ലണ്ടൻ: ബ്രിട്ടനിലെ അതി സമ്പന്ന കുടുംബങ്ങളിൽ ഒന്നിൽ ഇപ്പോൾ കുടുംബകലഹം നടക്കുകയാണ്. കുടുംബത്തിലെ മൂത്ത വ്യക്തിക്ക് ഡിമെൻഷ്യ പിടിപെട്ടപ്പോൾ അതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട ചില വീഴ്‌ച്ചകളാണ് കലഹത്തിനു കാരണമായിരിക്കുന്നത്. ഇന്ത്യൻ വംശജരായ ഹിന്ദുജ കുടുംബത്തിലെ ഈ കലഹം മറനീക്കി പുറത്തു വന്നത് ഒരു കോടതി വിധിയോടെ ആയിരുന്നു. ഹിന്ദുജ സഹോദരങ്ങളിൽ മൂത്തയാളായ ശ്രീചന്ദ് പരമാനന്ദ് ഹിന്ദുജ (86) യെ പബ്ലിക് നഴ്സിങ് ഹോമിൽ പ്രവേശിപ്പിക്കണമെന്ന് ഒരു മുതിർന്ന ജഡ്ജി ഉത്തരവിട്ടു. ഇപ്പോൾ അദ്ദേഹത്തിനു ലഭിക്കുന്ന ശുശ്രൂഷ ആവശ്യത്തിനു മതിയാകുന്നില്ല എന്നും കോടതി നിരീക്ഷിച്ചു. 

ഉത്പാദനം, ബാങ്കിങ്, കെമിക്കൽസ്, ഊർജ്ജം, മാധ്യമം, ആരോഗ്യസംരക്ഷണം തുടങ്ങിയ മേഖലകളിലെല്ലാം തന്നെ ശക്തമായ സ്വാധീനമുള്ള ഹിന്ദുജ ഗ്രൂപ്പുമായി ബന്ധപ്പെട്ട ഒരു കേസിന്റെ വിചാരണവേളയിൽ കോർട്ട് ഓഫ് പ്രൊട്ടക്ഷൻ ജഡ്ജി ജസ്റ്റിൽ ഹേയ്ഡനാണ് ഇത്തരത്തിൽ പരാമർശം നടത്തിയത്. സണ്ടേ ടൈംസിന്റെ ധനികരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയ ഹിന്ദുജ ഗ്രൂപ്പിന് 28 ബില്യൺ പൗണ്ടിൽ അധികം ആസ്തിയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

ശ്രീചന്ദ് (86), ഗോപിചന്ദ് (82), പ്രകാശ് (77), അശോക് (73) എന്നീ സഹോദരങ്ങൾ, അവരിൽ എതൊരു വ്യക്തിയും സ്വകാര്യമായി കൈവശം വച്ചിരിക്കുന്ന സ്വത്തുക്കൾ എല്ലാം തന്നെ നാലുപേർക്കും അവകാശപ്പെട്ടതായിരിക്കും എന്നൊരു കരാർ 2014-ൽ ഉണ്ടാക്കിയിരുന്നു. എന്നാൽ, 2015-ൽ, സ്വിറ്റ്സർലൻഡിലെ ഹിന്ദുജ ബാങ്കിനു മേൽ തനിക്ക് മാത്രമാണ് അവകാശം എന്ന് ശ്രീചന്ദ് അവകാശപ്പെടുകയും മറ്റ് മൂന്ന് സഹോദരന്മാർക്കെതിരെ, തങ്ങളുണ്ടാക്കിയ കരാറിന് നിയമ സാധുത ഇല്ലെന്ന് പറഞ്ഞ് ഹൈക്കോടതിയിൽ പരതി നൽകുകയും ചെയ്തിരുന്നു.

ശ്രീചന്ദിന് ഡിമെൻഷ്യ ബാധിച്ചതോടെ അദ്ദേഹത്തിന്റെ പുത്രി വിനൂ ആയിരുന്നു ഈ കേസുമായി മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. ശ്രീചന്ദ് നൽകിയ പവർ ഓഫ് അറ്റോർണിയായിരുന്നു ഇതിനുള്ള അവകാശം പുത്രിക്ക് നൽകിയത്. എന്നാൽ, ഈ പവർ ഓഫ് അറ്റോർണിയുടേ നിയമ സാധുത ചോദ്യം ചെയ്ത് ഗോപിചന്ദ് മറ്റൊരു ഹർജി 2020-ൽ സമർപ്പിച്ചു. സഹോദരന് ഡിമെൻഷ്യയാണെങ്കിൽ, അത്തരത്തിലൊരു പവർ ഓഫ് അറ്റോർണി നൽകാനുള്ള കഴിവ് അദ്ദേഹത്തിനില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗോപിചന്ദ് പരാതി നൽകിയത്.

എന്നാൽ, നേരത്തേയുണ്ടാക്കിയ കരാർ അസാധുവാക്കാൻ കുടുംബം സമ്മതിച്ചു എന്ന് ഗോപിചന്ദിന്റെ വക്കീൽ കോടതിയെ അറിയിച്ചതോടെ ആ നിയമയുദ്ധത്തിന് ഒരു വിരാമമായി. ഇപ്പോൾ പുറത്തായിരിക്കുന്ന കോടതി ഉത്തരവ് സംബന്ധിച്ച രേഖകളിലാണ് കുടുംബ കലഹത്തിനിടയിൽ ശ്രീചന്ദിന് മതിയായ ശുശ്രൂഷ ലഭിക്കുന്നില്ല എന്ന ജഡ്ജിയുടെ പരാമർശമുള്ളത്. ആവശ്യത്തിനു സമ്പത്ത് ഉണ്ടായിട്ടും, ഒരു സ്വകാര്യ ചികിത്സാ കേന്ദ്രത്തിൽ അദ്ദേഹത്തെ ബന്ധുക്കൾ എത്തിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്.

അതുകൊണ്ടു തന്നെ ഇപ്പോൾ ഉള്ള ആശുപത്രിയിൽ നിന്നും ശ്രീചന്ദിനെ മാറ്റി ഒരു പബ്ലിക് നഴ്സിങ് ഹോമിലാക്കുന്ന കാര്യവും പരിഗണിക്കുന്നു എന്നും അതിലുണ്ട്. ഇംഗ്ലണ്ടിലെയും വെയിൽസിലേയും കോർട്ട് ഓഫ് പ്രൊട്ടക്ഷൻ ജഡ്ജിമാരിൽ ഏറ്റവും മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് ഹെയ്ഡൻ തന്റെ ആശങ്കകൾ രേഖകളിൽ ആക്കിയിട്ടുണ്ട്.