പത്തനംതിട്ട: പത്തനാപുരം കുന്നിക്കോട് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയെ മഫ്ടിയിൽ എത്തിയ പൊലീസ് ഉദ്യോഗസ്ഥർ ചെറുകോൽ പഞ്ചായത്തിലെ കാട്ടൂർ പേട്ടയിലെ വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്തു. എന്നാൽ പൊലീസിന്റെ പിടിയിൽ നിന്നും സിപിഐ നേതാവായ അദ്ധ്യാപകന്റെ നേതൃത്വത്തിൽ പ്രതിയെ മോചിപ്പിച്ചു. പ്രതി മുങ്ങിയതോടെ മോചിപ്പിച്ചവർ വെട്ടിലായി. പ്രതിയെ കൊടുത്തില്ലെങ്കിൽ മോചിപ്പിച്ചവർ അടക്കം പോക്സോ കേസിൽ പ്രതികളാകും. പ്രതിക്ക് വേണ്ടി കുന്നിക്കോട് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആറന്മുള സ്റ്റേഷനിൽ കാത്തിരിക്കുകയാണ്.

കുന്നിക്കോട് സ്റ്റേഷനിലെ എസ്ഐ വൈശാഖ്, ക്രൈം എസ്ഐ ഫൈസൽ എന്നിവരെ തടഞ്ഞാണ് സിപിഐയുടെ അദ്ധ്യാപക സംഘടനയുടെ സംസ്ഥാന നേതാവായ കെഎ തൻസീറിന്റെ നേതൃത്വത്തിൽ പ്രതിയെ മോചിപ്പിച്ചത്. കാട്ടൂർപേട്ട സ്വദേശി സിറാജാണ് കുന്നിക്കോട് പോക്സോ കേസിൽ പ്രതിയായിട്ടുള്ളത്. അവിടെ രണ്ടാം ഭാര്യയുടെ വീട്ടിലായിരുന്നുവത്രേ ഇയാൾ താമസം.

10-ാം ക്ലാസിൽ പഠിക്കുന്ന പതിനഞ്ചുകാരിക്ക് നേരെയായിരുന്നു പീഡനം. കുട്ടി വിവരം അറിയിച്ചതോടെ ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിന് പരാതി കൈമാറി. വിവരമറിഞ്ഞ് സിറാജ് കാട്ടൂർപേട്ടയിലെ വീട്ടിൽ വന്ന് ഒളിവിൽ കഴിയുകയായിരുന്നു. പ്രതി വീട്ടിലുണ്ടെന്ന് മനസിലാക്കിയാണ് ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെ പൊലീസുകാർ വന്നത്. ഈ സമയം പ്രതിയും ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്.

ഇവരെ കാര്യം പറഞ്ഞ് മനസിലാക്കി പ്രതിയുമായി വെളിയിലേക്ക് ഇറങ്ങുമ്പോഴാണ് തൻസീറിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ വന്നതും സിറാജിനെ വിട്ടു തരില്ലെന്നും അറിയിച്ചത്. തങ്ങൾ കുന്നിക്കോട് പൊലീസാണെന്നും പ്രതിയായ സിറാജിനെ കൊണ്ടു പോകാൻ വന്നതാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഇതിനിടെ പ്രതിയെ ഇവർ രക്ഷപ്പെടുത്തി വിടുകയും ചെയ്തു. നാട്ടുകാർ ആറന്മുള സ്റ്റേഷനിലേക്ക് വിളിച്ചപ്പോൾ വന്നത് കുന്നിക്കോട് പൊലീസ് ആണെന്ന് അവിടെ നിന്ന് അറിയിച്ചു. ആറന്മുള സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത ശേഷമാണ് ഉദ്യോഗസ്ഥർ കാട്ടൂർ പേട്ടയിൽ വന്നിരുന്നത്.

ഉദ്യോഗസ്ഥരെ തടഞ്ഞ വിവരം അറിഞ്ഞ് ആറന്മുളയിൽ നിന്നും പൊലീസ് സ്ഥലത്തു വന്നു. ഇതോടെയാണ് പ്രതിയെ മോചിപ്പിച്ചവർ വെട്ടിലായത്. പ്രതിയെ കൊണ്ടുകൊടുത്തില്ലെങ്കിൽ മോചിപ്പിച്ചവർക്കെതിരേ കേസ് വരും. തങ്ങൾ ആറന്മുള സ്റ്റേഷനിൽ കാത്തിരിക്കുമെന്നും പ്രതിയുമായി എത്തിയില്ലെങ്കിൽ റിപ്പോർട്ട് എഴുതി കൊടുത്ത് മടങ്ങുമെന്നുമുള്ള നിലപാടിലാണ് ഉദ്യോഗസ്ഥർ. ഇതോടെ പ്രതിക്കായി നെട്ടോട്ടം ഓടുകയാണ് രക്ഷപ്പെടുത്തിയവർ.