- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്ത്മസ് പാപ്പയുടെ ശവകുടീരം ഒടുവിൽ കണ്ടെത്തി; തുർക്കിയിലെ പഴയ ബസലിക്കയ്ക്കടിയിൽ കണ്ടെത്തിയത് സെയിന്റ് നിക്കോളസ്സിന്റെ ശവകുടീരമെന്ന് റിപ്പോർട്ടുകൾ; 1600 വർഷം മുൻപത്തെ ചരിത്രം തിരഞ്ഞ് ഗവേഷകർ
ചുവപ്പ് വസ്ത്രവും വെളുത്ത താടിയുമായി റെയിൻഡിയർ വലിക്കുന്ന സ്ലെഡ്ജിൽ ക്രിസ്ത്മസ്സ് അപ്പൂപ്പൻ ഇങ്ങെത്താൻ ഇനി മാസങ്ങളേയുള്ളു. ദൈവപുത്രന്റെ ജന്മദിനം ആഘോഷിക്കുവാൻ സമ്മാനങ്ങളുമായി ചിമ്മിനി വഴിയെത്തുന്ന അപ്പൂപ്പനായി കുരുന്നുകൾ ഇപ്പോഴേ കാത്തിരിക്കാൻ തുടങ്ങിയിട്ടുണ്ടാകും. അപ്പോഴാണ് പുതിയ റിപ്പോർട്ടുകൾ വരുന്നത്, ക്രിസ്ത്മസ് അപ്പൂപ്പൻ എന്ന സന്താക്ലോസ് എന്ന സങ്കൽപം ആവിർഭവിക്കാൻ പ്രചോദനമായ സെയിന്റ് നിക്കോളാസിന്റെ ശവകുടീരം കണ്ടെത്തി എന്ന്.
മധ്യകാല യുഗത്തിൽ മെഡിറ്ററേനിയൻ കടലിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുങ്ങിപ്പോയ ഒരു പുരാതന പള്ളിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ പുരാവസ്തു ഗവേഷകരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തുർക്കിയിലാണ് ഇത് കണ്ടെത്തിയത്. ക്രിസ്ത്വബ്ദം 270 നും 343 നും ഇടയിൽ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഈ പുണ്യ പുരുഷൻ പാവങ്ങൾക്ക് സഹായങ്ങൾ നൽകുന്നതിലൂടെയാണ് ഏറെ പ്രശസ്തനായത്. മൂന്ന് പെൺകുട്ടികളെ വേശ്യാവൃത്തിയിൽ നിന്നും രക്ഷിക്കുവാനായി സ്വർണ്ണ നാണയങ്ങൾ നിറച്ച സഞ്ചി നൽകിയതാണ് അതിൽ ഏറ്റവും മുൻപിൽ നിൽകുന്ന സംഭവം.
നശിച്ചുപോയ പുരാതന ബസലിക്കയുടെ മേൽ, ഈ പുണ്യാളന്റെ ശവകുടീരം സംരക്ഷിക്കുവാനായി മറ്റൊരു പള്ളി പണിയുകയായിരുന്നു. എന്നാൽ, അടുത്ത കാലത്ത് മാത്രമാണ് പുരാതന ബസലിക്കയുടെ അവശിഷ്ടങ്ങൾ നിലവിലെ പള്ളിക്ക് കീഴിലായി പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് നടത്തിയ പര്യവേഷണമാണ് അവരെ സെയിന്റ് നിക്കോളാസിന്റെ കല്ലറയിലേക്ക് നയിച്ചത്. സെയിന്റ് നിക്കോളാസ് ജീവിച്ചതും മരിച്ചതും തുർക്കിയിൽ ആയിരുന്നു എന്ന അവകാശവാദത്തെ ഈ കണ്ടുപിടുത്തം സാധൂകരിക്കുകയാണ്.
പുരാതന ബസലിക്കയുടെ അവശിഷ്ടങ്ങൾക്ക് മേൽ പണിതുയർത്തിയ പള്ളി 5-ാം നൂറ്റാണ്ടിനും 12-ാം നൂറ്റാണ്ടിനുമിടയിൽ ഓർത്തഡോക്സ് ക്രിസ്ത്യൻ വിഭാഗത്തിന്റെ ആരാധനാലയമായിരുന്നു. ഇതിനു ചുറ്റും സെയിന്റ് നിക്കോളാസിന്റെ നിരവധി പ്രതിമകളും കാണാവുന്നതാണ്. 1982-ൽ ഈ പള്ളിയെ യുനെസ്‌കോയുടെ ലോക പൈതൃക ഇടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
നിലവിലെ സെയിന്റ് നിക്കോളാസ് പള്ളിക്ക് കീഴിൽ ഇലക്ട്രോണിക് തിരച്ചിൽ നടത്തിയ ഒരു സംഘം പുരാവസ്തു ഗവേഷകർ 2017- ൽ ആണ് ഈ പുരാതന ബസലിക്കയുടെ സാന്നിദ്ധ്യം ആദ്യം തിരിച്ചറിഞ്ഞത്. തുടർന്ന്, നിലവിലെ പള്ളിയുടെ തറ സസൂക്ഷ്മം നീക്കം ചെയ്യാൻ ആരംഭിച്ചു. അങ്ങനെയാണ് അവർ ഭൂമിക്കടിയിൽ ആയിപ്പോയ സെയിന്റ് നിക്കോളാസിന്റെ ശവകുടീരത്തിൽ എത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ