- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് പൊതുതാൽപര്യമുണ്ടെങ്കിൽ പോലും ഇനി ആരുടെയും വ്യക്തിഗത വിവരങ്ങൾ മറുപടിയായി ലഭിച്ചേക്കില്ല; പുതിയ ഡിജിറ്റൽ വ്യക്തി വിവര സുരക്ഷാ ബില്ലിന്റെ കരടിൽ ഈ വ്യവസ്ഥയും; ഡിജിറ്റൽ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള നീക്കം അഴിമതിക്കാരെ തുണച്ചേക്കും
ന്യൂഡൽഹി: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് പൊതുതാൽപര്യമുണ്ടെങ്കിൽ പോലും ഇനി ആരുടെയും വ്യക്തിഗത വിവരങ്ങൾ മറുപടിയായി ലഭിച്ചേക്കില്ല. പുതിയ ഡിജിറ്റൽ വ്യക്തി വിവര സുരക്ഷാ ബില്ലിന്റെ കരടിൽ ഇതു സംബന്ധിച്ച വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്. അഴിമതിക്കെതിരായ പോരാട്ടത്തിൽ നിർണ്ണായകമായിരുന്നു വിവരാവകാശ നിയമം. ഇത് അട്ടിമറിക്കുന്നതാണ് പുതിയ ഭേദഗതി.
വ്യക്തിഗത വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന കാരണത്താൽ മറുപടി നിഷേധിക്കാൻ പബ്ലിക് ഇൻഫർമേഷൻ ഓഫിസർമാർക്ക് വിശാലമായ അധികാരം നൽകുന്നതാണു വ്യവസ്ഥ. ഇതിനായി 2005ലെ വിവരാവകാശ നിയമത്തിന്റെ എട്ടാം വകുപ്പിൽ ഭേദഗതി നിർദ്ദേശിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകൾ ലംഘിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് 250 കോടി രൂപ വരെ പിഴ ഈടാക്കാനുള്ള വ്യവസ്ഥയും കരട് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 17 വരെ ജനങ്ങൾക്കു രേഖയിൽ അഭിപ്രായം പറയാം. പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.
2019 ലെ കരട് വ്യക്തിഗത ഡാറ്റ സംരക്ഷണ ബിൽ പ്രകാരം 15 കോടി രൂപ അല്ലെങ്കിൽ ഒരു സ്ഥാപനത്തിന്റെ ആഗോള വിറ്റുവരവിന്റെ നാലുശതമാനം പിഴയായിരുന്നു. ഡിജിറ്റൽ സ്വകാര്യതാ നിയമങ്ങൾ കൂടി പരിഗണിച്ചുകൊണ്ടാണ് ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ, 2022 എന്ന് പുനർനാമകരണം ചെയ്ത ബിൽ തയാറാക്കിയത്.
ഡിജിറ്റൽ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയാണ് ബിൽ ലക്ഷ്യമിടുന്നത്. ഡാറ്റ ശേഖരിക്കുന്നതിനുള്ള വ്യവസ്ഥകളും ഡാറ്റ പ്രോസസ്സ് ചെയ്യുന്ന ആളുകളുടെ സമ്മതവും ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ട്. ആരുടെയെങ്കിലും ഡാറ്റ എടുക്കുന്നതിന് മുമ്പ് കമ്പനി ആവശ്യപ്പെടുന്ന വ്യക്തിഗത ഡാറ്റയുടെ വിവരണവും അത്തരം വ്യക്തിഗത ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിന്റെ ഉദ്ദേശ്യവും ഉൾക്കൊള്ളുന്ന ഒരു നോട്ടീസ് നൽകണം.
'ഡാറ്റ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യ' എന്ന സ്വതന്ത്ര സ്ഥാപനത്തെ നിയമിക്കാൻ കേന്ദ്ര സർക്കാരിനെ കരട് ബിൽ അനുവദിക്കുന്നുണ്ട്. ഈ ബോർഡിന് ബില്ലിലെ വ്യവസ്ഥകളുടെ ലംഘനം പരിശോധിക്കാനും പിഴ ചുമത്താനും കഴിയും. വ്യക്തിഗത ഡാറ്റാ ലംഘനമുണ്ടായാൽ 250 കോടി രൂപ വരെ പിഴ അടയ്ക്കേണ്ടി വന്നേക്കാം. കുട്ടികളുടെ സ്വകാര്യ ഡാറ്റ പ്രോസസ്സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ വീഴ്ച വരുത്തിയാലും 250 കോടി രൂപ പിഴയായി നൽകേണ്ടി വരും.
സ്വകാര്യത സൂക്ഷിക്കുന്നതിലടക്കം ആശങ്കകൾ ഉയർത്തിയ മുൻ സമഗ്ര ഡാറ്റ സംരക്ഷണ ബിൽ നേരത്തെ പിൻവലിച്ചിരുന്നു. നേരത്തെ തയാറാക്കിയ കരടിൽ 91 വിഭാഗങ്ങളിലായി 88 ഭേദഗതികളാണ് സംയുക്ത പാർലമെന്ററി സമിതി നിർദ്ദേശിച്ചത്. ഇക്കാരണത്താലാണ് പഴയ ബിൽ പൂർണമായും പിൻവലിച്ച് പുതിയ ബിൽ അവതരിപ്പിക്കേണ്ടി വന്നതെന്നും കേന്ദ്ര സർക്കാർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ