തിരുവനന്തപുരം: ബാലരാമപുരത്ത് വിവാഹത്തിനിടെ കൂട്ടത്തല്ലുണ്ടായത് 'ശത്രുവിന്റെ' വരവോടെ. കല്യാണവുമായി ബന്ധപ്പെട്ട തർക്കമായിരുന്നില്ല പ്രശ്‌നമുണ്ടാക്കിയത്. വധുവിന്റെ അച്ഛൻ ഉൾപ്പെടെ മുപ്പതിലേറെ പേർക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി 7.30നാണ് സംഭവം. വിവാഹത്തിന്റെ തലേന്ന് നടത്തിയ സൽക്കാരത്തിനിടെയാണ് കയ്യാങ്കളിയുണ്ടായത്. ഞായറാഴ്ചയാണ് വിവാഹം. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വിവാഹത്തിന് ക്ഷണിക്കാത്ത സമീപവാസിയായ യുവാവ്, വിവാഹ ഓഡിറ്റോറിയത്തിലെത്തി വിവാഹ സമ്മാനമായി പണം വാഗ്ദാനം ചെയ്തു. എന്നാൽ, കുടുംബം പണം നിഷേധിച്ചു. ഇതേത്തുടർന്നുണ്ടായ തർക്കമാണ് കയ്യാങ്കളിയിലെത്തിയത്. പൊലീസ് എത്തിയാണ് ഇരുകൂട്ടരെയും പിന്തിരിപ്പിച്ചത്. യുവാവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഇയാളെ, മുൻപ് വധുവിന്റെ സഹോദരനെ മർദിച്ച കേസിൽ പൊലീസ് പിടികൂടിയിരുന്നു. ഇക്കാരണത്താൽ ഇയാളുടെ വീട്ടിൽ ക്ഷണക്കത്തു നൽകിയിരുന്നില്ല.

ബാലരാമപുരം സെൻ സെബാസ്റ്റ്യൻ ഓഡിറ്റോറിയത്തിലാണ് സംഭവം നടന്നത്. ഉച്ചക്കട സ്വദേശിയുടെ മകളുടെ വിവാഹസത്കാരത്തിനിടെ വിഴിഞ്ഞം സ്വദേശിയായ ആൾ ഓഡിറ്റോറിയത്തിലെത്തുകയും വിവാഹം ക്ഷണിക്കാത്തതിനെച്ചൊല്ലി തർക്കിക്കുകയും ചെയ്തു. ബാലരാമപുരം ആർ.സി. തെരുവിലെ ഒരുകൂട്ടം യുവാക്കൾ വിഷയത്തിൽ ഇടപെട്ടതോടെയാണ് തർക്കം സംഘർഷത്തിലെത്തിയത്. ഉച്ചക്കട സ്വദേശിയായ വയോധികനാണ് തലയ്ക്കു പരിക്കേറ്റത്. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുമാസം മുമ്പും ഇത്തരത്തിലെ സംഘർഷം പ്രദേശത്തുണ്ടായെന്ന് നാട്ടുകാർ പറഞ്ഞു.

എന്നാൽ വിവാഹവീട്ടിലെ യുവാക്കളും പ്രദേശത്തെ ചില യുവാക്കളും തമ്മിൽ നേരത്തേയുണ്ടായിരുന്ന വിഷയമാണ് സംഘർഷത്തിനു കാരണമെന്ന് ചിലർ പറഞ്ഞു. ബാലരാമപുരം പൊലീസ് സ്ഥലത്തെത്തി.