- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്ത് ഇന്ന് 800 കോടി ജനങ്ങൾ; 400 കോടിയിൽ നിന്നും ജനസംഖ്യ ഇരട്ടിച്ചത് വെറും 48 വർഷം കൊണ്ട്; ചൈനയിൽ ജനസംഖ്യ 150 കോടിയിലേക്ക്; തൊട്ടു പിന്നാലെ ഇന്ത്യയും: ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളത് അമേരിക്കയും ഇന്തോനേഷ്യയും അടക്കം എട്ടു രാജ്യങ്ങളിൽ
ഇന്ന് ലോകജനസംഖ്യ 800 കോടിയിലെത്തിയ ദിനം. 'എയ്റ്റ് ബില്യൻ ഡേ'ആയി ഐക്യരാഷ്ട്ര സംഘടന (യുഎൻ) അടയാളപ്പെടുത്തുന്ന തീയതി എന്ന പ്രത്യേകതയാണ് നവംബർ 15ന്. 1974ൽ 400 കോടിയായിരുന്ന ജനസംഖ്യയാണ് വെറും 48 വർഷം കൊണ്ട് ഇരട്ടിയിലെത്തിയിരിക്കുന്നത്. എന്നാൽ അടുത്ത ഒരു ഇരട്ടിപ്പ് ഒരിക്കലും സംഭവിക്കില്ലെന്നാണ് വിദഗ്ദർ വിലയിരുതതുന്നത്. അടുത്ത കുറച്ച് ദശകങ്ങൾ കൂടി ജനസംഖ്യ വർദ്ധിക്കുമെങ്കിലും പിന്നീട് അത് കുറയുമെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ പോപ്പുലേഷൻ ഡാറ്റാ സൂചിപ്പിക്കുന്നത്്. ലോക ജനസംഖ്യ 800 കോടി കടക്കുമ്പോൾ ഇതിൽ ഏറ്റവും കൂടുതൽ ജനമുള്ളത് ചൈനയിലാണ് 145.2 കോടിയാണ് ചൈനയുടെ ജനസംഖ്യാ നിരക്ക് . ഇന്ത്യ തൊട്ടുപിന്നാലെയുണ്ട് 141.2 കോടി.
പൊതുജനാരോഗ്യം, പോഷകാഹാരം, വ്യക്തി ശുചിത്വം, വൈദ്യശാസ്ത്രത്തിലെ മികവ് തുടങ്ങിയവ ജനസംഖ്യാ വർധനയെ സ്വാധീനിച്ചിട്ടുണ്ട്. നമ്മുടെ വൈവിധ്യത്തെ ആഘോഷിക്കുക, മനുഷ്യകുലത്തെ മനസ്സിലാക്കുക, ഒപ്പം ശിശുമരണനിരക്ക് കുറയ്ക്കുകയും ആയുർദൈർഘ്യം വർധിപ്പിക്കാനും സഹായിച്ച വൈദ്യശാസ്ത്ര മേഖലയുടെ പുരോഗതി വിസ്മയത്തോടെ വീക്ഷിക്കുകയും ചെയ്യേണ്ട അവസരമാണിതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെടുന്നു. ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന ഓർമപ്പെടുത്തലും ഒപ്പമുള്ളവരോടുള്ള പ്രതിബദ്ധത കുറയുന്നുണ്ടോ എന്നു സ്വയം പരിശോധിക്കേണ്ട അവസരവും കൂടിയാണിതെന്നും.
ലോകത്തുണ്ടാകുന്ന പകുതിയോളം ഗർഭധാരണവും (121 ദശലക്ഷം) 'പദ്ധതിയിട്ടവ'യല്ലെന്ന് ഈ വർഷം ആദ്യം യുഎൻ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഇവയിൽ ചിലതിൽ മനുഷ്യാവകാശ ലംഘനം ഉൾപ്പെടെയുള്ള വിഷയങ്ങളും ഉൾപ്പെടുന്നു. 1970കളിൽ ഒരു സ്ത്രീക്ക് ശരാശരി 4.5 കുട്ടികൾ എന്ന കണക്കിൽ ഉണ്ടായിരുന്നത് 2015ൽ 2.5 കുട്ടികൾ എന്ന നിലയിലായി. 1990കളിൽ ആയുർദൈർഘ്യം 64.6 വയസായിരുന്നു. അത് 2019ൽ 72.6 വയസ്സ് വരെയായി. യുഎൻ റിപ്പോർട്ട് അനുസരിച്ച് ജനസംഖ്യാ വർധന കുറയുകയാണ്. 700 കോടിയിൽനിന്ന് 800 കോടിയാകാൻ 11 വർഷമെടുത്തെങ്കിൽ അത് 900 കോടിയാകാൻ 15 വർഷം എടുക്കുമെന്നാണു സൂചന.
ഒന്നാമതായി ചൈന
ചൈനയാണ് ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത്. 145.2 കോടി ജനങ്ങളാണ് ചൈനയിലുള്ളത്. തൊട്ടുപിന്നാലെ 141.2 കോടി ജനവുമായി ഇന്ത്യയുമുണ്ട്. ആകെ ജനസംഖ്യയുടെ 17.7 ശതമാനമാണ് ഇന്ത്യയിൽ. നിലവിൽ രണ്ടാം സ്ഥാനത്ത് ആണെങ്കിലും വൈകാതെ ഒന്നാം സ്ഥാനത്തുള്ള ചൈനയെ ഇന്ത്യ മറികടക്കും. യുഎസ് ജനസംഖ്യ 33.5 കോടിയാണ്. നാലാം സ്ഥാനത്ത് ഇന്തൊനീഷ്യയാണ് 28.05 കോടി. പാക്കിസ്ഥാൻ 23.1 കോടി ജനവുമായി അഞ്ചാം സ്ഥാനത്തുണ്ട്. ആദ്യ പത്തിൽ റഷ്യയും (14.6 കോടി) ഇന്ത്യയുടെ അയൽ രാജ്യമായ ബംഗ്ലാദേശുമുണ്ട് (16.8 കോടി).
ഒരു ചതുരശ്ര മൈലിൽ 1,202 പേരാണ് ഇന്ത്യയിൽ ജീവിക്കുന്നത് (കിലോമീറ്ററിൽ കണക്കാക്കിയാൽ ഒരു ചതുരശ്ര കിലോമീറ്ററിൽ 464 പേർ). 2020ലെ കണക്കനുസരിച്ച് ഇന്ത്യൻ ജനസംഖ്യയിൽ 35% പേർ നഗരത്തിലാണുള്ളത് (48.30 കോടി). 1955 ൽ 40.9 കോടിയായിരുന്നു ഇന്ത്യയുടെ ജനസംഖ്യ. 1975ൽ അത് 62.3 കോടിയായി. 2000ൽ 105.6 കോടിയായ ജനസംഖ്യ 2020 ആയപ്പോൾ 138 കോടിയായി.
ലോക ജനസംഖ്യയുടെ 18.47 ശതമാനമാണ് ചൈനീസുകാർ. ഒരു ചതുരശ്ര മൈലിൽ 397 പേരാണ് ചൈനയിലുള്ളത്. (ഒരു ചതുരശ്ര കിലോമീറ്ററിൽ 153 പേർ). 2020ലെ കണക്ക് അനുസരിച്ച് ചൈനയുടെ ജനസംഖ്യയിൽ 60.8% പേർ (87.5 കോടി) നഗരങ്ങളിലാണ്. 1955ൽ 61.2 കോടിയായിരുന്നു ചൈനീസ് ജനസംഖ്യ. 1975ൽ 92.6 കോടിയായി. 1980ൽ 100 കോടി കടന്നു. 2000ൽ 129 കോടിയായി. 2020ൽ 143.9 കോടിയുമായി.
ജനസംഖ്യാ വർധന തിരിച്ചടിയാകുന്ന പല ഘട്ടങ്ങളും ഭൂമി അഭിമുഖീകരിക്കുകയാണ്. വേണ്ടത്ര ഭക്ഷണം ലഭിക്കാത്തവർ നമ്മുടെയിടയിലുണ്ട്. അതേസമയം ലഭ്യമാകുന്ന ഭക്ഷണം അനാവശ്യമായി പാഴാക്കുന്നവരും. ജനസംഖ്യ കൂടുന്നത് പ്രകൃതിയെ ചൂഷണം ചെയ്യാനുള്ള സാഹചര്യം കൂടിയാണ് സൃഷ്ടിക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം മാത്രമല്ല, ഊർജ ഉപഭോഗവും വർധിക്കും. ഇതെല്ലാം മൊത്തത്തിൽ ബാധിക്കുന്നത് ഭൂമിയെയും!
100 കോടിയിൽ നിന്നും 800 കോടിയിലേക്ക്
1803 ലാണ് ലോക ജനസംഖ്യ 100 കോടിയിൽ എത്തിയത്. ബിസി 3000 വരെ മധ്യ അമേരിക്ക, മെഡിറ്ററേനിയൻ, ഇന്നത്തെ ഇറാഖ്, സിറിയ, ഫലസ്തീൻ, ഇസ്രയേൽ, ഈജിപ്ത്, ജോർദാൻ, ഇന്ത്യ, ജപ്പാൻ, ചൈന എന്നിവിടങ്ങളിലായിരുന്നു മനുഷ്യർ പ്രധാനമായും വസിച്ചിരുന്നത്.
1803നുശേഷം 124 വർഷം കൂടി പിന്നിട്ട് 1927ലാണ് ജനസംഖ്യ 200 കോടിയായത്. പിന്നീട് വെറും 33 വർഷം കൊണ്ട് ജനസംഖ്യ 300 കോടിയായി. 1960ൽ ആയിരുന്നു ഇത്. 400 കോടിയായത് 1975ൽ 15 വർഷം കൊണ്ട്. പിന്നീട് ഓരോ 12 വർഷത്തിലും നൂറു കോടി എന്ന കണക്കിൽ ലോക ജനസംഖ്യ വർധിച്ചു. എന്നാൽ, ഈ 800ൽനിന്ന് വീണ്ടുമൊരു 100 കോടിയെത്താൻ ദീർഘനാൾ വേണ്ടിവരുമെന്ന് ജനസംഖ്യാ വിദഗ്ദ്ധർ വിലയിരുത്തുന്നു. ജനന നിയന്ത്രണവും വന്ധ്യതാ പ്രശ്‌നങ്ങളും കുട്ടികൾ വേണ്ടെന്നു വയ്ക്കുന്നവരുടെ എണ്ണം വർധിക്കുന്നതുമാണ് ജനസംഖ്യ കുറയാൻ കാരണം.
നിലവിൽ 0.84% എന്ന നിരക്കിലാണ് ഓരോ വർഷവും ജനസംഖ്യ വർധിക്കുന്നത്. അതായത് ഓരോ വർഷവും 670 ലക്ഷം പേർ. 2020ൽ ഇത് 1.05% ആയിരുന്നു. 2019ൽ 1.08 ശതമാനവും 2018ൽ 1.10 ശതമാനവും 2017ൽ 1.12 ശതമാനവും ആയിരുന്നു. 1960കളിൽ ഈ വർധന രണ്ടു ശതമാനം ആയിരുന്നു. പിന്നീട് ഇതു കുറഞ്ഞുവന്നു. വരും വർഷങ്ങളിൽ ഈ വളർച്ചാനിരക്ക് കുറയുമെന്ന് പഠനങ്ങൾ പറയുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ജനസംഖ്യ വലിയതോതിൽ വർധിക്കുമെങ്കിലും പിന്നീടു കുറയും. 1959ൽ 300 കോടിയായിരുന്ന ജനസംഖ്യ ഇരട്ടിയായത് 40 വർഷം കൊണ്ടാണ് (1999ൽ 600 കോടി). വീണ്ടുമൊരു 40 വർഷം കൊണ്ട് 2037 ആകുമ്പോൾ അത് 1999ൽ ഉള്ളതിന്റെ 50 ശതമാനമേ വർധിക്കുകയുള്ളൂ (900 കോടി). 2057 ആകുമ്പോൾ 1000 കോടി ജനമുണ്ടാകും നമ്മുടെ ഭൂമിയിൽ.
വർധന ഏഷ്യയെ ചുറ്റിപ്പറ്റി
ഏഷ്യയെ ചുറ്റിപ്പറ്റിയാണ് മൂന്നു ദശകങ്ങളായി ജനസംഖ്യയിൽ വർധന ഉണ്ടാകുന്നത്. ചൈനയും ഇന്ത്യയും ചേർന്നാൽ ആഗോള ജനസംഖ്യയുടെ 37% വരും. 2030 ഓടെ ലോക ജനസംഖ്യ 850 കോടി കടക്കും. 2050 ആകുമ്പോൾ അത് 970 കോടി ആകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ വർധനയ്ക്കു താഴെപറയുന്ന എട്ടു രാജ്യങ്ങളാകും കാരണക്കാർ.
അടുത്ത മൂന്നു ദശകത്തിൽ ഇന്ത്യ, പാക്കിസ്ഥാൻ, ഈജിപ്ത്, ഇത്യോപ്യ, നൈജീരിയ, കോംഗോ, ഫിലിപ്പൈൻസ്, ടാൻസാനിയ എന്നീ രാജ്യങ്ങളിൽ വൻതോതിൽ ജനസംഖ്യ വർധിക്കുമെന്ന് ജൂലൈയിൽ യുഎൻ പുറത്തിറക്കിയ വേൾഡ് പോപ്പുലേഷൻ പ്രോസ്‌പെക്ട്‌സ് 2022 റിപ്പോർട്ടിൽ പറയുന്നു. സബ്‌സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളും പിന്നാലെയുണ്ട്. ഏറ്റവും വികസനം കുറഞ്ഞ 46 രാജ്യങ്ങളിലെ ജനസംഖ്യയും വലിയ തോതിൽ വർധിക്കുന്നു. ഇവയിൽ പല രാജ്യങ്ങളിലെയും ജനസംഖ്യ 2050 ആകുമ്പോൾ നിലവിൽ ഉള്ളതിന്റെ ഇരട്ടി ആകുമെന്നാണ് സൂചന.
ഈ നൂറ്റാണ്ടിന്റെ അവസാനം വരെ ഓഷ്യാനയിലും നോർത്ത് ആഫ്രിക്കയിലും വെസ്റ്റ് ഏഷ്യയിലും പോസിറ്റീവ് ആയതും ഒപ്പം ഘട്ടംഘട്ടമായതുമായ ജനസംഖ്യാ വർധനയാകും ഉണ്ടാകുകയെന്ന് യുഎൻ റിപ്പോർട്ടിൽ പറയുന്നു. യൂറോപ്പ്, നോർത്ത് അമേരിക്ക, ഈസ്റ്റ് ആൻഡ് സൗത്ത് ഈസ്റ്റ് ഏഷ്യ, സൗത്ത് ഏഷ്യ തുടങ്ങിയ മേഖലകളിലുള്ള രാജ്യങ്ങളിലാകട്ടെ ജനസംഖ്യ ഏറ്റവും ഉയർന്ന തലത്തിൽ എത്തിയശേഷം മെല്ലെ താഴോട്ടുപോകും.
പദ്ധതിയൊരുക്കണം ജനസംഖ്യാ ഇടിവിനും
ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മൂന്നു വലിയ രാജ്യങ്ങളെത്തന്നെയെടുക്കാം. ചൈനയുടെ ജനസംഖ്യാ വർധനയുടെ തോതിൽ കുറവു വന്നിട്ടുണ്ട്. 2100 ആകുമ്പോൾ ഇപ്പോഴുള്ളതിന്റെ പകുതി ജനം മാത്രമേ അവിടെ ഉണ്ടാകുകയുള്ളു എന്നാണ് വിലയിരുത്തൽ. ഇന്ത്യൻ ജനസംഖ്യ 2050 ഓടെ അതിന്റെ മൂർധന്യത്തിലെത്തും. കുടിയേറ്റം കാര്യമായിട്ടില്ലെങ്കിൽ 2030കളിൽ യുഎസിന്റെ ജനസംഖ്യ ഇടിയാൻ തുടങ്ങും. രണ്ടു വ്യത്യസ്ത വിഷയങ്ങളാണ് ഇവിടെ ദൃശ്യമാകുക ചില രാജ്യങ്ങളിൽ ക്രമാതീതമായ ജനസംഖ്യാ വർധനയും മറ്റു ചിലയിടങ്ങളിലെ ജനസംഖ്യാ ഇടിവും.
1973 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ഏഷ്യയിലാണ് ജനസംഖ്യ ഇരട്ടിയോളം വർധിച്ചത്. എന്നാൽ ജപ്പാൻ, ദക്ഷിണ കൊറിയ, തയ്വാൻ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ ജനസംഖ്യ കുറയുകയാണ്. 2015 2002 കാലയളവിൽ 48 രാജ്യങ്ങളിലെ ജനസംഖ്യയിൽ കുറവുണ്ടാകുമെന്നാണ് യുഎൻ വേൾഡ് പോപ്പുലേഷൻ പ്രോസ്‌പെക്ട്‌സ് 2022 റിപ്പോർട്ടിൽ പറയുന്നത്. യൂറോപ്യൻ രാജ്യങ്ങളും ഇവയിൽ ഉൾപ്പെടുന്നു.
പരിസ്ഥിതി ദുരന്തങ്ങളെ നേരിടേണ്ടതുണ്ടെങ്കിലും ജനസംഖ്യ നിയന്ത്രിക്കണമെന്ന് പല വിദഗ്ധരും അഭിപ്രായപ്പെടുന്നു. എന്നാൽ വരുമാനം കുറഞ്ഞ രാജ്യങ്ങളുടെ ജനസംഖ്യ നിയന്ത്രിക്കണമെന്ന നിലപാട് സമ്പന്ന രാജ്യങ്ങൾ പുലർത്തുന്നതിനെതിരെ വിമർശനം ഉയരുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുകയും അവരുടെ അവകാശങ്ങളെ മാനിക്കുകയും ചെയ്യുന്നത് ജനനനിരക്ക് കുറയ്ക്കാൻ സഹായിക്കും. എന്നിരുന്നാലും ജോലിയെടുക്കുന്നവരുടെ സംഖ്യ കുറയുകയും ഒപ്പം പ്രായമേറിയവരുടെ എണ്ണം കൂടുന്നതും സമ്പദ്വ്യവസ്ഥയേയും ബാധിക്കും.