ലണ്ടൻ: മാഞ്ചസ്റ്ററിലേക്ക് പറന്ന ജെറ്റ് 2 വിമാനത്തിന് ബോംബ് ഭീഷണി ഉയർന്നപ്പോൾ ഉണ്ടായത് കനത്ത ആശങ്ക. തുർക്കിയിലെ ദലമാനിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള ജെറ്റ് 2 വിമാനം ആകാശത്ത് ഉയർന്നപ്പോൾ രാത്രി എട്ടു മണിയോടെയാണ് ഭീഷണി ഉണ്ടായത്. ഉടൻ തന്നെ രണ്ട് സൈനിക വിമാനങ്ങൾ പ്രതിരോധം തീർക്കുവാനായി പറക്കുകയും വിമാനം സുരക്ഷിതമായി ലണ്ടനിലെ സ്റ്റാൻസ്റ്റെഡ് എയർപോർട്ടിൽ ലാന്റ് ചെയ്യുകയുമായിരുന്നു.

എങ്കിലും ഭീഷണി ഉണ്ടായപ്പോൾ തന്നെ ജെറ്റ് 2 വിമാനത്തിന്റെ സുരക്ഷയ്ക്കായി സൈനിക വിമാനങ്ങൾ ലിങ്കൺഷെയറിൽ നിന്നും പറന്നുയർന്നു. ജെറ്റ് 2 വിമാനം സ്റ്റാൻസ്റ്റഡ് എയർപോർട്ടിൽ ഇറങ്ങുന്നതിന് മുമ്പ് എസെക്സിലെ വ്യോമാതിർത്തിയിലൂടെ കടന്നുപോയപ്പോൾ സൈനിക വിമാനം ജെറ്റിനെ അകമ്പടി സേവിക്കുന്നതായി ഫ്ലൈറ്റ് ട്രാക്കിങ് ഡാറ്റ റിപ്പോർട്ട് ചെയ്തിരുന്നു. പ്രധാന ടെർമിനലിൽ നിന്നും മാറ്റി ഒരു പ്രത്യേക സ്റ്റാന്റിൽ ആണ് വിമാനം ഇറക്കിയത്. ബോംബ് ഭീഷണി വ്യാജമെന്ന് തെളിയുകയും ചെയ്തു.

ബോംബ് ഭീഷണിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്കിടയിൽ ടെർമിനലുകളിൽ നിന്ന് അകലെയുള്ള സ്ഥലത്തേക്ക് വിമാനം വഴിതിരിച്ചു വിടുകയും അവിടെ വച്ച് സായുധ പൊലീസ് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ആയിരുന്നു. വിമാനം സ്റ്റാൻസ്റ്റെഡിൽ ഇറങ്ങിയപ്പോൾ ഫയർ എഞ്ചിനുകൾ, ആംബുലൻസുകൾ, പൊലീസ് കാറുകൾ എന്നിവയുൾപ്പെടെ ഒന്നിലധികം അടിയന്തര സേവന വാഹനങ്ങളാണ് വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നിരുന്നത്. 'വിമാനത്തിന് ബോംബ് ഭീഷണി' ഉണ്ടായതിനെ തുടർന്നാണ് വിമാനം നിലത്തിറക്കിയതെന്ന് എയർലൈൻ വൃത്തങ്ങൾ സ്ഥിരീകരിച്ചതായി ഏവിയേഷൻ സോഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

പ്രാദേശിക സമയം വൈകുന്നേരം 6.55നാണ് തുർക്കിയിലെ ദലമാനിൽ നിന്ന് ജെറ്റ്2 വിമാനം പുറപ്പെട്ടത്. യൂറോപ്പിന് മുകളിലൂടെ പറന്ന് ഏകദേശം 7.45ന് ഇംഗ്ലീഷ് ചാനൽ മുറിച്ചുകടന്നു. എന്നാൽ, വിമാനം രാത്രി എട്ടു മണിക്ക് മുമ്പ് ഗതി മാറുന്നതായി കാണപ്പെട്ടു. ട്രാക്കിങ് ആപ്പ് അനുസരിച്ച്, ബെഡ്ഫോർഡ്ഷെയറിനും ബക്കിങ്ഹാംഷെയറിനും മുകളിൽ വച്ചാണ് വിമാനം യു-ടേൺ ചെയ്യുകയും സ്റ്റാൻസ്റ്റെഡിൽ ഇറങ്ങുകയും ചെയ്തത്.

പിന്നീട് എസെക്‌സിന് മുകളിൽ വട്ടമിട്ട് പടർന്ന വിമാനം തുടർന്നു, രണ്ട് ആർഎഎഫ് ടൈഫൂണുകളുടെ അകമ്പടിയോടെ അതിവേഗം പറക്കുകയും രാത്രി 8.22 ന് സ്റ്റാൻസ്റ്റെഡിൽ ലാൻഡ് ചെയ്യുകയും ആയിരുന്നു. രണ്ട് സൈനിക വിമാനങ്ങൾ വിമാനത്താവളത്തിലേക്ക് ഇറങ്ങുമ്പോൾ വിമാനത്തിനൊപ്പം നിൽക്കുന്നതായി ഫ്ലൈറ്റ് ട്രാക്കിങ് ഡാറ്റ കാണിച്ചിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തുവെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ജെറ്റ് 2 വക്താവ് വെളിപ്പെടുത്തി.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുവാൻ സുരക്ഷാ ടീമുകൾ വളരെ കഠിനാധ്വാനം ചെയ്തുവെന്നും അപ്രതീക്ഷിതമായ ഈ സംഭവം മൂലമുണ്ടായ എന്തെങ്കിലും അസൗകര്യത്തിനും അസ്വസ്ഥതയ്ക്കും ഞങ്ങൾ എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും ജെറ്റ് 2 വക്താവ് കൂട്ടിച്ചേർത്തു.