- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹകരണ സ്ഥാപനങ്ങളിൽ നിന്നു വായ്പ എടുത്തവർ മരിച്ചാൽ വായ്പയുടെ തിരിച്ചടവിൽ 3 ലക്ഷം രൂപയുടെ ഇളവ്; മാരക രോഗം ബാധിച്ചവർക്ക് ഒന്നേകാൽ ലക്ഷത്തിന്റെ ഇളവ്; സഹകരണ ബാങ്കുകളിലെ റിസ്‌ക് ഫണ്ട് പദ്ധതി ചട്ടം ഭേദഗതി ചെയ്ത് സർക്കാർ; കരുവന്നൂരിലെ പ്രഖ്യാപനം ഇടതു സർക്കാർ നടപ്പാക്കുമ്പോൾ
തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളിൽ നിന്നു വായ്പ എടുത്തവർ മരിച്ചാൽ വായ്പയുടെ തിരിച്ചടവിൽ 3 ലക്ഷം രൂപയുടെ ഇളവു നൽകും. നേരത്തേ രണ്ടു ലക്ഷം രൂപയായിരുന്നു. സഹകരണ റിസ്‌ക് ഫണ്ട് പദ്ധതിയുടെ ചട്ടം ഭേദഗതി ചെയ്താണ് ഇളവുകൾ വർധിപ്പിച്ചത്.
വായ്പ എടുത്ത അംഗം വായ്പക്കാലാവധിയിലോ കാലാവധി കഴിഞ്ഞ് 6 മാസത്തിനുള്ളിലോ മരിക്കുകയാണെങ്കിൽ അന്നേ ദിവസം ബാക്കി നിൽക്കുന്ന വായ്പയുടെ മുതൽ അല്ലെങ്കിൽ 3 ലക്ഷം രൂപ എന്നതിൽ ഏതാണോ കുറവ് ആ തുക ഫണ്ടിൽ നിന്നു നൽകും. ഒരാൾ വിവിധ വായ്പ എടുത്തിട്ടുണ്ടെങ്കിൽ പരമാവധി 6 ലക്ഷം രൂപയേ റിസ്‌ക് ഫണ്ടിൽ നിന്ന് അനുവദിക്കുകയുള്ളൂ. കൂട്ടായ വായ്പയാണെങ്കിൽ അതിൽ ഒരാൾ മരിച്ചാൽ മരണ തീയതിയിൽ ബാക്കി നിൽക്കുന്ന തുകയ്ക്ക് ആനുപാതികമായ തുക ഫണ്ടിൽ നിന്നു നൽകാം.
വായ്പ എടുക്കുന്നവർക്കു വായ്പക്കാലാവധിക്കുള്ളിൽ മാരകമായ രോഗം ബാധിക്കുകയും അടച്ചു തീർക്കാൻ സാധിക്കാതെ വരികയും ചെയ്താൽ മുതലിൽ പരമാവധി 1.25 ലക്ഷം രൂപയുടെ ഇളവു ലഭിക്കും. ഇപ്രകാരം ധനസഹായം ലഭിച്ചയാൾ മരിച്ചാൽ രോഗകാലത്തു ലഭിച്ച ഇളവ് കഴിഞ്ഞുള്ള തുകയേ പിന്നീടു വായ്പയുടെ ഇളവായി ലഭിക്കൂ. വായ്പ എടുക്കുന്നവരിൽ നിന്ന് 0.7% എന്ന നിരക്കിൽ കുറഞ്ഞതു 100 രൂപ മുതൽ പരമാവധി 2000 രൂപവരെ സ്വരൂപിച്ച് റിസ്‌ക് ഫണ്ടിലേക്കു സഹകരണ സ്ഥാപനങ്ങൾ നൽകണം. ഈ തുക ഉപയോഗിച്ചാണ്, വായ്പക്കാർ മരിച്ചാലും രോഗബാധിതരായാലും ഇളവുകൾ നൽകുന്നത്.
സഹകരണ സംഘം രജിസ്ട്രാർ 2022 ഓഗസ്റ്റ് പതിനൊന്നിനു നൽകിയ ജി(1) 6708 / 2022 നമ്പർ കത്തിലെ ശുപാർശ അംഗീകരിച്ചാണു സഹായത്തുക വർധിപ്പിച്ചത്. ഒന്നിൽക്കൂടുതൽ പേർ ചേർന്ന് എടുത്ത കോ-ഒബ്ലിഗന്റ് ഉൾപ്പെട്ട കൂട്ടായ വായ്പയാണെങ്കിൽ, അതിലൊരാൾ മരിച്ചാൽ, ആ വായ്പക്കാരന്റെ മരണദിവസം ബാക്കിനിൽക്കുന്ന തുകയിൽ ആനുപാതികമായ തുക ഫണ്ടിൽ നിന്നു നൽകും. കൂട്ടായ വായ്പയാണെങ്കിൽ ആനുപാതിക തുക മാത്രമേ ചികിത്സാ സഹായമായി കിട്ടൂ. ഇങ്ങനെ ധനസഹായം കിട്ടിയശേഷം വായ്പക്കാരൻ മരിച്ചാൽ കിട്ടിയ ആനുകൂല്യം കിഴിച്ച് ബാക്കി സംഖ്യയ്ക്കേ പിന്നീട് അർഹതയുണ്ടാകൂ.
സഹകരണ ബാങ്കുകളിലെ റിസ്‌ക് ഫണ്ട് രണ്ട് ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷമായി ഉയർത്തുമെന്ന് സഹകരണ മന്ത്രി വി.എൻ.വാസവൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കരുവന്നൂർ സഹകരണ ബാങ്കിൽ 30 ലക്ഷം രൂപ നിക്ഷേപമായി ഉണ്ടായിട്ടും കരുവന്നൂർ സ്വദേശി ഫിലോമിന ചികിത്സയ്ക്ക് പണമില്ലാതെ മരിച്ചത് ചർച്ചയായതിന് പിന്നാലെയാണ് നടപടികൾ തുടങ്ങിയത്. സഹകരണ സംഘങ്ങളിലെയും സഹകരണ ബാങ്കുകളിലെയും ഇടപാടുകാർക്ക് ആശ്വാസമേകാൻ പ്രഖ്യാപിച്ച പദ്ധതിയാണ് സഹകരണ 'റിസ്‌ക് ഫണ്ട്'. 2008-ൽ ആണ് ഈ പദ്ധതി ആവിഷ്‌കരിച്ചത്.
മാരക രോഗം ബാധിച്ചവരുടെയും മരിച്ചവരുടെയും വായ്പകൾ തീർപ്പാക്കാൻ സാമ്പത്തിക സഹായം അനുവദിക്കുന്നതാണ് പദ്ധതി. ഒരു ലക്ഷം രൂപയാണ് നേരത്തെ നൽകിയിരുന്നത്. ഇത് പിന്നീട് രണ്ട് ലക്ഷമാക്കി ഉയർത്തി. വായ്പ എടുത്ത ശേഷം മാരകരോഗം ബാധിച്ചാൽ ലഭിക്കുന്ന സഹായം 75,000 രൂപയിൽ നിന്ന് ഒരു ലക്ഷമാക്കി നേരത്തെ ഉയർത്തിയിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും ഉയർത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ