അടിമാലി: ഗ്രോത്രസാരഥി പദ്ധതി പ്രകാരം പണം നൽകിയില്ല. വാഹനങ്ങൾ ഓട്ടം നിർത്തി.35 ആദിവാസി കുട്ടികളുടെ പഠനം മുടങ്ങി. മാങ്കുളം ആനക്കുളം സെന്റ് ജോസഫ്സ് എൽ.പി സ്‌കൂളിലെ കുട്ടികൾക്കാണ് ഇന്നലെ പഠനം മുടങ്ങിയത്. കുട്ടികളെ സ്‌കൂളിലെത്തിച്ചിരുന്ന വാഹനങ്ങൾ ഓട്ടം നിർത്തിയതാണ് ഇതിന് കാരണം. വാഹനങ്ങൾ എന്ന് ഓടിത്തുടങ്ങുമെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.

ആനക്കുളം മേഖലയിലെ ഉൾവനത്തിൽ കഴിയുന്ന കുടുംബങ്ങളിൽ നിന്നുള്ള 35 കുരുന്നുകളുടെ വിദ്യാസമാണ് അനിശ്ചിതാവസ്ഥയിൽ ആയിരിക്കുന്നത്. മാങ്ങാപ്പാറക്കുടി, ശേവൽകുടി, കാഴിയിളക്കുടി എന്നിവിടങ്ങളിലേക്ക് 3 ജീപ്പുകൾ കുട്ടികളെ സ്‌കൂളിൽ എത്തിക്കുന്നതിനായി സർവീസ് നടത്തിയിരുന്നു. ഈ അധ്യയന വർഷം ആരംഭിച്ച് അഞ്ചാം മാസത്തിലേക്ക് പ്രവേശിച്ച ശേഷവും ജൂൺ മാസത്തെ പണം മാത്രമാണ് പദ്ധതി പ്രകാരം വാഹന ഉടമകൾക്ക് കൈമാറിയിട്ടുള്ളു.

ഈ സാഹചര്യത്തിലാണ് ഗത്യന്തരമില്ലാതെ സർവീസ് നിർത്തിയിട്ടുള്ളതെന്ന് വാഹന ഉടമകൾ വെളിപ്പെടുത്തി.ഇന്നലെ ജൂലൈ മാസത്തെ പണം നൽകിയെന്നും കുടി ശിഖ തുക നൽകാൻ നടപടികൾ ആരംഭിച്ചതായിട്ടുമാണ് അധികൃതരുടെ ഭാഗത്തു നിന്നുള്ള വിശദീകരണം. ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തെ ഒരു രൂപ പോലും തങ്ങൾക്ക് ലഭിച്ചിട്ടില്ലന്നാണ് വാഹനഉടമകൾ പറയുന്നത് . പണം ലഭിക്കാതെ വാഹനങ്ങൾ ഓടില്ലന്നാണ് ഉടമകളുടെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മന്ത്രിമാർ കുടുംബ സമേതം വിദേശയാത്രയിലാണ്. ഈ സമയത്താണ് കുട്ടികൾ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പോകാൻ വണ്ടിയില്ലാതെ കഷ്ടപ്പെടുന്നത്.

2017 മുതൽ ഗോത്രസാരഥി പദ്ധതി വഴി വിദ്യാർത്ഥികളെ സ്‌കൂളിൽ എത്തിക്കാൻ ട്രൈബൽ വകുപ്പ് പണം നൽകി വന്നിരുന്നു. ആദിവാസിക്കുടികളിലെ ഊരുമൂപ്പന്മാരും, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ഉൾപ്പടെ പലവട്ടം ആവശ്യപ്പെട്ടിട്ടും വാഹന ഉടമകൾക്ക് പണം അനുവദിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും ഇതാണ് ഇപ്പോൾ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്ന സ്ഥിതിയിൽ കാര്യങ്ങൾ എത്തിച്ചിട്ടുള്ള തെന്നുമാണ് ചുണ്ടികാണിക്കപ്പെടുന്നത്.

ആദിവാസികൾ അടക്കമുള്ള പിന്നോക്കവിഭാഗങ്ങളുടെ ഉന്നമനത്തിനായി കോടികൾ മാറ്റിവച്ചിട്ടുള്ളതായി സർക്കാർ ആവർത്തിക്കുമ്പോഴും മാങ്കുളത്ത് ആദിവാസി കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം പോലും മുടങ്ങുന്ന സ്ഥിതിയാണുള്ളത്. എൽ.കെ.ജി, യു.കെ.ജി തുടങ്ങി നാലാം ക്ലാസ് വരെയുള്ള കുട്ടികളാണ് ആനക്കുളത്തെ സ്‌കൂ ളിൽ പഠിക്കുന്നത്. കൊച്ചു കുട്ടികൾക്ക് കിലോമീറ്ററുകൾ കാൽനടയായി സ്‌കൂളിലെത്തുക അസാധ്യമാണ്. കൂടാതെ വന്യമൃഗങ്ങളുടെ ശല്യവും മേഖലയിൽ രൂക്ഷമാണ്.