വൈക്കം:  ജോലിഭാരം താങ്ങാൻ കഴിയാതെ പ്രധാനാധ്യാപിക ജീവനൊടുക്കി. സ്ഥാനക്കയറ്റം ലഭിച്ചതു മുതൽ കടുത്ത സമ്മർദ്ദത്തിലായിരുന്ന വൈക്കം പോളശേരി ഗവ. എൽപി സ്‌കൂളിലെ പ്രഥമാധ്യാപിക മാളിയേക്കൽ പുത്തൻതറ കെ.ശ്രീജയെ (48) ആണ് വെള്ളിയാഴ്ച സന്ധ്യയ്ക്ക് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിഭാരം താങ്ങാൻ കഴിയില്ലെന്നും സ്ഥാനക്കയറ്റം റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്കു നൽകിയ അപേക്ഷ നിരസിച്ചതിൽ മനംനൊന്താണ് ആത്മഹത്യ. ജോലിഭാരം മൂലമുണ്ടായ മാനസികസമ്മർദമാണ് ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കൾ പറയുന്നു.

സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ മുതൽ പല കാരണത്താൽ ഇവർ മാനസിക സമ്മർദ്ദത്തിലായിരുന്നു. വൈക്കം ഗവ. ഗേൾസ് ഹൈസ്‌കൂളിൽ അദ്ധ്യാപികയായിരുന്ന ശ്രീജയ്ക്ക് ജൂൺ ഒന്നിനാണ് കീഴൂർ ജിഎൽപിഎസിൽ പ്രധാനാധ്യാപിക ആയി സ്ഥാനക്കയറ്റം ലഭിച്ചത്. പിറ്റേന്ന് ജോലിയിൽ പ്രവേശിച്ചെങ്കിലും കൂടുതൽ ഉത്തരവാദിത്തമുള്ള ജോലിയുടെ സമ്മർദം താങ്ങാൻ കഴിയാത്തതിനാൽ അവധിയിൽ പ്രവേശിച്ചു. ഭർത്താവ് രോഗിയാണെന്നുള്ള കാരണം ചൂണ്ടിക്കാട്ടി സ്ഥാനക്കയറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ ഏഴിന് ശ്രീജ വിദ്യാഭ്യാസ മന്ത്രിക്ക് അപേക്ഷ നൽകി.

വൈക്കം മേഖലയിൽ മുൻപ് ജോലി ചെയ്തിരുന്ന സ്‌കൂളിൽ അദ്ധ്യാപികയായിത്തന്നെ നിയമിക്കണമെന്നായിരുന്നു അപേക്ഷ. അപേക്ഷ പരിഗണിക്കാൻ ചട്ടങ്ങളിൽ വ്യവസ്ഥയില്ലെന്ന് കുറവിലങ്ങാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ശ്രീജയ്ക്കു മറുപടി നൽകി. ഇതോടെ ഇവർ കടുത്ത വിഷമത്തിലായിരുന്നു. ഓഗസ്റ്റ് നാലിനാണ് ശ്രീജയ്ക്ക് വൈക്കം പോളശേരി എൽപിഎസിലേക്കു സ്ഥലംമാറ്റം ലഭിച്ചത്. ഭർത്താവ് രമേശ് കുമാർ വൈക്കം മുൻസിഫ് കോടതി ജോലിക്കാരനാണ്. മകൻ: കാർത്തിക്. ശ്രീജയുടെ സംസ്‌കാരം നടത്തി. വൈക്കം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

'സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ മുതൽ പല കാരണത്താൽ അമ്മ മാനസിക സമ്മർദം അനുഭവിച്ചിരുന്നു. കാക്കനാടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പൂർണ മാനസികാരോഗ്യം വീണ്ടെടുക്കാൻ, ഭാരിച്ച ഉത്തരവാദിത്തമുള്ള ജോലികളിൽ നിന്ന് ഒഴിവാകണമെന്ന് ഡോക്ടറും നിർദ്ദേശിച്ചു. തുടർന്നാണ് ഹെഡ്‌മിസ്ട്രസായി ലഭിച്ച സ്ഥാനക്കയറ്റം റദ്ദാക്കി അദ്ധ്യാപിക തസ്തികയിൽ തുടരാൻ അനുവദിക്കണമെന്ന് അപേക്ഷ നൽകിയത്. അധികൃതരിൽ നിന്നു പരിഗണന ലഭിച്ചില്ല. ബന്ധപ്പെട്ട അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകും.' - കാർത്തിക് രമേശ്, മകൻ

'ശ്രീജയുടെ കാര്യത്തിൽ മാനുഷിക പരിഗണന നൽകണമായിരുന്നു. മുൻപ് പത്തനംതിട്ടയിലും മലപ്പുറത്തും സ്ഥാനക്കയറ്റം റദ്ദാക്കൽ നടന്നിട്ടുണ്ട്. റഫറൻസ് സാഹചര്യങ്ങൾ പരിശോധിച്ച ശേഷം മാത്രമാണ് അധികൃതർ ശ്രീജ ടീച്ചർക്ക് മറുപടി നൽകേണ്ടിയിരുന്നത്. ഇനി ഇങ്ങനെയൊരു സാഹചര്യം ആവർത്തിക്കരുത്.' - കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോ. വൈക്കം ഉപജില്ലാ കമ്മിറ്റി.