- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൈജീരിയ-ഗിനിയ അധികൃതർ കപ്പൽ പരിശോധിച്ചെങ്കിലും എണ്ണ മോഷണം കണ്ടെത്താനായിട്ടില്ല; കപ്പൽ അനധികൃതമായി അക്പോ എണ്ണപ്പാടത്തിനടുത്ത് എത്തിയത് എന്തിനെന്നതിന് കപ്പൽ കമ്പനിയും നാവികരും കൃത്യവും വിശ്വസനീയവുമായ മറുപടി നൽകേണ്ടി വരും; ചരക്കു കപ്പൽ ഹെറോയിക് ഐഡൻ നൈജീരിയയിൽ; ഇന്ത്യൻ നയതന്ത്ര നീക്കവും സജീവം; മലയാളികൾ മോചിതരാകുമോ?
കൊച്ചി: സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് ആഫ്രിക്കൻ രാജ്യമായ ഗിനി തടഞ്ഞുവെച്ച ചരക്കു കപ്പൽ ഹെറോയിക് ഐഡൻ നൈജീരിയയിൽ. മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാർ കപ്പലിലുണ്ട്. നാവികരുടെ മോചനവുമായി ബന്ധപ്പെട്ട് നൈജീരിയയും ഇന്ത്യയും തമ്മിലുള്ള ചർച്ചകൾ തുടങ്ങി. നൈജീരിയൻ ജയിലിലേക്ക് മാറ്റാതെ നാവികരെ കപ്പലിൽ തന്നെ തുടരാൻ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഏതായാലും എല്ലാവരേയും കുറ്റവിചാരണ നടത്താനാണ് നൈജീരിയയുടെ തീരുമാനം. നൈജീരിയയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥർ ഉടൻ കപ്പലിലെത്തുമെന്നാണ് സൂചന. ഇതിനൊപ്പം നൈജീരിയൻ സർക്കാരിലെ ഉന്നതരുമായി നാവികരുടെ മോചനം സംബന്ധിച്ച് ചർച്ച തുടരും.
കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് നൈജീരിയൻ നാവികസേനയിൽ നിന്ന് ലഭിച്ച ഔദ്യോഗിക വിവരങ്ങളനുസരിച്ച് ഹെറോയിക് ഐഡൻ നൈജീരിയയിൽ നിന്ന് ക്രൂഡ് ഓയിൽ മോഷ്ടിച്ചിട്ടില്ല. നൈജീരിയ-ഗിനിയ അധികൃതർ കപ്പൽ പരിശോധിച്ചെങ്കിലും എണ്ണമോഷണം കണ്ടെത്താനായിട്ടില്ല. എന്നാൽ കപ്പൽ അനധികൃതമായി അക്പോ എണ്ണപ്പാടത്തിനടുത്ത് എത്തിയത് എന്തിനെന്നതിന് കപ്പൽ കമ്പനിയും നാവികരും കൃത്യവും വിശ്വസനീയവുമായ മറുപടി നൈജീരിയൻ അധികൃതർക്ക് നൽകേണ്ടി വരും. ഇതാണ് മോചനം അനിശ്ചിതത്വത്തിലാക്കുന്നത്. എണ്ണ മോഷ്ടിക്കാൻ എത്തിയതാണ് കപ്പൽ എന്നതാണ് നൈജീരിയയുടെ ആരോപണം.
ക്രിമിനൽ ആരോപണമാണ് നാവികർക്കെതിരെ ഉയർത്തുന്നത്. മോചനം എപ്പോഴത്തേക്ക് ഉണ്ടാകുമെന്നോ എന്തൊക്കെ നിയമനടപടികൾ നേരിടേണ്ടി വരുമെന്നോ ഉള്ള കാര്യത്തിൽ ഇതുവരെ ഉറപ്പ് ലഭിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയിൽ നിന്ന് നൈജീരിയയിലെത്തി ക്രൂഡോയിൽ നിറച്ച് നെതർലാൻഡ്സിലെ നോർട്ട്ഡാമിലെത്തുകയായിരുന്നു ഹെറോയിക് ഐഡന്റെ ലക്ഷ്യം. ഫിലിപ്പീൻസിനടുത്തുള്ള മാർഷൽ ഐലൻഡ് എന്ന രാജ്യത്തെ കപ്പലാണ് ഹെറോയിക് ഐഡൻ. ഓഗസ്റ്റ് എട്ടിനാണ് കപ്പൽ നൈജീരിയൻ തീരത്തെത്തിയത്. എന്നാൽ തുറമുഖത്ത് അടുക്കാനുള്ള നിർദ്ദേശം ലഭിച്ചില്ല. തുടർന്ന് അന്താരാഷ്ട്ര കപ്പൽചാലിൽ നങ്കൂരമിട്ടു. ഇത് നൈജീരിയയിലെ ബോണി ദ്വീപിനടുത്തുള്ള അക്പോ എണ്ണപ്പാടത്തിനടുത്തായിരുന്നു.
നൈജീരിയൻ നേവിയുടെ കപ്പലെത്തി അവരെ പിന്തുടരാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇത് നൈജീരിയൻ നാവികസേനയുടെ കപ്പലാണെന്ന് സ്ഥിരീകരിക്കാനാവാതിരുന്നതിനാൽ പിന്തുടർന്നില്ല. കടൽക്കൊള്ളക്കാർ ഏറെയുള്ള മേഖലയായതിനാൽ നങ്കൂരമിട്ടിടത്തു നിന്ന് കപ്പൽ ഗിനിയൻ മേഖലയിലേക്ക് നീങ്ങി. അന്താരാഷ്ട്ര അതിർത്തി ലംഘിച്ചതിനാൽ ഗിനിയൻ അധികൃതർ ഓഗസ്റ്റ് 10-ന് കപ്പൽ കസ്റ്റഡിയിലെടുത്ത് ജീവനക്കാരെ അറസ്റ്റ് ചെയ്തു. കപ്പലിലെ ഫസ്റ്റ് ഓഫീസർ സനു ജോസ്, മുളവുകാട് സ്വദേശി മിൽട്ടൻ, കൊല്ലം സ്വദേശി വിജിത്ത് എന്നിവരാണ് സംഘത്തിലെ മലയാളികൾ. കൊല്ലത്ത് സ്ത്രീധന പീഡനത്തിൽ ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരനാണ് വിജിത്ത്.
ഗിനിയൻ സാമ്പത്തിക മേഖലയിൽ കടന്നതിന് കപ്പൽ കമ്പനിയോട് പിഴയടക്കാൻ ആവശ്യപ്പെട്ടു. ഇത് അടച്ച ശേഷം കപ്പൽ ഗിനി അധികൃതർ നവംബർ ആറിന് നൈജീരിയൻ നാവികസേനയ്ക്ക് കൈമാറി. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചതിനാൽ ഹെറോയിക് ഐഡനെതിരേ നൈജീരിയൻ നിയമനടപടികളുണ്ടാകുമെന്നാണ് സൂചന. അതിനിടെ മലയാളികൾ ഉൾപ്പെടെയുള്ള നാവികരുടെ മോചനത്തിനായി കേന്ദ്രസർക്കാർ ആകുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. നാവികരെ നൈജീരിയയിലെ ജയിലിലേക്ക് മാറ്റില്ലെന്ന് മന്ത്രി മുരളീധരൻ സനുവിന്റെ ഭാര്യ മെറ്റിൽഡയ്ക്ക് ഉറപ്പ് നൽകി.
നൈജീരിയയുമായി ഇന്ത്യയ്ക്ക് നല്ല ബന്ധമാണ്. പരിചയസമ്പത്തുള്ള സംഘമാണ് നയതന്ത്ര നീക്കങ്ങൾ നടത്തുന്നത്. ഇപ്പോൾ ഷിപ്പിങ് കമ്പനി തന്നെയാണ് നാവികർക്ക് ഭക്ഷണം കൊടുക്കുന്നത്. അതിന് എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഇന്ത്യൻ എംബസി ഭക്ഷണം എത്തിക്കും. ഗിനിയിൽ നമ്മുടെ അംബാസഡർ ഇപ്പോൾ ഇല്ല. അതിന്റെ ചില പ്രശ്നങ്ങളാണ് ഉണ്ടായിരുന്നത്. പ്രശ്നത്തിന് വേഗം പരിഹാരം കാണാനുള്ള ശ്രമത്തിലാണ് വിദേശകാര്യമന്ത്രാലയമെന്നും അദ്ദേഹം പറഞ്ഞു.
ചില ഓൺലൈൻ മാധ്യമങ്ങൾ കപ്പൽ എണ്ണ മോഷ്ടിച്ചെന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്നത് വലിയ വിഷമമാണ് ഉണ്ടാക്കുന്നതെന്ന് സനു ജോസിന്റെ ഭാര്യയും കുടുംബവും മന്ത്രിയോട് പറഞ്ഞു. എന്നാൽ എണ്ണ മോഷണം നൈജീരിയൻ നാവികസേന ആരോപിക്കുന്നില്ലെന്നും അങ്ങനെയൊന്ന് കണ്ടെത്താൻ അവരുടെ പരിശോധനയിൽ സാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നൈജീരിയയുടെ മറ്റു നിയമങ്ങൾ ലംഘിച്ചതായാണ് ആരോപണം. എന്തിന് എണ്ണപ്പാടത്തേക്ക് കപ്പൽ പോയി എന്നത് വ്യക്തമാക്കണമെന്നാണ് നൈജീരിയൻ നാവികസേന ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ