ണ്ടാം ലോകമഹായുദ്ധകാലത്തെ ബി -17 ഫ്ളൈയിങ് ഫോർട്രെസ്സ് എന്ന ബോംബർ വിമാനം പി-63 കിങ് കോബ്രാ വിമാനത്തിൽ ഇടിച്ചു കയറി.ശനിയാഴ്‌ച്ച ടെക്സാസിലെ ഡള്ളാസിനു പുറത്ത് ആകാശത്ത് പരിശീലന പറക്കലിനിടെയായിരുന്നു സംഭവം. വിമാനങ്ങളിൽ ഉണ്ടായിരുന്ന ആറു പേർ മരണമടഞ്ഞതായി കരുതുന്നു. വിങ്സ് ഓവർ ഡള്ളാസ് എന്ന് വ്യോമാഭ്യാസത്തിനിടയിലായിരുന്നു സംഭവം. അപകടത്തിൽ പെട്ട വിമാനത്തിന്റെ അവശിഷ്ടങ്ങൾ അടുത്ത പ്രദേശങ്ങളിൽ വീണത് അഗ്‌നിബാധക്ക് കാരണമാവുകയും ചെയ്തു.

ഡള്ളാസ് എക്സിക്യുട്ടീവ് എയർപോർട്ടിനു മുകളിൽ വച്ചായിരുന്നു അപകടം നടന്നതെന്ന് ഡള്ളാസ് ഫയർ റസ്‌ക്യു വിഭാഗം വക്താവ് ജേസൺ ഇവാൻസിനെ ഉദ്ധരിച്ച് ഡള്ളാസ് മോർണിങ് ന്യുസ് റിപ്പോർട്ട് ചെയ്യുന്നു. ഓൺലൈനിൽ പോസ്റ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങളിൽ ബി 17 ഫ്ളയിങ് ഫോർട്രസ്സ് ബെൽ പി 63 കിങ് കോബ്രയുടെ സഞ്ചാരപാതയിലേക്ക് വരുന്നതിന്റെ ദൃശ്യങ്ങൾ ഉണ്ട്. പി 63 ന്റെ ബ്ലൈൻഡ് സ്പോട്ടിലൂടെയാണ് ബോംബർ വിമാനം സഞ്ചരിച്ചിരുന്നത് എന്ന് സംശയിക്കുന്നു തുടർന്ന് ഇരു വിമാനങ്ങളും കൂട്ടിയിടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

വ്യോമാഭ്യാസം കാണാനെത്തിയ കാണികളിൽ ഒരാൾ പറഞ്ഞത്, അപകട സമയത്ത് പി- 63 ഇടത്തോട്ട് തിരിയുകയായിരുന്നു എന്നും, ആ സമയത്ത് ബി 17 അതിന്റെ ബ്ലൈൻഡ് സ്പോട്ടിലായതിനാൽ അപകടം ഒഴിവാക്കാൻ കഴിഞ്ഞില്ല എന്നുമാണ്. ഒരു ട്രാക്ടർ ട്രെയിലർ ട്രക്കിനോട് സാമ്യമുള്ള ഫ്ളൈയിങ് ഫോർട്രസ്സിന് 10 മുതൽ 11 പേരെ വരെ വഹിക്കാൻ കഴിയും. അതേസമയം കിങ് കോബ്ര എന്നത് ഒരു പൈലറ്റ് മാത്രം ഉള്ള ഫൈറ്റർ വിമാനമാണ്. ഏകദേശം നാല്പതോളം രക്ഷാ പ്രവർത്തകർ അപകടസ്ഥലത്ത് എത്തിച്ചേർന്നതായി സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു.

ടെക്സാസിലെ ഹൈവെ 67 ൽവിമാനാവശിഷ്ടങ്ങൾ പതിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. ഇവിടെ അഗ്‌നിബാധ ഉണ്ടായതായി ഫയർ റെസ്‌ക്യു അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് ഹൈവേ അടച്ചിടുകയായിരുന്നു. വിമാനങ്ങളിൽ ഉണ്ടയിരുന്നവരെ കുറിച്ചോ, തഴെ വീണ അവശിഷ്ടങ്ങൾ ആർക്കെങ്കിലും പരിക്കിനു കാരണമായോ എന്നതിനെ കുറിച്ചോ ഫയർ റെസ്‌ക്യു ടീമിന് ഇതുവരെ അറിവ് ലഭിച്ചിട്ടില്ല. അതേസമയം, വിമാനങ്ങളിൽ ഉണ്ടായിരുന്ന ആറുപേരും മരണപ്പെട്ടതായി ഭയക്കുന്നു എന്ന് എ ബി സി ന്യുസ്‌റിപ്പോർട്ട് ചെയ്യുന്നു.

വളരെ വിരളമായ, രണ്ടാം ലോകമഹായുദ്ധകാലത്തെ വിമാനങ്ങൾ ഉൾപ്പെടുന്ന അപകടങ്ങൾ ഇതിനു മുൻപും നടന്നിട്ടുണ്ട്. 2019-ൽ ഹെറിറ്റേജ് ഫ്ളൈറ്റിനിടയിൽ ഒരു ബി-17 വിമാനം കണക്ടിക്യുട്ട് വിമാനത്താവളത്തിൽ തകർന്നതിൽ ഏഴുപേർ കൊല്ലപ്പെട്ടിരുന്നു. ഡള്ളാസ് ഫെസ്റ്റിവൽ നടക്കുന്നിടത്തെ ടെന്റുകൾക്ക് മുകളിലൂടെ കനത്ത പുകചുരുളുകൾ ഉയരുന്ന ദൃശ്യം വിവിധ വീഡിയോകളിൽ ഉണ്ട്. വെറ്ററൻ ഡേ വീക്കെൻഡിൽ എയർഫോഴ്സ് നടത്തിയ പ്രകടനത്തിനിടയിലായിരുന്നു അപകടം നടന്നതെന്ന് ചില കേന്ദ്രങ്ങൾ അറിയിക്കുന്നു.

ഗൾഫ് കോസ്റ്റ് വിങ്സ് ടെക്സാസ് റൈഡേഴ്സിലെ ഒരു അംഗമായിരുന്നു ബോംബർ പറത്തിയത് എന്നറിയുന്നു. രാജ്യത്തിനു സംഭവിച്ച വലിയൊരു ദുർന്തം എന്നായിരുന്നു ടേക്സാസ് മേയർ ഇതിനെ വിശേഷിപ്പിച്ചത്. മരണമടഞ്ഞെന്ന് കരുതപ്പെടുന്നവര്ക്കും അവരുടെ കുടുംബാംഗങ്ങള്ക്കും വേണ്ടി പ്രാർത്ഥിക്കുവാനും അദ്ദേഹം തന്റെ ട്വീറ്റിലൂടെ അപേക്ഷിച്ചു. ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡും ഈ അപകടത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്.