- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരാതിക്കാരി മജിസ്‌ട്രേറ്റിന് നൽകിയ മൊഴി നിർണായകം; എൽദോസ് കുന്നപ്പിള്ളിക്കെതിരെ ഒരു കേസ് കൂടി; കൃത്രിമ രേഖ ചമക്കൽ അടക്കം കുറ്റങ്ങൾ ചുമത്തി; ബലാൽസംഗത്തിനും വധശ്രമത്തിനും തെളിവുണ്ടെന്ന് പൊലീസ് ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ പുതിയ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പരാതിക്കാരി മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
സ്ത്രീത്വത്തെ അപമാനിക്കൽ, കേസിൽ നിന്നും പിന്മാറാനായി കൃത്രിമ രേഖ ചമക്കൽ, മർദ്ദിക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. യുവതിയെ കാണാനില്ലെന്ന പരാതിയിലെടുത്ത കേസിൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോഴാണ് എൽദോസിനെതിരെ മൊഴി നൽകിയത്. ഈ കേസിൽ പരാതിക്കാരിയുടെ മൊഴി ബുധനാഴ്ച വഞ്ചിയൂർ പൊലീസ് രേഖപ്പെടുത്തും.
അതേസമയം, ബലാത്സംഗ കേസിൽ എൽദോസിന്റെ മുൻകൂർ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ സർക്കാർ തീരുമാനിച്ചു. എൽദോസ് അന്വേഷണവുമായി സഹരിക്കുന്നില്ലെന്ന് ചൂണ്ടികാട്ടിയാകും ഹൈക്കോടതിയെ സമീപിക്കുക. നാളെ അപ്പീൽ നൽകാനാണ് സാധ്യത. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. ഈ ജാമ്യത്തിൽ ചോദ്യം ചെയ്യൽ നടന്നുവരുന്നതിനിടെയാണ് സർക്കാർ നീക്കം.
ബലാത്സംഗം കേസിലും വധശ്രമക്കേസിലും മതിയായ തെളിവുകളുണ്ട്, അതിനാൽ പ്രതിയെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യാൻ അപ്പീൽ നൽകണമെന്ന് നിയമോപദേശവും ജില്ലാ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. സുപ്രീംകോടതി വിധികൾ ചൂണ്ടികാട്ടിയാണ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ നിയമോപദേശം നൽകിയത്. ഇതേ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അസി. കമ്മീഷണർ അനിൽകുമാർ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തി.
അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകാൻ നിർദ്ദേശിച്ച് തിരുവനന്തപുരം അഡിഷനൽ സെഷൻസ് കോടതിയാണ് എംഎൽഎയ്ക്കു ജാമ്യം അനുവദിച്ചത്. യാതൊരു രാഷ്ട്രീയ ഇടപെലും നടത്തരുതെന്നും സംസ്ഥാനം വിട്ടു പോകരുതെന്നും ഫോണും പാസ്‌പോർട്ടും കോടതിയിൽ സമർപ്പിക്കണം എന്നുമുള്ള കടുത്ത ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയത്. തിരുവനന്തപുരം ജില്ലാ കോടതിയിൽ ലഭിച്ച മുൻകൂർ ജാമ്യാപേക്ഷ വാദം കേൾക്കുന്നതിനു സെഷൻസ് കോടതിക്കു കൈമാറുകയായിരുന്നു.
എൽദോസ് കുന്നപ്പിള്ളിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്താൽ മാത്രമെ ഈ കേസുമായി ബന്ധപ്പെട്ട തെളിവുശേഖരിക്കാൻ കഴിയു എന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. അടുത്ത ദിവസം ഇത് സംബന്ധിച്ച അപ്പീൽ ഹർജി ഹൈക്കോടതിയിൽ സമർപ്പിക്കും.
നേരത്തെ, എൽദോസിനെ കെപിസിസി, ഡിസിസി അംഗത്വത്തിൽ നിന്നും ആറ് മാസത്തേക്ക് കോൺഗ്രസ് സസ്‌പെന്റ് ചെയ്തിരുന്നു. എംഎൽഎയുടെ വിശദീകരണം പൂർണ്ണമായും തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് സസ്‌പെൻഷൻ. ജനപ്രതിനിധി എന്ന നിലയിൽ പുലർത്തേണ്ടിയിരുന്ന ജാഗ്രതയുണ്ടായില്ലെന്നുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാർട്ടി നടപടി അംഗീകരിക്കുന്നുവെന്നും ഉടൻ നിരപരാധിത്വം തെളിയിക്കുമെന്നുമായിരുന്നു എംഎൽഎയുടെ പ്രതികരണം.
മറുനാടന് മലയാളി ബ്യൂറോ