- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഥൻസിൽ നിന്നും അമേരിക്കയ്ക്ക് പറന്ന വിമാനം ഇടക്ക് വച്ച് തിരിച്ചു വിളിച്ചിറക്കി ഗ്രീക്ക് അധികൃതർ; ദുബായിലേക്ക് പോയ രണ്ടാമത്തെ വിമാനവും തിരിച്ചിറക്കി; രണ്ട് എമിരേറ്റ്സ് വിമാനങ്ങളും തടഞ്ഞത് അമേരിക്കൻ ഇടപെടൽ; ദുരൂഹമായ ആ ഭീകരൻ ആരാണ് ?
ഗ്രീക്ക് തലസ്ഥാനമായ ഏഥൻസിൽ നിന്നും ന്യുയോർക്കിലേക്ക് പറന്നുയർന്നവിമാനം ചില സുരക്ഷാ കാരണങ്ങളാൽ തിരികെ വിളിച്ചു. ഇന്നലെ, വ്യാഴാഴ്‌ച്ചയായിരുന്നു സംഭവം നടന്നതെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ മാധ്യമം വെളിപ്പെടുത്തുന്നു. അതിനു പിന്നാലെ ദുബായിലേക്ക് പോകേണ്ട മറ്റൊരു എമിരേറ്റ്സ് ഫ്ളൈറ്റിനും ഏഥൻസിലെ എലെഫ്തെറിയോസ് വെസിസെലോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയരാനുള്ള അനുമതി നിഷേധിച്ചു.
അമേരിക്കൻ അധികൃതരുടെ അഭ്യർത്ഥനയെ അടിസ്ഥാനമാക്കിയാണ് വിമാനങ്ങളെ തിരികെ വിളിച്ച് നിലത്തിറക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ യാത്രചെയ്യുന്ന ഒരു യാത്രക്കാരനെ കുറിച്ചുള്ള വിവരം അമേരിക്കൻ അധികൃതർ ഗ്രീക്ക് പൊലീസിന് കൈമാറുകയായിരുന്നു എന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, വിവരം നൽകിയത് അമേരിക്കയിലെ ഏത് വിഭാഗത്തിലെ ഉദ്യോഗസ്ഥരാണെന്ന കാര്യം ഗ്രീക്ക് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
ന്യുവാർക്ക് വിമാനത്താവളത്തിന്റെ ചുമതലയുള്ള പോർട്ട് അഥോറിറ്റിയും എമിരേറ്റ്സും ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത് എയർലൈനിനേയും ഗ്രീക്ക് അധികൃതരേയും സംബന്ധിക്കുന്ന വിഷയമാണെന്നായിരുന്നു ഫെഡറൽ ഏവിയേഷൻ അഥോറിറ്റിയുടെ പ്രതികരണം. ദുബായിലേക്കുള്ള വിമാനം റൺവേയിൽ നീങ്ങാൻ തുടങ്ങിയതിനു ശേഷമായിരുന്നു ചില സാങ്കേതിക തടസ്സങ്ങളുണ്ടെന്നും വിമാനം ഗേറ്റിലേക്ക് തിരികെ പോവുകയാണെന്നും ഉള്ള ക്യാപ്റ്റന്റെ അറിയിപ്പ് വന്നത് എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിമാനത്തിൽ നിന്നും ഇറക്കിയ യാത്രക്കാരെ പരിശോധനക്ക് വിധേയരാക്കിയ ശേഷം വീണ്ടും വിമാനത്തിൽ കയറാൻ അനുവദിച്ചു. മണിക്കൂറുകൾ വൈകി വിമാനം യാത്ര തുടരുകയും ചെയ്തു. അതേ സമയം ന്യുയോർക്കിലേക്കുള്ള വിമാനം ഏഥൻസ് വിമാനത്താവളത്തിൽ തന്നെ പിടിച്ചിട്ടിരിക്കുകയാണ്. യാത്രക്കാരെയെല്ലാം സുരക്ഷിതരായി ഇറക്കിയിട്ടുണ്ട്.
ന്യുയോർക്കിലേക്ക് പോകേണ്ട ബോയിങ് 777 വിമാനം കൃത്യ സമയത്ത് തന്നെ, വൈകിട്ട് 5.20 ന് ഏഥൻസിൽ നിന്നും പറന്നുയർന്നിരുന്നു. വിമാനം സാർഡീനിയയ്ക്ക് മുകളിൽ എത്തിയപ്പോഴായിരുന്നുതിരിച്ചു വരാനുള്ള നിർദ്ദേശം പൈലറ്റിനു ലഭിക്കുന്നത്. അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് വിമാനത്താവളത്തിലെ അടിയന്തര സേവന വിഭാഗവും സുസജ്ജമായി നിലയുറപ്പിച്ചു. വിമാനം, സാർഡീനിയയ്ക്ക് മേൽ നിരവധി തവണ വട്ടമിട്ട് പറക്കുകയായിരുന്നു. ഇറ്റലിയും ഫ്രാൻസും വിമാനത്തിനിറങ്ങാനുള്ള അനുമതി നിഷേധിച്ചു എന്നാണ് അറിയുന്നത്.
ഇറ്റലിയിലോ ഫ്രാൻസിലോ വിമാനമിറക്കി മറ്റൊരു മാർഗ്ഗത്തിലൂടെ ചുറ്റിത്തിരിഞ്ഞു പോകാനായിരുന്നു പൈലറ്റ് ഉദ്ദേശിച്ചത്. സിസിലിയോ പടിഞ്ഞാറൻ ഗ്രീസോ യാത്രാ മാർഗ്ഗത്തിൽ നിന്ന് ഒഴിവാക്കുവാൻ പൈലറ്റ് ആഗ്രഹിച്ചിരുന്നതായി ചില മാധ്യമങ്ങൾ പറയുന്നു. വിമാനം തിരികെ ഗ്രീസിന്റെ വ്യോമാതിർത്തി കടന്നതു മുതൽ രണ്ട് ഗ്രീക്ക് എഫ് 16 ഫൈറ്റർ വിമാനങ്ങൾ അതിന് അകമ്പടി സേവിച്ചിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
മറുനാടന് മലയാളി ബ്യൂറോ