തിരുവനന്തപുരം: തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങളിലെ ആശ്രിതർക്കും ഇനി 10 ലക്ഷം രൂപ നഷ്ടപരിഹാരം കിട്ടും. വന്യജീവി ആക്രമണത്തിൽ ജീവഹാനി സംഭവിക്കുന്നവർക്ക് നൽകുന്നതിന് സമാനമായ നഷ്ടപരിഹാരം അവർക്കും നൽകാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. നഗരങ്ങളിൽ പോലും തേനിച്ചയുടേയും കടന്നലുകളുടെയും ആക്രമണത്തിൽ നിരവധി പേരാണ് പരിക്കേൽക്കുകയും മരിക്കുകയും ചെയ്യുന്നത്. ഇവരുടെ എല്ലാം കുടുംബങ്ങൾക്ക് പുതിയ നിയമം ഉപകാരപ്പെടും.

ഈ ജീവികളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്കും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേൽക്കുന്നവർക്ക് ചികിത്സയ്ക്ക് ചെലവാകുന്ന തുകയിൽ പരമാവധി ഒരുലക്ഷം രൂപവരെ നഷ്ടപരിഹാരമായി ലഭിക്കും. സർക്കാർ ഡോക്ടറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് നൽകുക. അതേസമയം പട്ടികവർഗക്കാർക്ക് ചികിത്സച്ചെലവ് മുഴുവനും ലഭിക്കും. 1980-ലെ സംസ്ഥാന നിയമത്തിലെ വന്യജീവി എന്ന പദത്തിന്റെ നിർവചനത്തിൽ തേനീച്ച, കടന്നൽ എന്നിയെക്കൂടി ഉൾപ്പെടുത്തി.

കേന്ദ്രനിയമത്തിലെ വന്യജീവിയെന്ന പദത്തിന്റെ നിർവചനത്തിൽ തേനീച്ചയും കടന്നലും ഉൾപ്പെടുന്നില്ല. അതിനാൽ തേനീച്ചയെ വളർത്തുന്നതിനും ഉപദ്രവകാരിയായ കടന്നലിനെ നശിപ്പിക്കുന്നതിനും നിയമതടസ്സമില്ല. 1980 ലെ കേരള റൂൾസ് ഫോർ പെയ്മെന്റ് ഓഫ് കോമ്പൻസേഷൻ ടു വിക്ടിംസ് ഓഫ് അറ്റാക്ക് ബൈ വൈൽഡ് ആനിമൽസ് എന്ന ചട്ടങ്ങളിലെ ചട്ടം 2(എ) ൽ വന്യമൃഗം എന്ന നിർവ്വചന പ്രകാരമുള്ള ജീവികളുടെ ആക്രമണം മൂലം ജീവഹാനി സംഭവിക്കുന്നതിന് (വനത്തിനകത്തോ, പുറത്തോ) നൽകിവരുന്ന നഷ്ടപരിഹാര തുകയാണ് കടന്നലിന്റെയോ തേനീച്ചയുടെയോ കടിയോ, കുത്തോ കാരണം ജീവനഹാനി സംഭവിച്ചാലും നൽകുക.

വനത്തിനുള്ളിൽ പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപയും വനത്തിനുപുറത്താണെങ്കിൽ രണ്ടുലക്ഷവുമാണ് നിലവിൽ നഷ്ടപരിഹാരം. വനത്തിന് പുറത്ത് വെച്ച് പാമ്പ് കടിയേറ്റ് ജീവഹാനി സംഭവിച്ചാൽ രണ്ട് ലക്ഷം രൂപയാണ് നൽകി വരുന്നത്. വനത്തിനു പുറത്തുവെച്ച് പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്കും 10 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് വനംവകുപ്പ് ശുപാർശചെയ്തിട്ടുണ്ട്.

വന്യജീവി ആക്രമണത്തിൽ സ്ഥിരമായ അംഗവൈകല്യം സംഭവിച്ചവർക്ക് രണ്ടുലക്ഷമാണ് നിലവിലുള്ള നഷ്ടപരിഹാരം. കന്നുകാലികൾ, കൃഷി, വീട്, കുടിലുകൾ എന്നിവയ്ക്കുണ്ടാകുന്ന നാശനഷ്ടം കണക്കാക്കി പരമാവധി ഒരുലക്ഷം രൂപവരെ അനുവദിക്കാറുണ്ട്. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നയാൾ വന്യജീവി സംരക്ഷണനിയമപ്രകാരം കുറ്റവാളിയാണെങ്കിൽ നഷ്ടപരിഹാരം ലഭിക്കില്ല.

വന്യജീവി ആക്രമണം മൂലം പരിക്കേൽക്കുന്ന വ്യക്തികൾക്ക് ചികിത്സ്‌ക്ക് ചെലവാകുന്ന യഥാർത്ഥ തുക, പരമാവധി ഒരു ലക്ഷം രൂപ എന്ന നിരക്കിലാണ് നൽകുന്നത്. പട്ടിക വർഗ വിഭാഗത്തിലുള്ളവർക്ക് മെഡിക്കൽ ഓഫീസർ നൽകുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ ചികിൽസാർത്ഥം ചെലവാകുന്ന മുഴുവൻ തുകയും അനുവദിക്കും.