- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളഞ്ഞ നട്ടെല്ലും എല്ലില്ലാത്ത കയ്യും എല്ലു പൊട്ടിയ കണം കയ്യും; 18ാം വയസ്സിൽ തുടങ്ങിയ തെങ്ങുകയറ്റം 73-ാം വയസ്സിലും ഹരമാക്കി കുഞ്ഞിരാമൻ; നാല് തവണ വീണെങ്കിലും കുഞ്ഞിരാമൻ പിന്നെയും തെങ്ങിൽ തന്നെ
പയ്യന്നൂർ: പ്രായം 73 ആയെങ്കിലും 17ന്റെ ചുറുചുറുക്കാണ് കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ ഉദിനൂർക്കാരൻ കുഞ്ഞിരാമന്. വാർദ്ധക്യത്തിന്റെ തണലിൽ പലരും വീട്ടിലേക്ക് ഒതുങ്ങുമ്പോൾ കുഞ്ഞിരാമന് തെങ്ങുകയറ്റം ആവേശമാണ്. തെങ്ങുകയറാതെ ഒരു ദിവസം പോലും വെറുതെ ഇരിക്കാൻ കുഞ്ഞിരാമന് കഴിയില്ല. ഈ പ്രായത്തിലും ജോലി ചെയ്ത് ജീവിക്കുന്നതിൽ അത്ഭുതമെന്നും തോന്നാനില്ലെങ്കിലും വളഞ്ഞ നട്ടെല്ലും എല്ലില്ലാത്ത കയ്യുമായാണ് കുഞ്ഞിരാമൻ തെങ്ങുകയറുന്നത് എന്നതാണ് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നത്.
18-ാം വയസ്സിൽ തെങ്ങുകയറ്റം തുടങ്ങിയ കുഞ്ഞിരാമൻ 4 തവണ തെങ്ങിൽ നിന്നു വീണു. അതും തെങ്ങിന്റെ ഏറ്റവും മുകളിൽ നിന്നുതന്നെ. തോളിനും കൈമുട്ടിനുമിടയിൽ ഇടതു കയ്യുടെ ഭുജാസ്ഥി പൊട്ടിത്തകർന്നിട്ട് വർഷങ്ങളായി. ഇതു മാത്രമല്ല നട്ടെല്ല് വളഞ്ഞും ഇടത്തേ കണംകൈയുടെ എല്ലു പൊട്ടിയും കിടക്കുകയാണ്. പക്ഷേ, ഇതൊന്നും വകവയ്ക്കാതെ കുുഞ്ഞിരാമൻ തെങ്ങിൽ കയറിക്കൊണ്ടേയിരിക്കുന്നു. ഡോക്ടർമാരുടെ എതിർപ്പ് പോലും അവഗണിച്ച് തെങ്ങിൽ കയറുന്ന കുഞ്ഞിരാമനെ ചികിത്സിച്ച ഡോക്ടർമാർക്കു പോലും അത്ഭുതമാണ് ഈ മനുഷ്യൻ.
23ാം വയസ്സിലാണ് കുഞ്ഞിരാമൻ ആദ്യം തെങ്ങിൽ നിന്നു വീണത്. മുകളിൽ കയറി തേങ്ങ വെട്ടുമ്പോൾ മലർന്നടിച്ചു വീണു. വീട്ടുമുറ്റത്തെ വായനശാലയായിരുന്നു അന്ന് സർക്കാർ ആശുപത്രി. രക്ഷപ്പെടില്ലെന്ന് ഡോക്ടർ വിധിയെഴുതി. എങ്കിലും നാട്ടുകാരും ബന്ധുക്കളും ചേർന്ന് കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചു. 'മരിച്ചു കിടന്നിടത്തുനിന്നു' കുഞ്ഞിരാമൻ തിരിച്ചു വന്നതു നാട്ടുകാർക്ക് അദ്ഭുതമായിരുന്നു. നാലു വർഷം കഴിഞ്ഞപ്പോൾ വീണ്ടും വീണു. ഇടതു കണംകയ്യുടെ എല്ല് പൊട്ടി. പിന്നീട് അദ്ദേഹം ചെത്തുതൊഴിലിലേക്കു മാറി.
ചെത്ത് തൊഴിൽ ചെയ്യുമ്പോൾ വീണ്ടും വീണു. ഇടതു കയ്യുടെ ഭുജാസ്ഥി പൊട്ടിത്തകർന്നു. സ്റ്റീൽ കമ്പിയും ഇടുപ്പിൽ നിന്നെടുത്ത അസ്ഥിയും ചേർത്ത് ഭുജാസ്ഥി പുനഃസ്ഥാപിച്ചു. എന്നാൽ തെങ്ങു കയറ്റം തുടങ്ങിയപ്പോൾ കയ്യിൽ വേദനയും നീരും വന്നു. മംഗളൂരുവിലെ ആശുപത്രിയിലെ ചികിത്സ തേടി. കമ്പിയും അസ്ഥിയും ഒഴിവാക്കി. ജീവൻ തിരികെ കിട്ടിയെങ്കിലും തെങ്ങുകയറ്റവും ഡോക്ടർ വിലക്കി. എന്നാൽ തെങ്ങിൽ കയറാതിരിക്കാൻ കുഞ്ഞിരാമന് കഴിയുമായിരുന്നില്ല. വീണ്ടും തെങ്ങുകയറ്റം തുടങ്ങി. കണ്ടു നിൽക്കുന്നവർക്ക് വേദന തോന്നുമെങ്കിലും കുഞ്ഞിരാമൻ സന്തോഷവാനായിരുന്നു.
വീണ്ടും തെങ്ങിൽ നിന്ന് വീണപ്പോൾ പരുക്കു പറ്റിയത് നട്ടെല്ലിനാണ്. നട്ടെല്ല് വളഞ്ഞു. മംഗളൂരുവിൽ ചികിത്സ തേടിയപ്പോൾ വേദന മാറ്റാൻ മരുന്നു നൽകിയെങ്കിലും തെങ്ങിൽ കയറരുതെന്ന് ഡോക്ടർ വിലക്കിയില്ല. കാരണം അതിന് കഴിയില്ലെന്ന് ഡോക്ടർക്ക് ഉറപ്പായിരുന്നു. എന്നാൽ വേദന മാറിയപ്പോൾ വളഞ്ഞ നട്ടെല്ലും എല്ലില്ലാത്ത കയ്യുമായി കുഞ്ഞിരാമൻ വീണ്ടും തെങ്ങുകയറ്റം തുടങ്ങി. 73ലും തെങ്ങുകയറ്റം ഹരമാണ് കുഞ്ഞിരാമന്.