യാത്ര മുടങ്ങിയ നിരാശയിൽ ഒരു യുവതി എമിരേറ്റ്സ് ജീവനക്കാരനെ മർദ്ദിക്കുന്ന വീഡിയോ പുറത്തുവന്നു. തന്റെ വിമാനത്തിൽ ചെക്ക് ഇൻ ചെയ്യാൻ വളരെ വൈകിയായിരുന്നു യുവതി എത്തിയത്. മാത്രമല്ല അവരുടെ പാസ്സ്പോർട്ടിന്റെ കാലാവധി കഴിയുകയും ചെയ്തിരുന്നതായി എമിരേറ്റ്സ് അധികൃതർ വെളിപ്പെടുത്തി. മെക്സിക്കോ സിറ്റി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം നടന്നത്.

കോപാകുലയായ സ്ത്രീ തന്റെ കൈയിലുണ്ടായിരുന്നസാധനങ്ങൾ ചെക്ക് ഇൻ ഡെസ്‌കിലേക്ക് വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങൾ അവിടെയുണ്ടായിരുന്ന മറ്റ് യാത്രക്കാർ ക്യാമറയിൽ പകർത്തുകയായിരുന്നു. പിന്നീട് ചെക്ക് ഇൻ കൗണ്ടറിന്റെ മുകളിൽ വലിഞ്ഞു കയറിയിയ അവരെ സുരക്ഷാ ജീവനക്കാർ എത്തി നീക്കം ചെയ്തു. അവർ പിന്നീട് ആ വിമാനത്തിൽ യാത്ര ചെയ്തോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അസാധുവായ പാസ്സ്പോർട്ടുമായി വൈകിയെത്തിയ യാത്രക്കാരി ജീവനക്കാരിയെ കൈയേറ്റം ചെയ്ത കാര്യം എമിരേറ്റ്സ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഗ്രൗണ്ട് സ്റ്റാഫിനോട് അപമര്യാദയായും അക്രമാസക്തമായും പെരുമാറിയതിനാൽ പൊലീസും സുരക്ഷാ ജീവനക്കാരുമിടപെടേണ്ടത് ആവശ്യമായി വന്നു എന്നും എമിരേറ്റ്സ് അധികൃതർ അറിയിച്ചു. അവരെ പൊലീസ് കസ്റ്റഡിയിൽ നിന്നും വിട്ടയച്ചുവോ എന്ന കാര്യവും വ്യക്തമല്ല. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റു യാത്രക്കാർ ഒക്കെയും യുവതിയുടെ നടപടിയിൽ പ്രതിഷേധിക്കുകയായിരുന്നു.

ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ അനുവദിച്ചു കൊടുക്കരുതെന്ന് ട്വിറ്ററിലൂടെ ആവശ്യപ്പെട്ട ഒരു യാത്രക്കാരൻ അവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും എഴുതി. അക്രമാസക്തമാകലും മറ്റുള്ളവരുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തലും ഒരു പരിഷ്‌കൃത സമൂഹത്തിൽ അനുവദിക്കാൻ ആവുന്നതല്ല എന്ന് മറ്റൊരാൾ എഴുതി. അതേസമയം അവരോട് അനുകമ്പ പ്രകടിപ്പിച്ചും ചിലർ എത്തിയിട്ടുണ്ട്.

യാത്ര മുടങ്ങിയതിന്റെ നിരാശയിൽ, തന്നെ ആരും സഹായിക്കാനില്ല എന്ന തോന്നലിൽ നിന്നായിരിക്കാം അവർ ത്തരത്തിലുള്ള പ്രവർത്തിയിലേക്ക് നയിക്കപ്പെട്ടതെന്ന് മറ്റു ചിലർ പറയുന്നു.