- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവനേതാവ് ആയിരിക്കുമ്പോഴേ കുറിക്ക് കൊള്ളുന്ന നർമം പറഞ്ഞ് കെ ആർ ചുമ്മാറിനെ പോലുള്ളവരുടെ പ്രശംസ പിടിച്ചുപറ്റി; ചിരി കലർത്തിയ പ്രസംഗം ശീലിച്ച് സ്വന്തം ശൈലി ആക്കിയതും ചുമ്മാറിന്റെ അഭിനന്ദനത്തിന് ശേഷം; ചിരിക്കുള്ളിലെ ചിന്തയെ കുറിച്ച് പുസ്തകവും; കോടിയേരി വിടവാങ്ങുമ്പോൾ സിപിഎമ്മിൽ ചിരിയുടെ കൊടിയിറക്കം
തിരുവനന്തപുരം: സിപിഎമ്മിന്റെ ചിരിക്കുന്ന മുഖമെന്ന വ്യാഖ്യാനം നൽകി കോടിയേരി ബാലകൃഷ്ണനെ അവതരിപ്പിക്കാത്തവർ ഉണ്ടാകില്ല. മലയാളത്തിലെ മുൻ നിര പ്രസാധകർ കോടിയേരിയുടെ ചിരിയെക്കുറിച്ചും അതിനുള്ളിലെ ചിന്തയെക്കുറിച്ചും പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാർട്ടിക്കുള്ളിലും പാർട്ടിക്ക് പുറത്തും കോടിയേരിയുടെ ചിരിയും ചിന്തയും കലർന്ന പ്രസംഗവും സംഭാഷണങ്ങളും ഏറെ പ്രസിദ്ധമാണ്. അതുകൊണ്ട് തന്നെ പാർട്ടിക്കുള്ളിൽ ഒരു കാലത്ത് വളരെ ശക്തമായിരുന്ന വിഭാഗീയത തുടച്ച് മാറ്റി നേതാക്കളെയും അണികളെയും ഒറ്റക്കെട്ടായി നയിക്കാൻ കോടിയേരിക്ക് കഴിഞ്ഞിരുന്നു,
പാർട്ടിയിൽ ജനങ്ങൾ അർപ്പിച്ചിരിക്കുന്ന വിശ്വാസം കാത്ത് സൂക്ഷിക്കുകയും, പാർട്ടിയെ ശക്തിപ്പെടുത്തുകയും ചെയ്ത നേതാവാണ് കോടിയേരി. 2015-ൽ ആലപ്പുഴ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുമ്പോൾ എന്ത് പറഞ്ഞുവോ അത് അക്ഷരം പ്രതി പാലിച്ച നേതാവ് കൂടിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ.
ഇടത് വലത് മുന്നണികൾ തമ്മിൽ തർക്കവും വിമർശനങ്ങളുമൊക്കെ നിയമ സഭയെ പ്രകമ്പനം കൊള്ളിക്കുമ്പോൾ കുറിക്ക് കൊള്ളുന്ന നർമം പറഞ്ഞ് വിമർശകരുടെ വാ അടപ്പിക്കുന്ന കോടിയേരി യുവ നേതാവ് ആയിരിക്കുമ്പോൾ തന്നെ ചുമ്മാറിനെപ്പോലുള്ള പ്രമുഖരുടെ പ്രശംസ പിടിച്ച് പറ്റിയിരുന്നു. ചുമ്മാർ അഭിനന്ദിച്ചതിന് ശേഷമാണ് ചിരി കലർത്തിയ പ്രസംഗം പരിശീലിച്ച് സ്വന്തം ശൈലി ആക്കിയതെന്ന് കോടിയേരി തന്നെ പറഞ്ഞിട്ടുണ്ട് .
സിപിഎം വിട്ടുപോയ ഗൗരിയമ്മയെ തിരികെ സിപിഎം പാളയത്തിലെത്തിച്ചതിന്റെ ക്രഡിറ്റും കോടിയേരിക്ക് സ്വന്തമാണ്. അതിന് പിന്നിലും ചിരി കലർന്ന ചിന്തയും പ്രവർത്തിയും തന്നെയാണ് കോടിയേരിക്ക് ബലം പകർന്നത്.
വിദ്യാർത്ഥി നേതാക്കളോട് കോടിയേരി കാണിച്ച കരുതലും വാത്സല്യവും എടുത്ത് പറയേണ്ടതാണ്. പ്രതിപക്ഷ ഉപനേതാവായിരിക്കുമ്പോൾ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ അതിക്രമിച്ച് കയറിയ പൊലീസിനെ താക്കീത് ചെയ്യുകയും വിദ്യാർത്ഥികൾക്ക് ഒപ്പം നിൽക്കുകയും ചെയ്ത അദ്ദേഹം എസ് എഫ് ഐയും സിപിഎമ്മും വിട്ട് ആർ എം പിയിൽ ചേക്കേറിയ യുവ നേതാവ് കെ എസ് വിമലിന്റെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുകയും വിമലിന്റെ മൃതശരീരം കണ്ട് അന്ത്യാഭിവാദ്യം അർപ്പിക്കാൻ കോഴിക്കോട് ടൗൺ ഹാളിലെത്തിയതും വിദ്യാർത്ഥികളോടുള്ള കരുതലിന്റെ ഭാഗമായി കാണാം .കണ്ണൂരിൽ നിന്ന് മാത്രമല്ല മറ്റ് ജില്ലകളിൽ നിന്നും പുതു തലമുറ നേതാക്കൾ ഉണ്ടാകണമെന്ന നിർബന്ധവും കോടിയേരിക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എസ് എഫ് ഐ യിലെ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള നേതാക്കളെ അദ്ദേഹം വാർത്തെടുത്തു.
കോടിയേരി വിടവാങ്ങിയതോടെ സിപിഎമ്മിലെ ചിരിയുടെ കൊടിയിറക്കമാണ് അക്ഷരാർത്ഥത്തിൽ സംഭവിക്കുന്നത്
മറുനാടന്‍ മലയാളി ബ്യൂറോ