മല്ലപ്പള്ളി: രൂപസാദൃശ്യം കാരണം ബൈക്ക് മാറിയെടുത്ത് വീട്ടിൽ കൊണ്ടുപോയ യുവാവ് മോഷണക്കേസിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. അബദ്ധം മനസിലാക്കി ബൈക്ക് പിന്നീട് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയെങ്കിലും രക്ഷയായത് പൊലീസ് ഇൻസ്പെക്ടറുടെയും എസ്ഐയുടെയും തിരിച്ചറിവാണ്. ആനിക്കാട് സ്വദേശി രതീഷാണ് മോഷണക്കേസിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്.

മല്ലപ്പള്ളി-ആനിക്കാട് റോഡിൽ വ്യാഴാഴ്‌ച്ച ഉച്ചയ്ക്കാണ് സംഭവം. ആനിക്കാട് കാരമുള്ളാനിക്കൽ അഭിലാഷിന്റെ ബൈക്ക് ആണ് രതീഷ് മാറി എടുത്തുകൊണ്ടുപോയത്. ഉച്ചയ്ക്ക് 12 മണിയോടെ അഭിലാഷ് ബൈക്ക് ആനിക്കാട് റോഡിൽ പാർക്ക് ചെയ്തതിന് ശേഷം ജോലി ആവശ്യവുമായി ബന്ധപ്പെട്ട് റാന്നിക്ക് പോയി. വൈകിട്ട് നാല് മണിയോടെ തിരികെ വന്ന് വീട്ടിൽ പോകാൻ നോക്കിയപ്പോൾ വാഹനം കാണാനില്ല. പരിസരങ്ങളിലൊക്കെ തിരഞ്ഞുവെങ്കിലും കണ്ടെത്താനാവാതെ, പൊലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞു.

പൊലീസ് മോഷണത്തിന് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചു. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ബൈക്ക് ഒരാൾ എടുത്തു കൊണ്ടുപോകുന്ന ദൃശ്യം കണ്ടതോടെ അന്വേഷണം ഊർജ്ജിതമാക്കി, ആനിക്കാട് ഭാഗത്തേക്ക് ഓടിച്ചുപോയ ബൈക്ക് യാത്രികനെ ചുറ്റിപ്പറ്റി പൊലീസ് സംഘം നീങ്ങി. സി സി ടി വി ദൃശ്യങ്ങൾ അടിസ്ഥാനപ്പെടുത്തി രാത്രികാല പട്രോളിങ് സംഘവും അന്വേഷണം തുടർന്നു. ഇതിനിടെ ഉണ്ടായ പുകിലൊന്നും അറിയാതെ വെള്ളിയാഴ്‌ച്ച രാവിലെ അബദ്ധത്തിൽ എടുത്തു കൊണ്ടു പോയ മോട്ടോർ സൈക്കിളുമായി രതീഷ് സ്റ്റേഷനിലെത്തി. മറ്റൊരാൾ രതീഷിന്റെ സ്വന്തം ബൈക്കും കൊണ്ടു വന്നു.

പറ്റിയ അബദ്ധം രതീഷ് പൊലീസുകാരോട് പറഞ്ഞു. അവർക്ക് യുവാവിന്റെ നിരപരാധിത്വത്തിൽ സംശയം തോന്നിയില്ല. ഇരുവാഹനങ്ങളുടെയും രൂപസാദൃശ്യംകാരണം പറ്റിപ്പോയ അമളി ഏറ്റുപറഞ്ഞുകൊണ്ടുള്ള യുവാവിന്റെ നിസ്സഹായത, സംഭവത്തിന്റെ നിജസ്ഥിതിയുടെ വിവരണത്തിലൂടെ മനസ്സിലാക്കിയ കീഴ്‌വായ്‌പ്പൂർ പൊലീസ്, യുവാവിന്റെ മൊഴി എടുത്തശേഷം വിട്ടയച്ചു.

പൊലീസ് ഇൻസ്പെക്ടറുടെയും, എസ് ഐയുടെയും മാതൃകാപരമായ സമീപനവും, അന്വേഷണസംഘത്തിന്റെ തിരിച്ചറിവും ഒരു ചെറുപ്പക്കാരന്റെ മാനമാണ് കാത്തത്. നിരപരാധിയായ ഒരാൾ മോഷ്ടാവ് ആയി മാനഹാനി സഹിച്ച് ജയിലിൽ കഴിയേണ്ട സാഹചര്യം പൊലീസിന്റെ സാന്ദർഭികമായ നടപടിയിലൂടെ ഒഴിവായി. സിനീയർ സിവിൽ പൊലീസ് ഓഫീസർ അരുൺ ഗോപി, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ സഹിൽ, വിജിഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.