ശ്രീഹരിക്കോട്ട: വാണിജ്യ വിക്ഷേപണത്തിൽ ബഹിരാകാശത്ത് പുതുചരിത്രമെഴുതി ഇന്ത്യ. ഇന്നലെ അർദ്ധരാത്രി ഒറ്റ ദൗത്യത്തിൽ 36 ഉപഗ്രഹങ്ങളെയാണ് ഐഎസ്ആർഒ ബഹിരാകാശത്ത് എത്തിച്ചത്. ബ്രിട്ടിഷ് ഇന്റർനെറ്റ് സേവനദാതാക്കളായ വൺ വെബ് കമ്പനിയുടെ 36 ഉപഗ്രഹങ്ങളാണ് ഇന്നലെ ഐഎസ്ആർഒ ഭ്രമണപഥത്തിലെത്തിച്ചത്. വിജയദൗത്യങ്ങളിലൂടെ ഇതിനകം തന്നെ വിശ്വസ്തത തെളിയിച്ച വിക്ഷേപണ വാഹനം ജിഎസ്എൽവി മാർക് 3 (എൽവി എം 3) ഉപയോഗിച്ചായിരുന്നു 36 ഉപഗ്രഹങ്ങളെയും വാണിജ്യ വിക്ഷേപണദൗത്യത്തിലൂടെ ബഹിരാകാശത്ത് എത്തിച്ചത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് അർധരാത്രി പിന്നിട്ട് 12.07 നായിരുന്നു ജിഎസ്എൽവി മാർക് 3 ഉപഗ്രഹങ്ങളെയും വഹിച്ച് പറന്നുയർന്നത്്. ലോഞ്ച് വെഹിക്കിൾ മാർക് 3 അഥവാ എൽവി എം 3 എന്നു പേരുമാറ്റിയ ശേഷം ജിഎസ്എൽവി മാർക് 3 ഉപയോഗിച്ച് ഐഎസ്ആർഒയുടെ ആദ്യ വാണിജ്യ വിക്ഷേപണം കൂടിയായിരുന്നു ഇത്. മൊത്തം 5,796 കിലോ പേലോഡ് വഹിച്ച ആദ്യ ഇന്ത്യൻ റോക്കറ്റ് ദൗത്യം എന്ന പ്രത്യേകതയും ഈ വിക്ഷേപണത്തിനുണ്ട്. 43.5 മീറ്റർ ഉയരമുള്ള റോക്കറ്റാണ് വിജയകരമായ വിക്ഷേപണദൗത്യവുമായി കുതിച്ചുയർന്നത്.

രാജ്യാന്തര വാണിജ്യ ഉപഗ്രഹ വിക്ഷേപണ വിപണിയിലേക്കു നിർണായക മുന്നേറ്റത്തിനൊരുങ്ങുന്ന ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഇസ്‌റോ), വൺവെബ് കമ്പനിയുടെ ബ്രോഡ്ബാൻഡ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതിലൂടെ നിർണായക നാഴികകല്ലാണ് പിന്നിട്ടത്. ഉപഗ്രഹങ്ങളിൽ നിന്നു നേരിട്ട് ഇന്റർനെറ്റ് ലഭ്യമാക്കുന്ന വമ്പൻ പദ്ധതിയാണ് വൺവെബ്. നിരവധി രാജ്യങ്ങളാണ് ഇപ്പോൾ ഉപഗ്രഹ വിക്ഷേപണത്തിനായി ഇന്ത്യയെ ആശ്രയിക്കുന്നത്. ഇതിനകം ഒട്ടേറെ ഉപഗ്രഹങ്ങളെ ഭ്രമണ പഥത്തിലെത്തിച്ച് ഇന്ത്യ വിദേശ രാജ്യങ്ങളുടെ വിശ്വാസ്യത നേടിക്കഴിഞ്ഞു.

ഭാരതി എന്റർപ്രൈസസിന് പ്രധാന ഓഹരി പങ്കാളിത്തമുള്ള വൺവെബിന്റെ സേവനം എയർടെൽ കമ്പനിയിലൂടെ ഇന്ത്യയ്ക്കും ലഭിക്കും. ബഹിരാകാശ വകുപ്പിന്റെ കീഴിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ(എൻഎസ്‌ഐഎൽ) ചരിത്രത്തിലെ ഏറ്റവും വലിയ വാണിജ്യ കരാറാണ് വൺവെബുമായുള്ളത്. ഈ കരാറിന്റെ ഭാഗമായി 2023 ജനുവരിയിൽ 36 ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കും.

ഇന്ത്യയുടെ ഏറ്റവും വലിയ ഉപഗ്രഹ വിക്ഷേപണ റോക്കറ്റാണ് എൽവി എം3. ജിഎസ്എൽവി മാർക് 3 ആണ് എൽവി എം 3 എന്ന പേരിൽ പുനർനാമകരണം ചെയ്തത്. 'ബാഹുബലി'യെന്നും മറ്റും വിളിപ്പേരുള്ള ഈ റോക്കറ്റിന് 8000 കിലോ വരെ ഭാരം വഹിക്കാനാകും.