ഇസ്താംബുൾ: ചുരുങ്ങിയത് ആറുപേരുടെ മരണത്തിനിടയാക്കിയ ഇസ്താംബൂളിലെ സ്ഫോടനത്തിനു പുറകിൽ ഒരു വനിതാ തീവ്രവാദിയാണെന്നാണ് പൊലീസ് സംശയിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുമുണ്ട്. തിരക്കേറിയ തെരുവിൽ നടന്ന സ്ഫോടനത്തിൽ 80 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വലിയൊരു ശബ്ദത്തോടെ തെരുവിൽ കാർ പൊട്ടിത്തെറിക്കുന്നതും ഒരു അഗ്‌നിഗോളം അന്തരീക്ഷത്തിലേക്ക് ഉയരുന്നതുമായി വീഡിയോകൾ പുറത്തായിട്ടുണ്ട്. ആളുകൾ ഭയന്ന് പരക്കം പായുന്നതും വീഡിയോകളിൽ കാണാം.

മറ്റൊരു വീഡിയോയിൽ നിരത്തിൽ വീണുകിടക്കുന്ന മൃതദേഹങ്ങളു, ഒഴിഞ്ഞ ഒരു വീൽച്ചെയറും കാണാം. സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികൾ ഏറെ എത്തുന്ന ഇസ്റ്റിക്ലാൽ അവന്യൂവിലായിരുന്നു സ്ഫോടനം നടന്നത്. റോഡിന്റെ ഇരു ഭാഗങ്ങളിലും കടകളും റെസ്റ്റോറന്റുകളും മറ്റുമായി ഏറെ തിരിയക്കേറിയ ഒരിടമാണിത് പ്രാദേശിക സമയം വൈകിട്ട് 4:20 ഓടെയായിരുന്നു സ്ഫോടനം നടന്നത്.

നാലു പേർ സംഭവസ്ഥലത്തു വച്ചു തന്നെ മരണമടഞ്ഞപ്പോൾ രണ്ടു പേർ ആശുപത്രിയിൽ എത്തിയതിനു ശേഷമായിരുന്നു മരണപ്പെട്ടത്. മരണസംഖ്യ ഇനിയും വർദ്ധിച്ചേക്കും എന്നാണ് കരുതുന്നത്. സ്ഫോടനം നടന്ന സ്ഥലത്തിനടുത്തുള്ള ഒരു ബഞ്ചിൽ ഏകദേശം 40 മിനിറ്റോളം ഇരുന്ന ഒരു സ്ത്രീയേയാണ് പ്രാഥമികമായി സംശയിക്കുന്നതെന്ന് ടർക്കി ആഭ്യന്തരകാര്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അവർ അവിടെനിന്നും പോയി നിമിഷങ്ങൾക്കകമായിരുന്നു സ്ഫോടനം നടന്നത്. അതുകൊണ്ടു തന്നെ ഇതൊരു ചാവേർ ആക്രമണമാണെന്ന് കരുതാൻ ആകില്ല എന്നും അദ്ദേഹം പറജു.

രണ്ടു സാധ്യതകളാണ് ഉള്ളതെന്ന് പറഞ്ഞ മന്ത്രി, ഒന്നുകിൽ സംഭവസ്ഥലത്തു വെച്ചു തന്നെ ഏതെങ്കിലും ഒരു സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്ഫോടനം നടത്തിയിരിക്കാം, അല്ലെങ്കിൽ വിദൂരങ്ങളിൽ നിന്നും നിയന്ത്രിക്കാവുന്ന തരത്തിലുള്ള റിമോട്ട് കൺട്രോളിങ് സിസ്റ്റം ഉപയോഗിച്ചിരിക്കാം എന്നും പറഞ്ഞു. ഈ സ്ത്രീയെ കുറിച്ചുള്ള വിവരങ്ങൾ പരിശൊധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ യാത്ര തിരിച്ച തുർക്കി പ്രസിഡണ്ട് എർദോഗൻ പറഞ്ഞത് ഇതൊരു തീവ്രവാദി ആക്രമണമാണെന്നായിരുന്നു. എന്നാൽ ഇതിനു പുറകിൽ ആരായിരിക്കുമെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. ഇതൊരു തീവ്രവാദി ആക്രമണമാണെന്ന് നിസ്സംശയം പറയാവുന്ന ഒരു ഘട്ടമല്ല ഇപ്പോഴുള്ളത് എന്നു പറഞ്ഞ അദ്ദേഹം, പക്ഷെ പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ വിരൽ ചൂണ്ടുന്നത് അത്തരമൊരു സാധ്യതയിലേക്കാണെന്നും പറഞ്ഞു.

ഇസ്താംബൂളും, തുർക്കിയിലെ മറ്റു നഗരങ്ങളും കുർദ്ദിഷ് വിഘടനവാദികളും, ഇസ്ലാമിസ്റ്റ് ഭീകരരും മറ്റു പല തവണ ഇതിനു മുൻപ് ലക്ഷ്യം വച്ചിട്ടുള്ളതാണ് എന്നാൽ, ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സ്ഫോടനം നടന്ന ഉടനെ ഫൊറെൻസിക് വിദ്ഗധർ എത്തിയതോടെ തെരുവ് പൂർണ്ണമായും അടച്ചിട്ടു. എന്നാൽ, രാത്രി ആയപ്പോഴേക്കും ചില കടകൾ തുറക്കുകയുണ്ടായി. സ്വദേശികളും വിദേശികളുമായ ചില വിനോദ സഞ്ചാരികളും തെരുവിലേക്കിറങ്ങി.