മേരിക്കയിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിക്കൊണ്ട് നെറ്റ്ഫ്ളിക്സിന്റെ പുതിയ സീരീസ് ജനപ്രീതി നേടുകയാണ്. 2000 -ൽ ജോയ്സ് കരോൾ ഓട്ട്സ് എഴുതിയ അർദ്ധയഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളുന്ന ബ്ലോണ്ട് എന്ന നോവലിലിനെ ആസ്പദമാക്കിയുള്ള സീരീസാണ് ഇപ്പോൾ വിവാദങ്ങൾ സൃഷ്ടിക്കുന്നത്. കഴിഞ്ഞ കാലത്തെ മാദകത്തിടമ്പ് മർലിൻ മൺറോയുടെ കഥ പറയുന്ന സീരീസിലെ ചില രംഗങ്ങളാണ് ഇപ്പോൾ വിവാദം സൃഷ്ടിക്കുന്നത്.

രണ്ട് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഒരു യുവതിയെ ബലമായി ന്യുയോർക്കിലെ ഒരു ഹോട്ടലിൽ എത്തിക്കുന്നു. ആഡംബരങ്ങൾ നിറഞ്ഞ ഹോട്ടലിലെ സ്യുട്ടിൽ യുവതിയെ കാത്തിരിക്കുന്നത് ഒരു അമേരിക്കൻ പ്രസിഡന്റ്. ഫോണിൽ സംസാരിച്ചുകൊണ്ടു തന്നെ പ്രസിഡന്റ് യുവതിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയാണ് അയാൾ. വാതിൽ അടച്ചിടുക പോലും ചെയ്യാതെ അംഗരക്ഷകർ അല്പം മാറി പത്രവും വായിച്ചിരിക്കുന്നു.

നായിക, ബലാത്സംഗത്തിനു വിധേയയായി എന്ന് പറയാതെ പറയുന്ന ഇത്തരം നിരവധി രംഗങ്ങളാണ് മുൻ അമേരിക്കൻ പ്രസിഡണ്ട് ജോൺ എഫ് കെന്നഡിയേയും മർലിൻ മൺറോയേയും ബന്ധപ്പെടുത്തി ഈ സീരീസിൽ ഉള്ളത്. അതാണ് ഇതിനെ വിവാദമാക്കുന്നതും ഒപ്പം ഏറെ ജനപ്രീതി നേടിയ പരിപാടികളിൽ ഒന്നാക്കുന്നതും. ആസ്ട്രേലിയൻ എഴുത്തുകാരനായ ആൻഡ്രൂ ഡൊമിനിക് ആണ് ഇതിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ക്യുബൻ വംശജയായ മുൻ ജെയിംസ് ബോണ്ട് നായിക അന ഡെ അർമാസ് ആണ് മൺറോയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മീ ടൂ പ്രസ്ഥാനം ഇല്ലായിരുന്നെങ്കിൽ ഈ സീരീസും ഉണ്ടാകുമായിരുന്നില്ല എന്ന് പറയുന്ന ഡൊമിനിക്, പുരുഷാധിപത്യത്തിന്റെ ഇരയായിട്ടാണ് ഇതിൽ മൺറോയെ ചിത്രീകരിച്ചിരിക്കുന്നതെന്നും പറഞ്ഞു. സ്നേഹിക്കപ്പെടാത്ത, എന്നാൽ ഹോളിവുഡിലെ മാംസവിപണിയിലൂടെ കടന്നു പോകേണ്ടിവന്ന ഒരു പെൺകുട്ടി എന്നതാണ് നായിക സങ്കല്പം എന്നും അദ്ദേഹം പറയുന്നു. ഹോളിവുഡിലെ ഒരു പ്രമുഖൻ ഇവരെ ബലാത്സംഗം ചെയ്യുന്നതും നിരവധി തവണ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയമാക്കിയതുമെല്ലാം ഇതിൽ പറയുന്നു. മാത്രമല്ല, പലപ്പോഴും നിർബന്ധിപ്പിച്ച് മയക്കുമരുന്നും ഉപയോഗിപ്പിക്കാറുണ്ടെന്ന് അതിൽ പറയുന്നു.

നിരവധി പ്രണയ പരാജയങ്ങളും, കലഹിച്ചു പിരിഞ്ഞ വിവാഹ ബന്ധങ്ങളുമായി പ്രക്ഷുബ്ദമായ ഒരു ജീവിതമായിരുന്നു മർലിൻ മൺറോയുടേത് എന്നത് ഒരു സത്യം തന്നെയാണ്. അതിനൊപ്പം ഹോളിവുഡിലെ നിരവധി പ്രമുഖരുമായുള്ള സംഘർഷം, മയക്കു മരുന്നിന് അടിമയായത് ഇതെല്ലാം സത്യങ്ങൾ തന്നെയാണ്. അവസാനം അളവിൽ കൂടുതൽ ബാർബിറ്റുറേറ്റ്സ് കഴിച്ചാണ് 1962-ൽ അവർ തന്റെ 36-ാം വയസ്സിൽ മരണമടയുന്നത്.