- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ അവസാനം അടുത്തുവെന്ന് തിരിച്ചറിഞ്ഞ രാജ്ഞി മരണത്തിനു വേണ്ടി ഒരുങ്ങുകയായിരുന്നു; എലിസബത്ത് രാജ്ഞിയുടെ അവസാന നാളുകൾ മക്കളും എണ്ണിയെണ്ണി കഴിഞ്ഞു; മരണത്തിലേക്കുള്ള ബ്രിട്ടീഷ് രാജ്ഞിയുടെ ജീവിത കഥ പുറത്ത്
ലണ്ടൻ: ഏത് നിമിഷവും തന്നെ കൂട്ടിക്കൊണ്ടു പോകാൻ എത്തുന്ന മരണത്തെ സ്വാഗതം ചെയ്യുകയായിരുന്നു എലിസബത്ത് രാജ്ഞി തന്റെ അവസാന നാളുകളിലെന്ന് വെളിപ്പെടുത്തൽ. മരണത്തിനു മുൻപുള്ള വാരാന്ത്യമായ സെപ്റ്റംബർ 3 നും 4 നും രാജ്ഞി അത്യധികം ഉല്ലാസവതിയായിരുന്നു എന്ന് ആ നാളുകളിൽ രാജ്ഞിക്കൊപ്പമുണ്ടായിരുന്ന റൈറ്റ് റെവറണ്ട് ഡോ. ഇയാൻ ഗ്രീൻഷീൽഡ്സ് വെളിപ്പെടുത്തുന്നു. രാജ്ഞിയുടെ അവസാന നാളുകളിൽ രാജ്ഞിക്കൊപ്പം ബെൽമൊറാലിൽ ഗ്രീൻഷീൽഡ്സുമുണ്ടായിരുന്നു.
ശനിയാഴ്‌ച്ച രാത്രി രാജ്ഞിക്കൊപ്പം അത്താഴ വിരുന്നിൽ പങ്കെടുത്ത ഡോ. ഗ്രീൻഷീൽഡ്സ് ഞായറാഴ്‌ച്ച ബ്രേമറിലും കാത്തീ പാരിഷ് ചർച്ചിലും കുർബാനയിൽ പങ്കെടുക്കുകയും ചെയ്തു. പിന്നീട് ഞായറാഴ്‌ച്ച ഉച്ചക്ക് രാജ്ഞിക്കൊപ്പം തന്നെയായിരുന്നു അദ്ദേഹം ഭക്ഷണം കഴിച്ചതും. രാജ്ഞിയുടെ കുട്ടിക്കാലത്തേ കുറിച്ചും, അവരുടെ കുതിരകളെ കുറിച്ചും, പള്ളിക്കാര്യങ്ങളെ കുറിച്ചും ഒക്കെ സംസാരിച്ച രാജ്ഞി യുക്രെയിൻ പ്രതിസന്ധിയേ കുറിച്ച് വളരെയേറെ ദുഃഖിതയായി സംസാരിക്കുകയും ചെയ്തു.
എന്നും വർത്തമാനകാലത്തിൽ ജീവിച്ചിരുന്ന ഒരു വ്യക്തിത്വമായിരുന്നു എലിസബത്ത് രാജ്ഞി. എന്നാൽ, ഇടയ്ക്കൊക്കെ ഗതകാല സ്മരണകളിലേക്ക് ഊളിയിടുന്ന സ്വഭാവവും അവർക്കുണ്ടായിരുന്നു. ഭൂതകാല യാഥാർത്ഥ്യങ്ങൾ തന്നെ ഏറെ കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ടെന്ന് അവർ ഇടയ്ക്കിടെ പറയാറുമുണ്ടായിരുന്നു. ആ ദിവസങ്ങളിൽ രാജ്ഞി ഏറെ ഉല്ലാസവതിയും ഊർജ്ജസ്വലയുമായിരുന്നു എന്നും ഡോക്ടർ പറയുന്നു.
സെപ്റ്റംബർ 6 ചൊവ്വാഴ്‌ച്ച രാജ്ഞിയുടെ ഏറ്റവും പ്രിയപ്പെട്ട കുതിര പരിശീലകരിൽ ഒരാളായ ക്ലൈവ് കോക്സിനെ രാവിലെ 10 മണിക്ക് രാജ്ഞി വിളിച്ചു. തന്റെ ഏറ്റവും പുതിയ കുതിരയുടെ പരിശീലനവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ചോദിച്ചറിയുവാൻ വേണ്ടിയായിരുന്നു അത്. അന്ന് കുതിരകളെ പറ്റിയും കുതിരപന്തയങ്ങളെ പറ്റിയും ഏറെ സംസാരിക്കുകയും ചെയ്തു എന്ന് കോക്സ് പറയുന്നു. അന്ന് തിരക്കേറിയ ഒരു ദിവസമായിരുന്നു. ജോലിയിൽ നിന്നും വിരമിക്കുന്ന തന്റെ കമ്മ്യുണിക്കേഷൻ സെക്രട്ടറിയെ ആദരിക്കുന്ന ചടങ്ങുണ്ടായിരുന്നു. മാത്രമല്ല, തന്റെ ഔദ്യോഗിക ജീവിതത്തിനിടയിലെ 14-മത്തേയും 15- മത്തേയും പ്രധാനമന്ത്രിമാരുമായുള്ള കൂടിക്കാഴ്‌ച്ചയുമുണ്ടായിരുന്നു.
തൊട്ടടുത്ത ദിവസം, സെപ്റ്റംബർ 7 ന് രാജ്ഞിയുടെ ചിത്രം എല്ലാ പത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു. ആ മുഖത്ത് വാർദ്ധക്യം നിഴലിച്ചിരുന്നെങ്കിലും അവർ തീർത്തും ഉല്ലാസവതിയായിരുന്നു. കണ്ണടകൾക്ക് മുകളിലൂടെ ക്യാമറയിലേക്ക് നോക്കി തന്റെ സ്വതസിദ്ധമായ പുഞ്ചിരി അവർ പൊഴിക്കുന്നുണ്ടായിരുന്നു. അന്ന് മറ്റു രാജകുടുംബങ്ങൾക്കൊക്കെ തികച്ചും സാധാരണമായ ദിവസമായിരുന്നു. എന്നാൽ, ഉച്ചയോടെ സ്ഥിതിഗതികൾ മാറാൻ തുടങ്ങി.
പിറ്റേന്ന്, സെപ്റ്റംബർ 8 വ്യാഴാഴ്‌ച്ച ചില കിംവദന്തികൾ പ്രചരിക്കാൻ തുടങ്ങി. ഉച്ചക്ക് 12.42 ആയപ്പോഴേക്കും രാജ്ഞിയുടെ ആരോഗ്യസ്ഥിതി മോശമായതായി ബക്കിങ്ഹാം കൊട്ടാരം പത്രക്കുറിപ്പിറക്കി. കുടുംബാംഗങ്ങളെയെല്ലാം വിവരമറീയിച്ചു. മകൾ ആൻ രാജകുമാരി അമ്മക്ക് അരികിൽ തന്നെ ഉണ്ടായിരുന്നു. ഏറെ വൈകാതെ മറ്റു മക്കളും എത്തിച്ചേര്ന്നു. വൈകിട്ട് ആറര മണിയോടെ രാജ്ഞിയുടെ മരണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായി.
എലിസബത്ത് രാജ്ഞിയുടെ അവസാന മാസങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ജീവ്ചരിത്രം പുറത്തിറങ്ങിയിരിക്കുകയാണ്. എലിസബത്ത് ആൻ ഇന്റിമേറ്റ് പോർട്രേയ്റ്റ് എന്ന് പേരിട്ട ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത് ഗൈൽസ് ബ്രാൻഡെർത്ത് എന്ന എഴുത്തുകാരനാണ്. തന്റെ പ്രിയപ്പെട്ടവന്റെ മരണശേഷം രാജ്ഞി എങ്ങനെയാണ് ജീവിതവുമായി പൊരുത്തപ്പെട്ടതെന്നും അതിൽ വ്യക്തമാക്കുന്നു. രാജകുടുംബത്തിന്റെ ഉറ്റ സുഹൃത്തും ചരിത്രകാരനുമാണ് ഗ്രന്ഥകർത്താവ്.
2017-ൽ ഫിലിപ്പ് രാജകുമാരൻ ഔദ്യോഗിക ചുമതലകളിൽ നിന്നും വിരമിച്ചതിനു ശേഷം ആഴ്‌ച്ചകളോളം രാജ്ഞിയും രാജകുമാരനും തമ്മിൽ കാണാതിരുന്നിട്ടുണ്ട്. എന്നാലും, അവർ എന്നും ഫോണിൽ ബന്ധപ്പെടുമായിരുന്നു എന്ന് പുസ്തകത്തിൽ പറയുന്നു. എന്നാൽ, കോവിഡ് കാലം അവർക്ക് ഉർവശീ ശാപം ഉപകാരം എന്നതുപോലെയായിരുന്നു. അവർക്ക് ഏറെ നാൾ ഒരുമിച്ചു കഴിയുവാൻ ആ കാലത്ത് സാധിച്ചു.
മറുനാടന് മലയാളി ബ്യൂറോ