സാൻഫ്രാൻസിസ്‌കോ: വലിയ വിവാദം സൃഷ്ടിച്ച പിൻവാങ്ങൽ പ്രഖ്യാപനത്തിന് ശേഷം ട്വിറ്റർ സ്വന്തമാക്കാൻ ഒടുവിൽ ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ആദ്യം പ്രഖ്യാപിച്ച മോഹവിലയായ 44 ബില്യൺ യുഎസ് ഡോളർ ( ഏകദേശം 4,400 കോടി ഇന്ത്യൻ രൂപ) നൽകിയാണ് മസ്‌ക് വാങ്ങുക. മസ്‌കിൽ നിന്ന് ഇത് വ്യക്തമാക്കുന്ന കത്ത് ലഭിച്ചതിന് പിന്നാലെ ഓഹരിയൊന്നിന് 54.20 ഡോളർ എന്ന വിലയനുസരിച്ചാണ് കരാർ.

വിൽപ്പന പാതിവഴിയിൽ മുടങ്ങിയതിനെത്തുടർന്നു ട്വിറ്റർ കേസുമായി കോടതിയിൽ എത്തിയിരുന്നു. ഇതേത്തുടർന്നാണു മനംമാറ്റമെന്നാണു റിപ്പോർട്ട്. മസ്‌കിന്റെ കത്ത് കിട്ടിയതായി ട്വിറ്റർ വാർത്താ ഏജൻസിയായ എഎഫ്‌പിയോടു സ്ഥിരീകരിച്ചു. ഓഹരിക്ക് 54.20 ഡോളർ എന്ന വിലയാണ് കരാർ പ്രകാരം അംഗീകരിച്ചിരിക്കുന്നതെന്നും ട്വിറ്റർ വ്യക്തമാക്കി.

എന്നാൽ മസ്‌കിനെതിരെയുള്ള കേസ് അവസാനിപ്പിക്കുമോ എന്നതിൽ ട്വിറ്റർ വ്യക്തത വരുത്താൻ തയ്യാറായിട്ടില്ല. ഇത് മസ്‌കിനെ വിശ്വാസമില്ലാത്തതിനാലാണെന്ന് വിദഗ്ദ്ധർ പറയുന്നു. വിൽപ്പന പാതിവഴിയിലാക്കി മസ്‌ക് നേരത്തേ പിന്മാറിയതിനെ തുടർന്നാണ് ട്വിറ്റർ കോടതിയെ സമീപിച്ചത്. മസ്‌കിന്റെ വെറുംവാക്കിന്റെ പുറത്ത് ട്വിറ്റർ അന്തിമ തീരുമാനമെടുക്കുമെന്ന് കരുതാനാവില്ലെന്നും ഉറപ്പ് ലഭിച്ച് ബോധ്യപ്പെട്ട ശേഷമേ ട്വിറ്റർ വിൽപനയായെന്ന് വിശ്വസിക്കൂവെന്നും ബ്രൂക്‌ലിൻ ലോ സ്‌കൂൾ പ്രൊഫസറായ ആൻഡ്രൂ ജെന്നിങ്‌സ് പറയുന്നു.

ലോകത്തെ ഏറ്റവും ധനാഢ്യനായ വ്യക്തിയും ലോകത്തെ ഏറ്റവും സ്വാധീനശേഷിയുള്ള സമൂഹ മാധ്യമവും തമ്മിലുള്ള ഇടപാടെന്നതുകൊണ്ട് തന്നെ ട്വിറ്റർ വിൽപ്പന ആഗോളശ്രദ്ധയാകർഷിച്ചിരുന്നു. 100 മില്യൻ ആളുകളാണ് ട്വിറ്ററിൽ മസ്‌കിനെ പിന്തുടരുന്നത്. ട്വിറ്റർ താൻ ഏറ്റെടുത്താൽ അതിനെ അഭിപ്രായ സ്വാതന്ത്ര്യം നൽകുന്ന വേദിയാക്കി മാറ്റുമെന്നും നിലവിൽ ട്വിറ്റർ അത് നൽകുന്നില്ലെന്നുമായിരുന്നു മസ്‌ക് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

അതേസമയം ഒക്ടോബർ 17 ന് ആരംഭിക്കാനിരിക്കുന്ന വിചാരണ വൈകിപ്പിക്കാനുള്ള മസ്‌കിന്റെ തന്ത്രമായി നിലവിലെ പ്രഖ്യാപനത്തെ കാണുന്നവരും കുറവല്ല. അതേസമയം മസ്‌കിനെതിരായ കേസ് അത്ര ശക്തമല്ലെന്ന് വാദിക്കുന്നവരുമുണ്ട്. മസ്‌കിന്റെ അഭിഭാഷകൻ ഇതിനോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഫെയ്ക്ക് അക്കൗണ്ടുകളുടെ എണ്ണം ട്വിറ്റർ കുറച്ച് കാണിക്കുന്നുവെന്നും താൻ ആവശ്യപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാൻ ട്വിറ്റർ വിസമ്മതിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് ആദ്യം ട്വിറ്റർ വാങ്ങാനുള്ള തീരുമാനത്തിൽ നിന്ന് മസ്‌ക് പിന്മാറിയത്.

ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച യഥാർഥ കണക്കുകൾ നൽകണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മസ്‌കിന്റെ പിന്മാറ്റം. തന്റെ ട്വീറ്റുകൾക്കുള്ള മറുപടികളിൽ 90 ശതമാനവും 'ബോട്‌സ്' എന്ന പേരിലറിയപ്പെടുന്ന വ്യാജ അക്കൗണ്ടുകളിൽ നിന്നാണെന്നതിന് സ്‌ക്രീൻഷോട്ട് തെളിവും ഹാജരാക്കിയാണു ശതകോടീശ്വരൻ രൂക്ഷവിമർശനം ഉയർത്തിയത്. ബിനാൻസ് സിഇഒ ചാങ്പെങ് ഷാവൊയുടെ പേരിലുള്ള വ്യാജ അക്കൗണ്ടിൽനിന്നുള്ള മറുപടിയായിരുന്നു മസ്‌ക് തെളിവായി എടുത്തുകാട്ടിയത്. എന്നാൽ വെറും 5% അക്കൗണ്ടുകൾ മാത്രമാണ് ബോട്‌സുകളെന്ന നിലപാടാണു ട്വിറ്ററിന്.

മസ്‌കോ, ട്വിറ്റർ സിഇഒ പരാഗ് അഗർവാളോ ട്വിറ്റർ ഇടപാട് സംബന്ധിച്ച വാർത്തയെ കുറിച്ച് പരസ്യമായി പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തെ കുറിച്ചാണ് മസ്‌ക് അവസാനമായി ട്വീറ്റ് ചെയ്തിരിക്കുന്നതും. മസ്‌ക് 44 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങിയാൽ അത് ട്വിറ്ററിന്റെ വിജയമായി കണക്കാക്കുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. പക്ഷേ മസ്‌ക് പ്രവചനങ്ങൾക്ക് അതീതനായ വ്യക്തിയായതിനാൽ വാങ്ങിയ ശേഷം വാങ്ങിയെന്ന് ഉറപ്പിക്കാമെന്ന നിലപാടാണ് ടെക് ലോകം വ്യക്തമാക്കുന്നത്.

ട്വിറ്റർ ഏറ്റെടുക്കാനുള്ള മസ്‌കിന്റെ നീക്കം ഓഹരിയുടമകൾ അംഗീകരിച്ചിരുന്നു. കരാർ വ്യവസ്ഥകൾ ലംഘിച്ചെന്ന് ആരോപിച്ച് ഏറ്റെടുക്കലിൽനിന്നു മസ്‌ക് പിന്മാറുന്നതിനിടെയാണ് ഉടമകൾ ഇടപാട് അംഗീകരിച്ചത്. 3.67 ലക്ഷം കോടി രൂപയ്ക്കാണ് (4400 കോടി ഡോളർ) കമ്പനി ഏറ്റെടുക്കാൻ ഇലോൺ മസ്‌ക് കരാർ ഒപ്പുവച്ചത്. എന്നാൽ ഈ കരാർ അവസാനിപ്പിച്ചതായി ജൂലൈയിൽ പ്രഖ്യാപിച്ചു. എന്നാൽ ഓഹരിയുടമകളുടെ അംഗീകാരം ട്വിറ്ററിന് നിയമപോരാട്ടവുമായി മുന്നോട്ടു പോകാൻ സഹായകമായിരുന്നു.