- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്രത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ തകർച്ചക്ക് പിന്നിലെ ബുദ്ധികേന്ദ്രം ഇന്ത്യാക്കാരൻ; ലക്ഷക്കണക്കിന് നിക്ഷേപകരെ പെരുവഴിയിലാക്കി എഫ് ടി എക്സ് ഉടമകൾ ബഹാമസ് റിസോർട്ടിൽ ആഘോഷം നടത്തി; ദുബായിലേക്ക് മുങ്ങാനുള്ള നീക്കം തടഞ്ഞ് എഫ് ബി ഐ
ദുബായ്: റോമാ നഗരം കത്തിയെരിയുമ്പോൾ വീണവായിച്ച ചക്രവർത്തിയെ ഓർമ്മിപ്പിക്കുകയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ എഫ് ടി എക്സിന്റെ സ്ഥാപകനും മുൻ സി ഇ ഒയുമായ സാം ബാങ്ക്മാൻ -ഫ്രൈഡ്. തന്റെ സാമ്രാജ്യം തകർന്നടിഞ്ഞ്, നിരവധി നിക്ഷേപകർക്ക് ലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടം വരുന്ന സമയത്ത് തന്റെ ഉറ്റവരുമായി ബഹാമസിൽ ആഘോഷങ്ങളിൽ മുഴുകിയിരിക്കുകയായിരുന്നു അയാൾ എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. എഫ് ടി എക്സ് പാപ്പർ ഹർജി നൽകുകയും ഉപഭോക്താക്കളുടെ 2 ബില്യൺ ഡോളറിലധികം തുക നഷ്ടപ്പെട്ടു എന്ന് വാർത്ത പുറത്തു വരികയും ചെയ്തതോടെ വെള്ളിയാഴ്‌ച്ച് ബാങ്ക്മാൻ -ഫ്രൈഡ് (30) എഫ് ടി എക്സിൽ നിന്നും രാജിവെച്ചിരുന്നു.
ബാങ്ക്മാൻ-ഫ്രൈഡ്, എഫ് ടി എക്സ് സഹസ്ഥാപകൻ ഗാരി വിങ്, കമ്പനിയുടെഡയറക്ടർ ഓഫ് എഞ്ചിനീയറിങ് നിഷാദ് സിങ് എന്നിവർക്കൊപ്പം അൽബേനി ടവേഴ്സിൽ ഒളിവിലാണെന്നാണ് കോയിൻ ടെലെഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്. ബഹാമസിലെ ടവർ ഇവർ ഇപ്പോൾ നിരീക്ഷണത്തിലാണെന്നും വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് കോയിൻ ടെലെഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. അതായത്, അവർക്ക് രക്ഷപ്പെടാൻ സാധ്യത തീരെയില്ലെന്നർത്ഥം.
തനിക്ക് ചുറ്റും കുരുക്കുകൾ മുറുകിയതോടെ ദുബായിലേക്ക് കടക്കാനായിരുന്നു ബാങ്ക്മാൻ - ഫ്രൈഡിന്റെ പദ്ധതി എന്നും കോയിൻ ടെലെഗ്രാഫ് വെളിപ്പെടുത്തുന്നു. അമേരിക്കയുമായി കുറ്റവാളികളെ കൈമാറാനുള്ള കരാർ ഒപ്പുവയ്ക്കാത്ത രാജ്യമാണ് യുണൈറ്റഡ് അരബ് എമിറേറ്റ്സ്. അതേസമയം, യു എസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസും സെക്യുരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനും എഫ് ടി എക്സിനെതിരെ അന്വേഷണം നടത്തുന്നുണ്ടെന്ന് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു.
പ്രശസ്ത ഗോൾഫ് താരം ടൈഗർ വുഡ്സ്, ബ്രിട്ടീഷ് ശതകോടീശ്വരൻ ജോ ലൂയിസ്, ഗായകൻ ജസ്റ്റിൻ ടിംബെർലേയ്ക്ക് എന്നിവരുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിലാണ് ബാങ്ക്മാൻ ഫ്രൈഡും സംഘവും ഒളിവിൽ കഴിയുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാങ്ക്മാൻ-ഫ്രൈഡിന്റെ പ്റ്റിഹാവ് ജോസഫും ഇയാൾക്കൊപ്പമുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വിശേഷപ്പെട്ട റിസോർട്ടുകളിൽ ഒന്നായായിരുന്നു 2018 ൽ ഫോബ്സ് ഫീച്ചർ അൽബേനിയെ വിശേഷിപ്പിച്ചത്. ലോകത്തിലെ തന്നെ പല അതി സമ്പന്നർക്കും ഇവിടെ വീടുകൾ ഉണ്ടെന്നും ആ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
അതേസമയം, ബാങ്ക്മാൻ - ഫ്രൈഡിനെയും സംഘത്തേയും അധികൃതർ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും അവരെ രാജ്യം വിടുന്നതിൽ നിന്നും തടയുമെന്നും കോയിൻ ടെലെഗ്രാഫ് പറയുന്നു. എഫ് ടി എക്സിന്റെ തകർച്ചക്ക് ശേഷം ബാങ്ക്മാൻ - ഫ്രൈഡ് എവിടെയാണെന്ന കാര്യത്തിൽ നിരവധി ഊഹാപോഹങ്ങൾ പരന്നിരുന്നു. അർജന്റീനയിലേക്ക് രക്ഷപ്പെട്ടു എന്ന വാർത്ത ഉണ്ടായിരുന്നെങ്കിലും അത് അയാൾ തന്നെ നിഷേധിച്ചിരുന്നു.
എഫ് ടി എക്സ് ഉപഭോക്താക്കളുടെ 10 ബില്യൺ ഡോളർ ബാങ്ക്മാൻ-ഫ്രൈഡ് തന്റെ ട്രേഡിങ് കമ്പനിയായ അലമെഡ റിസർച്ചിലേക്ക് മാറ്റി എന്നതുൾപ്പടെയുള്ള ആരോപണങ്ങളാണ് ഇപ്പോൾ അന്വേഷിക്കുന്നത്. ബാങ്ക്മാൻ-ഫ്രൈഡിന്റെ കാമുകിയായ കരോലിൻ എലിസൺ ആണ് ഈ കമ്പനി നടത്തുന്നത്. അവരുടേ ലിങ്ക്ഡിൻ പേജിലെ വിവരങ്ങൾ പ്രകാരം അവർ താമസിക്കുന്നത് ബഹാമസിലാണ്. എന്നാൽ, ഇപ്പോൾ അവർ ഹോങ്കോംഗിൽ ഉണ്ടെന്നാണ് കോയിൻ ടെലെഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്. ഒരുപക്ഷെ അവർ ദുബായിലേക്ക് കടക്കാനും സാധ്യതയുണ്ടെന്നറിയുന്നു.
നേരത്തേ എഫ് ടി എക്സിന്റെ അക്ക്വണ്ടിൽ നിന്നും 545 ഡോളർ തികച്ചും ദുരൂഹമായ സാഹചര്യത്തിൽ അപ്രത്യക്ഷമായതായി ഇന്റർനെറ്റ് അപസർപ്പക വിദഗ്ദ്ധർ കണ്ടെത്തിയിരുന്നു. ഈ ഫണ്ട് പിൻവലിച്ചത് ആരാണെന്ന് അറിയാമെന്നും അന്വേഷണത്തിന് നേതൃത്വം നൽകിയ ക്രാക്കെനിലെ സുരക്ഷാ ഉദ്യോഗസ്ഥൻ നിക്ക് പെർകോകോ പറഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താൻ അയാൾ തയ്യാറായിട്ടില്ല.
അതേസമയം, 2000 ത്തിൽ എന്റോണിനെ പാപ്പരാകുന്നതിൽ നിന്നും രക്ഷിച്ചെടുത്ത ജോൺ ജെ റേ എഫ് ടി എക്സിന്റെ പുതിയ ചീഫ് എക്സിക്യുട്ടീവ് ആയി ചുമതലയേറ്റെടുത്തിട്ടുണ്ട്. നിയമപാലകരുമായും മറ്റ് അധികൃതരുമായും ചേർന്ന് പ്രവർത്തിച്ച് പ്രശ്നത്തിന്റെ തീവ്രത കുറയ്ക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു. എല്ലാ, ആസ്തികളും സുരക്ഷിതമാണെന്ന് ഉറപ്പു വരുത്താൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ