുടെയും കൂദാശകളുടെയും പരികർമത്തിന്റെയും അവസരങ്ങളിൽ ഇടവക സന്ദർശിക്കുന്ന മെത്രാന്മാരെയോ വൈദികരെയോ ഏകീകൃതരീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിൽനിന്നു തടയാൻ പാടുള്ളതല്ല എന്ന പരിശുദ്ധ സിംഹാസനത്തിന്റെ നിർദ്ദേശം പാലിക്കണം. പുത്തൻകുർബാന അർപ്പിക്കുന്ന നവവൈദികരും ഏകീകൃതരീയിൽ മാത്രമേ കുർബാന അർപ്പിക്കാൻ പാടുള്ളൂ.
4. പരിശുദ്ധ സിംഹാസനം പറയുന്നതു പ്രകാരം കത്തീഡ്രൽ ദേവാലയം, പരിശീലന കേന്ദ്രങ്ങളായ സെമിനാരികൾ, പ്രത്യേക പ്രാധാന്യമുള്ള ദേവാലയങ്ങൾ, തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഏകീകൃത കുർബാന അർപ്പണ രീതി ഉടൻ നടപ്പിലാക്കാൻ നടപടി സ്വീകരിക്കണം. എന്നാൽ, 2022 ഓഗസ്റ്റിൽ പരിശുദ്ധ സിംഹാസനം നൽകിയ അനുവാദപ്രകാരം ബന്ധപ്പെട്ട വികാരി രേഖാമൂലം ആവശ്യപ്പെടുന്ന പക്ഷം കത്തീഡ്രലിലും (ബസിലിക്ക) തീർത്ഥാടനകേന്ദ്രങ്ങളിലും സിനഡ് അംഗീകരിച്ച രീതിയിൽ ഞായറാഴ്ചയും കടമുള്ള ദിവസങ്ങളിലും ഒരു കുർബാനയെങ്കിലും അർപ്പിച്ചു മേൽപ്പറഞ്ഞ മാർഗനിർദ്ദേശം പടിപടിയായി നടപ്പിലാക്കാനുള്ള പ്രത്യേക അനുവാദം അടുത്തു വരുന്ന മംഗള വാർത്തക്കാലത്തിന്റെ (2022)ആരംഭം വരെയുള്ള കാലഘട്ടത്തലേക്കു നൽകും.
മൂന്നു രൂപങ്ങളിലും കുർബാന അർപ്പിക്കുമ്പോഴും അംഗീകരിച്ച തക്‌സയും വചനവേദിയും ബലിവേദിയും ഉപയോഗിക്കണം. തക്‌സപ്രകാരം കാർമികനു നിശ്ചയിച്ചിട്ടുള്ള ഐച്ഛികങ്ങൾ ഉപയോഗിക്കാം. വിശുദ്ധരോടുള്ള വണക്കം, പരിശുദ്ധ കുർബാനയുടെ ആരാധന, കുരിശിന്റെ വഴി, ജപമാല തുടങ്ങിയ ഭക്താഭ്യാസങ്ങളും നിലവിലുള്ളതുപോലെ സക്രാരിയുടെ സ്ഥാനവും തിരുസ്വരൂപങ്ങളും ക്രൂശിതരൂപം അടക്കമുള്ള അംഗീകരിച്ച കുരിശുകളും സഭ അംഗീകരിച്ച മറ്റെല്ലാ ഭക്താഭ്യാസങ്ങളും അതുപോലെ തന്നെ തുടരുന്നതാണെന്നും സർക്കുലറിൽ പറയുന്നു.
ഫ്രാൻസിസ് മാർപ്പാപ്പ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു വേണ്ടി പുറപ്പെടുവിച്ച കത്തിലെ വാചകങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് സർക്കുലർ അവസാനിക്കുന്നത്.
മറുനാടന്‍ മലയാളി ബ്യൂറോ