- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റൊരു അമേരിക്കൻ പോപ്പ് സ്റ്റാർ കൂടി ചെറിയ പ്രായത്തിൽ ലഹരിക്ക് അടിപ്പെട്ട് മരിച്ചു; ഒൻപതാം വയസ്സിൽ പേരെടുത്ത് ആരോൺ കാർട്ടർ ബാത്ത് ടബ്ബിൽ മുങ്ങിമരിച്ചത് 34-ാം വയസ്സിൽ; ലഹരിക്കടിമപ്പെട്ട് 40 കടക്കാത്ത പോപ് സ്റ്റാറുകൾ പെരുകുമ്പോൾ
''എന്റെ പ്രിയപ്പെട്ടവളോട് പറയൂ... ഞാൻ പോയിട്ടുണ്ടാകും...'' ആഴ്‌ച്ചകൾക്ക് മുൻപ് മാത്രമായിരുന്നു ആയിരക്കണക്കിന് പ്രേക്ഷകർ നിറഞ്ഞ വേദിയിൽ തന്റെ മാസ്മരിക ശബ്ദത്തിൽ ആരോൺ കാർട്ടർ എന്ന 34 കാരനായ പോപ്പ് താരം പാടിയാടിയത്. ജനസഹസ്രങ്ങളുടെ മനസ്സിനെ തൊട്ടുണർത്തിയ വരികൾക്ക് അറം പറ്റിയതുപോലെ, തികച്ചും അവിചാരിതമായ ഒരു മുഹൂർത്തത്തിൽ ഈ യുവതാരം ഈ ലോകം വിട്ടു പോവുകയും ചെയ്തിരിക്കുന്നു. ബാക്ക്സ്ട്രീറ്റ് ബോയ്സ് ഗായകൻ നിക്ക് കാർട്ടറുടെ സഹോദരൻ കൂടിയായ ആരോൺ കാർട്ടർ കാലിഫോർണിയയിലെ ,ലങ്കാസ്റ്ററിൽ ഉള്ള തന്റെ വസതിയിൽ ബാത്ത് ടബ്ബിനകത്ത് മുങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.
ശനിയാഴ്‌ച്ച രാവിലെ 11 മണിക്ക് 911 എന്ന എമർജൻസി നമ്പറിലേക്ക് വന്ന ഒരു ഫോൺ കോളിലൂടേയായിരുന്നു പൊലീസ് ഇക്കാര്യം അറിയുന്നത്. ഒരു പുരുഷൻ ബാത്ത് ടബ്ബിനകത്ത് മുങ്ങി മരിച്ചു എന്നായിരുന്നു ഫോൺ സന്ദേശം. ഉടൻ തന്നെ വിദ്ഗധ അന്വേഷണ സംഘം സ്ഥലത്തെത്തി. ഏതെങ്കിലും വിധത്തിൽ സംശയിക്കത്തക്ക ഒന്നും തന്നെ സംഭവസ്ഥലത്തു നിന്നും ഇതുവരെ ലഭിച്ചിട്ടില്ല.
തന്റെ ഒൻപതാം വയസ്സിൽ ഒരു ബാലതാരം എന്ന നിലയിൽ ശ്രദ്ധേയനായ വ്യക്തിയാണ് ആരോൺ കാർട്ടർ. ആദ്യം ഗായകനായും പിന്നീട് സിനിമകളിലും ലിസീ മെക്ഗുയിർ, സെവൻത്ത് ഹെവൻ തുടങ്ങിയ ടെലിവിഷൻപരിപാടികളിലും അഭിനേതാവായി തിളങ്ങി. 1997-ൽ നാല് സ്റ്റുഡിയോ ആൽബങ്ങൾ റിലീസ് ചെയ്തുകൊണ്ടായിരുന്നു കാർട്ടർ പ്രശസ്തിയിലേക്ക് കുതിച്ചു കയറിയത്. കഴിഞ്ഞ കുറേ കാലങ്ങളായി തന്റെ സംഗീതവുമായി മുൻപോട്ട് പോകുമ്പോഴും കാർട്ടർ ലഹരിക്ക് അടിമയായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു.
നിരവധി നിയമ കുരുക്കുകളിൽ പെടുകയും ലഹരി മുക്ത ചികിത്സക്ക് വിധേയനാവുകയും ഒക്കെ ചെയ്തെങ്കിലും, ലഹരി വിരിച്ച വലയിൽ നിന്നും പുറത്തുകടക്കാൻ ആരോണിനായിരുന്നില്ല. അതിനിടയിൽ തന്റെ സഹോദരൻ നിക്ക് കാർട്ടർ ഉൾപ്പടെ പലരുമായും പൊതുവേദികളിൽ കലഹിക്കുകയും ചെയ്തു. സഹോദരൻ തന്നെ കൺസർവേറ്റർഷിപ്പിനു കീഴിൽ കൊണ്ടു വരാൻ ശ്രമിക്കുന്നു എന്ന ആരോപണം ആരോൺ ഉയർത്തിയിരുന്നു.
ദ്വന്ത വ്യക്തിത്വം (മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡർ), ഷിസോഫ്രീനിയ, കടുത്ത ഉത്ക്കണ്ഠ, കടുത്ത വിഷാദരോഗം എന്നീ മാനസിക പ്രശ്നങ്ങൾ തനിക്കുള്ളതായി ഡോക്ടർമാർ കണ്ടെത്തിയതായി 2019-ൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. സഹോദരനെ കൂടതെ ആരോണിന് രണ്ട് സഹോദരിമാർ കൂടിയുണ്ട്. അതിൽ ഒരാൾ ആരോണിന്റെ ഇരട്ട സഹോദരിയാണ്. സഹോദരി, 25-ാം വയസ്സിൽ ലഹരിക്ക് അടിമപ്പെട്ട് 2012 ൽ മരണമടഞ്ഞിരുന്നു.
ആരോണിന്റെ വിവാഹജീവിതവും പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു. പങ്കാളി മെലനി മാർട്ടിനുമായി കൂടെക്കൂടെ പിണങ്ങി പിരിയുക പതിവായിരുന്നു. ഈ ബന്ധത്തിൽ പ്രിൻസ് എന്ന ഒരു മകനും ആരോണിനുണ്ട്. കഴിഞ്ഞ ചൊവ്വാഴ്‌ച്ച, ലഹരിക്ക് അടിപ്പെട്ട് വാഹനമോടിച്ചു എന്ന സംശയത്തിൽ ആരോണിനെ പൊലീസ് പിടികൂടിയെങ്കിലും കേസ് ആയില്ല. മൈക്കൽ ജാക്സൺ, വൈറ്റ്നി ഹൂസ്റ്റൺ, ഹീത്ത് ലെഡ്ജർ തുടങ്ങി നിർവധി പ്രശസ്തരാണ് പ്രശസ്തിയുടെ ഉത്തംഗശൃംഗങ്ങളിൽ നിൽക്കുമ്പോൽ ലഹരിക്ക് അടിപ്പെട്ട് വീണുപോയത്. ഇപ്പോൾ ഒരാൾ കൂടി ആ നീരാളിപ്പിടുത്തത്തിന് കീഴടങ്ങിയിരിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ