- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാലോവീൻ ആഘോഷത്തിനിടെ ദക്ഷിണ കൊറിയയിൽ വൻദുരന്തം; സോളിലെ ഇറ്റെവോൺ നഗരത്തിൽ തിക്കിലും തിരക്കിലും പെട്ട് 100 ലേറെ പേർ മരിച്ചു; നൂറിലേറെ പേർക്ക് പരിക്കേറ്റു; ദുരന്തത്തിൽ കലാശിച്ചത് ഇടുങ്ങിയ തെരുവിൽ വലിയ ആൾക്കൂട്ടം പെട്ടെന്ന് മുന്നോട്ട് തള്ളി നീങ്ങിയതോടെ; ശ്വാസം മുട്ടിയും ഹൃദയസ്തംഭനം വന്നും നിരവധി മരണം; തെരുവുകളിൽ ദുരന്ത കാഴ്ചകൾ മാത്രം
സോൾ: ഹാലോവീൻ ആഘോഷത്തിനിടെ, ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 50 ലേറെ പേർ മരിച്ചു. 100ഓളം പേർക്ക് പരിക്കേറ്റു. യാംഗ്‌സാൻ ഗു ജില്ലയിലെ ഇറ്റേവോൺ നഗരത്തിലായിരുന്നു ദുരന്തം.
ശനിയാഴ്ച രാത്രി ദുരന്ത രാത്രി ആകാൻ കാരണം ആഘോഷം നടന്ന ഇടുങ്ങിയ തെരുവിലെ വകതിരിവില്ലാത്ത ജനക്കൂട്ടമാണ്. തിക്കിലും തിരക്കിലും പെട്ട് 50 ഓളം പേർക്ക് ഹൃദയസ്തംഭനം ഉണ്ടായതായാണ് പ്രാഥമിക റിപ്പോർട്ട്.
സോളിലെ പ്രധാന പാർട്ടി കേന്ദ്രമായ ഹാമിൽട്ടൺ ഹോട്ടലിന് അടുത്ത് ഇടുങ്ങിയ തെരുവിൽ ഒരുവലിയ ആൾക്കൂട്ടം പെട്ടെന്ന് തള്ളി മുന്നോട്ടുനീങ്ങിയതോടെയാണ് നിരവധി പേർ ശ്വാസം മുട്ടിയും ഹൃദയ സ്തംഭനം വന്നും മരിച്ചത്. തെരുവുകളിൽ നിരവധി പേർക്ക് അടിയന്തര ശുശ്രൂഷയായ സിപിആർ നൽകുന്നത് കാണാമായിരുന്നു.
400 ലേറെ രക്ഷാപ്രവർത്തകരെ സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്. ആളുകളെ ചികിത്സിക്കാൻ, 140 ആംബുലൻസുകളും സ്ഥലത്തെത്തി. ഇറ്റെവോണിലെ തെരുവിൽ ഒരു സെലിബ്രിറ്റി എത്തുന്നത് അറിഞ്ഞ് ഒരുകൂട്ടം ആളുകൾ അങ്ങോട്ടേക്ക് കുതിച്ചതാണ് ദുരന്തത്തിന് കാരണമെന്ന് പ്രാദേശിക മാധ്യമങ്ങൾ പറയുന്നു. തിരക്കിൽ നിന്ന് രക്ഷപ്പെടാൻ, പലരും സമീപത്തെ മതിലുകളിൽ വലിഞ്ഞുകയറുന്നത് കാണാമായിരുന്നു.
തെരുവിൽ നിരവധി പേർ മരിച്ചുകിടക്കുന്നതിന്റെയും, പരിക്കേറ്റ ചിലർക്ക് രക്ഷാപ്രവർത്തകർ സിപിആർ നൽകുന്നതിന്റെയും വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൺ സൂക് അടിയന്തര യോഗം വിളിച്ചുകൂട്ടി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. പരിക്കേറ്റവർക്ക് ചികിത്സ നൽകാനും, ആശുപത്രികളിൽ കിടക്ക സജ്ജമാക്കാനും നിർദ്ദേശിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ സുരക്ഷ പുനഃപരിശോധിക്കാൻ യൂൺ സൂക് ഇയോൾ ഉത്തരവിട്ടിട്ടുണ്ട്.
ഇറ്റെവോൺ തെരുവുകളിൽ ഏകദേശം ഒരുലക്ഷത്തോളം പേർ ഒത്തുകൂടിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞ ശേഷമുള്ള ഹാലോവീൻ ആഘോഷമായതിനാൽ തന്നെ ആവേശം ഏറെയായിരുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ