കൊച്ചി: യുവ നടി അന്ന രേഷ്മ രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തിൽ പൂട്ടിയിട്ട സംഭവത്തിൽ ആരോപണ വിധേയയായ പെൺകുട്ടി മാപ്പു പറഞ്ഞതോടെ പരാതിയിൽ ഒത്തുതീർപ്പ്. പ്രായത്തിന്റെ പകത്വയില്ലായ്മയായി താൻ ഈ സംഭവത്തെ കാണുന്നു. ഭാവിയെ ഓർത്ത് പ്രശ്‌നം ഒത്തുതീർപ്പ് ആക്കുന്നുവെന്നും നടി അന്ന രാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

'ഞാൻ ഒരു ഷോറൂമിൽ സിമ്മിന്റെ പ്രശ്‌നവുമായി പോയതാണ്. അവർ കുറച്ച് മോശമായി പെരുമാറി. അവർ ഷട്ടറൊക്കെ അടച്ചിട്ടു. ഞാൻ ആകെ പേടിച്ചു പോയി. ഞാൻ കരയുകയായിരുന്നു. ഞാൻ ഒരു മാസ്‌കൊക്കെ ഇട്ടു സാധാരണ പെൺകുട്ടിയായാണ് പോയത്. അവർ മാപ്പൊക്കെ പറഞ്ഞു. 25 വയസുള്ള കുട്ടിയാണ്. പ്രായത്തിന്റെ പകത്വയില്ലായ്മയാണ്. അത് കൂടുതൽ പ്രശ്‌നമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇനി ആർക്കും ഇത്തരം ഒരു പ്രശ്‌നമുണ്ടാകരുത്', നടി  നടി അന്ന രാജൻ പറഞ്ഞു.

അവർ പിടിച്ചു വലിച്ചപ്പോൾ എന്റെ കൈയിൽ ഒരു സ്‌ക്രാച്ച് വന്നു. അതല്ലാതെ മറ്റൊരു ശാരീരിക ഉപദ്രവവും ഉണ്ടായിട്ടില്ല. ഷട്ടർ അടച്ചിട്ടപ്പോൾ ഞാൻ വലതും മോഷ്ടിച്ചോ അല്ലെങ്കിൽ എന്തെങ്കിലും അപരാധം ചെയ്‌തോ എന്നൊക്കെയുള്ള തോന്നൽ വന്നു. അവർക്ക് ഒരു ജീവിതമുണ്ട്. അത് തകരാൻ പാടില്ല. അതിനാൽ പ്രശ്‌നം ഒത്തുതീർപ്പാക്കി. ഒരാളെയും ഇങ്ങനെ ട്രീറ്റ് ചെയ്യരുത്', അന്ന രാജൻ വ്യക്തമാക്കി.

'അമ്മയുടെ സിം ആയിരുന്നു. രാവിലെ മുതൽ വിളിച്ചിട്ട് കിട്ടുന്നില്ല. അത് ഓഫീസിൽ പറഞ്ഞപ്പോൾ ഐഡി കാർഡ് വേണമെന്ന് പറഞ്ഞു. അവർ കുറച്ച് ഇൻസൾട്ട് ചെയ്യുന്ന രീതിയിൽ സംസാരിച്ചപ്പോൾ ആ മാനേജരുടെ ഫോട്ടോ ഞാനെടുത്തു. അത് ഇഷ്ടമാകാതെ വന്നപ്പോൾ അവർ അത് ഡിലീറ്റ് ചെയ്യാൻ പറഞ്ഞു. മറ്റൊരാളുടെ ഫോട്ടോ എടുക്കുന്നത് തെറ്റാണ്. അത് എന്റെ ഭാഗത്ത് നിന്നുള്ള തെറ്റ് തന്നെയാണ്. എന്നാൽ നാളെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ കാണിക്കുവാനാണ് ഞാൻ ഫോട്ടോ എടുത്തത്. അതിന്റെ പേരിൽ ഷട്ടർ അടച്ച് ഗുണ്ടായിസം പോലെ സംസാരിച്ചപ്പോൾ ഞാൻ പേടിച്ചു പോയി', എന്നും അന്ന രാജൻ പറഞ്ഞു.

മൊബൈൽ സിം മാറ്റുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിന് ടെലികോം സേവന കേന്ദ്രത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഓഫിസ് ജീവനക്കാരിയുമായി സംസാരിച്ചു വാക്കുതർക്കം ആയതോടെ ഷട്ടർ താഴ്‌ത്തി പൂട്ടിയിടുകയും കയ്യിൽ പിടിച്ചുവലിച്ചെന്നും നടി ആരോപിച്ചു.

ഉടനെ പിതാവിന്റെ സുഹൃത്തുക്കളെ അറിയിച്ചു, അവർ സ്ഥലത്തെത്തി. തുടർന്നു പൊലീസ് സ്റ്റേഷനിൽ പോയെങ്കിലും പരാതി നൽകിയില്ല. ആക്രമിച്ച പെൺകുട്ടി മാപ്പു പറഞ്ഞു'' നടി വിശദീകരിച്ചു. 25 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടിയുടെ അപക്വ പെരുമാറ്റമായി കരുതി ക്ഷമിച്ചെന്നും നടി കൂട്ടിച്ചേർത്തു.

2017 ൽ പുറത്തെത്തിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം അങ്കമാലി ഡയറീസിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അന്ന രാജൻ. ചിത്രത്തിലെ ലിച്ചിയെന്ന കഥാപാത്രം തന്നെ അന്നയ്ക്ക് വലിയ പ്രേക്ഷകശ്രദ്ധയാണ് നേടിക്കൊടുത്തത്. വെളിപാടിന്റെ പുസ്തകം, ലോനപ്പന്റെ മാമോദീസ, മധുരരാജ, അയ്യപ്പനും കോശിയും തുടങ്ങിയവയാണ് അഭിനയിച്ച മറ്റു പ്രധാന ചിത്രങ്ങൾ. ഇടുക്കി ബ്ലാസ്റ്റേഴ്‌സ്, തലനാരിഴ എന്നിവയാണ് അന്നയുടേതായി പുറത്തെത്താനുള്ള ചിത്രങ്ങൾ.

ആലുവ സ്വദേശിയായ അന്ന സിനിമയിലേക്ക് എത്തുന്നതിനു മുൻപ് നഴ്‌സിങ് മേഖലയിലാണ് ജോലി നോക്കിയിരുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിന്റെ ഓഡിഷൻ നടക്കുന്ന സമയത്ത് ചിത്രത്തിന്റെ നിർമ്മാതാവ് വിജയ് ബാബുവിന്റെ ശ്രദ്ധയിൽ പെട്ടതാണ് അന്നയുടെ ജീവിതത്തിൽ വഴിത്തിരിവായത്.

അന്നയുടെ മുഖമുണ്ടായിരുന്ന ഒരു പരസ്യ ഹോർഡിങ് ആണ് വിജയ് ബാബു ശ്രദ്ധിച്ചത്. 86 പുതുമുഖങ്ങൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. ആന്റണി വർഗീസ്, ടിറ്റോ വിൽസൺ, അപ്പാനി ശരത്ത്, കിച്ചു ടെല്ലസ്, വിനീത് വിശ്വം തുടങ്ങി അന്നയ്‌ക്കൊപ്പം അന്ന് അരങ്ങേറ്റം കുറിച്ച നിരവധി താരങ്ങൾ മലയാള സിനിമയിൽ പിൽക്കാലത്ത് ശ്രദ്ധ നേടി.